പാഠപുസ്തകം മാത്രമല്ല, മക്കളെ പഠിപ്പിക്കാം നല്ല ശീലങ്ങൾ Smartphone,  Speech Delays, Young Kids, Parents, Manorama Online

പാഠപുസ്തകം മാത്രമല്ല, മക്കളെ പഠിപ്പിക്കാം ഈ നല്ല ശീലങ്ങൾ

ഗായത്രി

കുട്ടികളുടെ വിദ്യാഭ്യാസത്തിനു കൊടുക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് നമ്മള്‍. എന്നാല്‍ വിദ്യാഭ്യാസം എന്നാല്‍ അക്കാദമിക് ശേഷി മാത്രമാണെന്ന തെറ്റിധാരണയും നമ്മില്‍ പലര്‍ക്കുമുണ്ട്. കണക്കും സയന്‍സും ട്യൂഷന്‍ നല്‍കി കുട്ടികളെ പഠിപ്പിക്കുന്ന നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചിലമേഖലകളുണ്ട്. ഒരു പക്ഷേ മാതാപിതാക്കളോളം ഒരു ട്യൂഷന്‍ മാസ്റ്റര്‍ക്കും പകര്‍ന്നു കൊടുക്കാന്‍ കഴിയാത്ത ചില ഗുണങ്ങള്‍.  

സഹവര്‍ത്തിത്വം
പരീക്ഷയ്ക്കിടയ്ക്കു പെന്‍സില്‍ ഒടിഞ്ഞ സുഹൃത്തിനു പെന്‍സില്‍ നല്‍കി സഹായിച്ച കാര്യം സന്തോഷത്തോടെ വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ വഴക്ക് പറഞ്ഞ് രക്ഷിതാക്കള്‍. പെന്‍സില്‍ കിട്ടാതെ അവന്‍ പരീക്ഷ എഴുതാതെയിരുന്നെങ്കില്‍ ഒന്നാം റാങ്ക് മോന് കിട്ടിയേനെ എന്ന ആഗ്രഹം കൊണ്ടു പറഞ്ഞന്നേയുള്ളു എന്ന് അമ്മ. അല്ലെങ്കിലും പെന്‍സിലും കട്ടറും ഒക്കെ നോക്കി എടുക്കേണ്ടിയിരുന്നത് കുഞ്ഞിന്‍റെ തന്നെ ഉത്തരവാദിത്വം ആയിരുന്നല്ലോ, ഇങ്ങനെ പോകുന്നു അച്ഛന്‍റെ ന്യായീകരണം.

ഇത് കേട്ട് വളരുന്ന കുട്ടി എന്താണ് മനസ്സിലാക്കുന്നത്?

ക്ലാസ്സില്‍  ഒന്നാം സ്ഥാനത്തു വരുക എന്നതു  മാത്രമാണ് കാര്യമെന്നും, സഹജീവികളെ സഹായിക്കുന്നത് മോശം കാര്യമാണെന്നും അവന്‍റെ കുഞ്ഞിമനസ്സില്‍ പതിയും. സഹാനുഭൂതിയും സഹവര്‍ത്തിത്വവും കുട്ടികളെ പഠിപ്പിക്കാന്‍ പങ്കുവയ്ക്കലുകള്‍ ശീലമാക്കാം. കുഞ്ഞ് ഒന്നല്ലേയുള്ളു എന്നുപറഞ്ഞു മിഠായി കുഞ്ഞിനെ ഒറ്റയ്ക്ക് കഴിപ്പിച്ചു ശീലിപ്പിക്കരുത്. മുത്തശ്ശനും മുത്തശ്ശിക്കും കൂട്ടുകാര്‍ക്കുമൊക്കെ മിഠായികളും കഥാപുസ്തകങ്ങളും ഒക്കെ പങ്കുവയ്പ്പിച്ചു ശീലിപ്പിക്കുക.

ആത്മാഭിമാനം
കുട്ടികളെ വഴക്ക് പറയുമ്പോള്‍ അവരുടെ ആത്മാഭിമാനം മുറിപ്പെടുത്തുന്ന വാക്കുകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? അവരെ മറ്റു കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്ത് കുറ്റപ്പെടുത്താറുണ്ടോ? ഇതെല്ലാം അവരില്‍ ഏല്‍പ്പിക്കുന്ന മാനസ്സികക്ഷതം ആത്മാഭിമാനത്തെ വികലമാക്കും. നല്ലകാര്യങ്ങള്‍ക്കു അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവരില്‍ അഭിമാനബോധം ഉയര്‍ത്താന്‍ സഹായിക്കും.

സ്വാശ്രയത്വം
ചെറിയ കുഞ്ഞല്ലേ, അവരെ കൊണ്ട് എങ്ങനെ പണിയെടുപ്പിക്കുമെന്നാ? കുട്ടികളില്‍ സ്വാശ്രയബോധം വളര്‍ത്തേണ്ട ആവശ്യകതയെ കുറിച്ച് പറയുമ്പോള്‍ രക്ഷിതാക്കളുടെ മറു ചോദ്യം ഇതാണ്? ഓടിനടന്നു കളിച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്നെ, കളിപ്പാട്ടങ്ങള്‍ കളികഴിഞ്ഞു തിരിച്ചു വയ്ക്കേണ്ട ഇടത്തു വയ്ക്കാന്‍ ശീലിപ്പിക്കാം. ഹോംവര്‍ക്ക് പ്രൊജക്റ്റുകള്‍ക്ക് സഹായിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതിന്‍റെ സമ്പൂര്‍ണ്ണ ചുമതല കുഞ്ഞിനു തന്നെയാവണം. ഇതുമാത്രമല്ല വൈകാരിക കാര്യങ്ങളിലും സ്വയം ആശ്വസിപ്പിക്കാനും പ്രശ്നങ്ങളെ നേരിടാനും ഉള്ള കരുത്തും കുഞ്ഞിനു പകര്‍ന്നു കൊടുക്കാന്‍ ശ്രദ്ധിക്കണം. ജീവിതത്തില്‍ എല്ലാ കാര്യവും എല്ലാകാലവും ചെയ്തു കൊടുക്കാന്‍ നിങ്ങള്‍ ഉണ്ടാവുകയില്ല എന്ന തിരിച്ചറിവാണ് ഇവിടെ പ്രധാനം.

കായികക്ഷമത
കളിക്കുന്ന കുഞ്ഞിനോട് പോയിരുന്നു പഠിക്കടാ എന്ന് പറഞ്ഞാണ് മലയാളികള്‍ക്ക് ശീലം. പറമ്പില്‍ ക്രിക്കറ്റ് കളിക്കുന്ന കുഞ്ഞിലും നമുക്ക് അഭിമാനം കംപ്യുട്ടറിലും ഐഫോണിലും ഗെയിം കളിയ്ക്കുന്ന കുഞ്ഞാണ്. ഇതിന്‍റെ ഫലമെന്നോണം വ്യായാമം എന്തെന്നറിയാത്ത മനസ്സുകളും ആരോഗ്യം എന്തെന്നറിയാത്ത ശരീരങ്ങളും പുതുതലമുറയുടെ അടയാളപ്പെടുത്തലുകളായി. ജോഗ്ഗിംഗ്, യോഗ, അങ്ങനെ എന്തെങ്കിലും ലഘുവ്യായാമം ആഴ്ചയില്‍ നാല് ദിവസമെങ്കിലും കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുക. ഗ്രൗണ്ടില്‍ ഇറങ്ങി ഓടിച്ചാടി കളിക്കാന്‍ അവരെ പ്രേരിപ്പിക്കുക. വീടിനടുത്തു പാര്‍ക്ക് ഉണ്ടെങ്കില്‍ പാര്‍ക്കില്‍ മറ്റു കുട്ടികളോടൊപ്പം കളിയ്ക്കാന്‍ പ്രത്യേകം സമയം അനുവദിക്കാം.  

ഉത്തരവാദിത്തബോധം
കുഞ്ഞു മനസ്സുകളില്‍ എങ്ങനെ ഉത്തരവാദിത്ത ബോധം വളര്‍ത്താം? ചെറിയപ്രായം മുതല്‍ക്കുതന്നെ പ്രായത്തിനു അനുസരിച്ച് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യിപ്പിക്കാം. ടൈം ടേബിള്‍ അനുസരിച്ച് പുസ്തകം ബാഗില്‍ വയ്ക്കുക, കളിച്ചു കഴിഞ്ഞു കളിപ്പാട്ടം വയ്ക്കേണ്ട സ്ഥാനത്തു വയ്ക്കുക, ഉടുപ്പുകള്‍ മടക്കിവയ്ക്കുക എന്നിങ്ങനെ കുഞ്ഞിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അവരുടെ പൂര്‍ണ്ണ ഉത്തരവാദിത്തത്തില്‍ ചെയ്യാന്‍ അനുവദിക്കുക.

കരുണ
കരുണയും സ്നേഹവും ഒക്കെ പ്രത്യേകം പഠിപ്പിക്കേണ്ടതുണ്ടോ എന്നാവും പലരുടെയും ചോദ്യം. കുഞ്ഞു മനസ്സുകളില്‍ സ്നേഹപാഠങ്ങള്‍ നിങ്ങള്‍ തന്നെയാണ് കാണിച്ചു കൊടുക്കേണ്ടത്.  വാക്കുകള്‍ക്കപ്പുറം അവരെ സ്വാധീനിക്കാന്‍ കഴിയുക അച്ഛനമ്മമാരുടെ പ്രവര്‍ത്തികള്‍ തന്നെയാണ്.