കൈതാങ്ങായി മാറിയ പ്രളയമെഴുത്ത്
മഞ്ജു പി.എം
പ്രളയം ഒഴുക്കിക്കൊണ്ടുപോയതിൽ ആയിരക്കണക്കിന് കുട്ടികളുടെ അക്ഷരങ്ങളുമുണ്ടായിരുന്നു. ഓണാവധിവരെ പഠിപ്പിച്ചു തീര്‍ന്ന പാഠഭാഗങ്ങളെ സ്കൂൾ ബാഗോടുകൂടി പ്രളയം കൊണ്ടുപോയപ്പോള്‍ കരഞ്ഞുകൊണ്ട് സങ്കടം പറയാൻ മാത്രമേ ബാധിതരായ കുട്ടികൾക്ക് കഴിഞ്ഞുള്ളൂ. അവരുടെ വിഷമമറിഞ്ഞ്, കോഴിക്കോട് അലൻസാർ ഓർഫനേജിലെ കുട്ടികളുടെ മനസ്സിലുദിച്ച ആശയമായിരുന്നു നോട്ട്ബുക്കുകൾ നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടി നോട്ടെഴുതിക്കൊടുത്ത് സഹായിക്കുക എന്ന നന്മ. ഇക്കാര്യം അവർ ടീം ഇൻക്യുബേഷൻ ഓർഗനൈസേഷനുമായി പങ്കുവെച്ചു. സൈക്കോളജി അദ്ധ്യാപകരുടെ കൂട്ടായ്മയായ ഈ ഓർഗനൈസേഷനിലൂടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങൾ മാറ്റിവെച്ചുകൊണ്ട് അലൻസാർ ഓർഫനേജിലെ കുട്ടികൾ തുടങ്ങിയ നോട്ട്ബുക്കിലേക്കുള്ള പകർത്തിയെഴുത്ത് ഒരാഴ്ചയ്ക്കുള്ളിൽ കേരളമാകെ പങ്കെടുത്ത കൈയെഴുത്ത് കാമ്പയിൻ ആയി മാറുകയായിരുന്നു.
ഈ കാമ്പയിനു വേണ്ടി കേരളസർക്കാറിന്റെ സ്കൂൾ സിലബസിൽ വരുന്ന നോട്ടുകൾ പിഡിഎഫ് രൂപത്തിലേക്ക് മാറ്റുകയും, എഴുതാന്‍ താൽപര്യപ്പെട്ടവർക്ക് അയച്ചു കൊടുക്കുകയുമാണ് ടീം ഇൻക്യുബേഷൻ ചെയ്തത്. സോഷ്യൽ മീഡിയയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയതായിരുന്നു കാമ്പയിൻ വിജയിക്കാൻ കാരണമായത്. ടീം ഇൻക്യുബേഷനിലെ അംഗങ്ങളും വൊളണ്ടിയേഴ്സും ചേർന്ന് വൈറൽ ആക്കിയ മെസ്സേജിന്റെ ചുരുക്കം ഇപ്രകാരമായിരുന്നു.
‘രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന വ്യക്തികളുടെ ചിത്രം കണ്ടിട്ട് തനിക്കൊന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന് ചിന്തിച്ച് സങ്കടപ്പെടുന്ന ഒരുപാട് പേരോട് സംസാരിക്കാൻ ഇടയായി. ഓണാവധി ആയതിനാൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് ചെയ്യാനാകുന്ന ഒരു കാര്യമാണ് പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ പുസ്തകങ്ങൾ എഴുതി കൊടുക്കുക എന്നത്. നിങ്ങൾ നല്ല കയ്യക്ഷരമുള്ള വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് പിഡിഎഫ് ആയിട്ട് ഞാൻ അയച്ചു തരുന്നത് നല്ലൊരു നോട്ടുപുസ്തകത്തിൽ എഴുതിയാൽ മതിയാകും. കേരള സിലബസ് പ്രകാരമുള്ള മലയാളം മീഡിയം നോട്ട്സ് ആണ് നമുക്ക് ആവശ്യം. ആഗസ്റ്റ് 26 രാത്രി ആകുമ്പോഴേക്കും ഇത് നിങ്ങൾക്ക് എഴുതി തീർക്കാനാകും എന്നുണ്ടെങ്കിൽ നിങ്ങൾക്കെന്നെ ബന്ധപ്പെടാം. സ്നേഹപൂർവ്വം (നിങ്ങളുടെ പേര്) എന്നെഴുതിയ ആ പുസ്തകം, നഷ്ടങ്ങളുടെ കണക്കുപറയുന്ന പാവം കുട്ടികളുടെ കൈകളിലേക്കെത്തുമ്പോൾ നിങ്ങളും കേരളത്തെ തിരിച്ചു കൊണ്ടുവരാൻ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയിൽ അംഗമായിരിക്കും. together we can എന്ന ഹാഷ്ടാഗോടു കൂടി പ്രചരിച്ച ഈ പോസ്റ്റിൽ അതാത് ടീം ഇൻക്യുബേഷൻ അംഗങ്ങളുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നു.
ആയിരക്കണക്കിന് ഫോൺകോളുകൾക്കായിരുന്നു ഓരോ അംഗങ്ങളും മറുപടി നൽകി കൊണ്ടിരുന്നത്. ഓണാവധി കഴിഞ്ഞ് സ്കൂളിൽ തിരിച്ചെത്തുന്ന കുട്ടികൾക്ക് അവർക്ക് നഷ്ടപ്പെട്ടു എന്ന് കരുതിയതൊക്കെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ പങ്കുചേരാനായിരുന്നു കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പരമാവധി എഴുതിതീർക്കുക എന്ന ലക്ഷ്യത്തോടെ ടീം ഇൻക്യുബേഷൻ പ്രവർത്തിച്ചത്. വൈകി മെസ്സേജ് കൈപ്പറ്റിയവർ എഴുതി തീർക്കാനാകില്ലല്ലോ എന്ന് വിഷമിക്കുകയും നോട്ട്ബുക്കുകളും, പെൻസിലുകളും പേനകളുമൊക്കെയായി അയച്ചു കൊടുക്കുകയും ചെയ്തു.
കോട്ടയം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജ് തുടങ്ങി നിരവധി കോളജുകളിലെ എൻ.എസ്സ്.എസ്സ്. യൂണിറ്റുകളും മറ്റും ‘നോട്ട്ബുക്ക് എഴുതാം’ കാമ്പയിനിൽ പങ്കാളികളായി. ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർ ഒത്തുചേർന്ന ഈ ഉദ്യമത്തില്‍ എല്ലാവരുടേയും പേരുകൾ പരാമർശിക്കുന്നത് ഔചിത്യമല്ലെങ്കിലും ചിലരെ എടുത്തു പറയാതിരിക്കാൻ കഴിയില്ല. കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നബീൽ മുഹമ്മദ് നേതൃത്വം നൽകിയപ്പോൾ, പാലക്കാട് ജില്ലയിലെ പ്രവർത്തനങ്ങൾ സ്വയമേറ്റെടുത്ത് ചെയ്തത് സജീവൻ എന്ന അദ്ധ്യാപകനായിരുന്നു. മാധ്യമപ്രവർത്തകനായ ഏല്യാസ് ജോൺ തിരുവനന്തപുരം ജില്ലയിൽ ‘പ്രളയമെഴുത്ത്’ എന്ന പേരിൽ നടത്തിയ ക്യാമ്പിൽ നൂറുകണക്കിനാളുകൾ എഴുതി.
അവസാന സമയമായിരുന്ന 29ന് ഒരു ദിവസത്തെ സാവകാശം ചോദിച്ചുകൊണ്ട്, കോഴിക്കോട് ചേവായൂർ ഭവൻസിലെ കുട്ടികൾ നൽകിയത് 3600നോട്ടുബുക്കുകളും ഒരു ബാഗ് നിറയെ സ്കെച്ച് പെന്നുകളുമായിരുന്നു. എഴുതിയതും അല്ലാത്തുമായ നോട്ടുബുക്കുകള്‍ ശേഖരിക്കാൻ എല്ലാ ജില്ലയിലും കളക്ഷൻ പോയിന്റുകൾ ഉണ്ടായിരുന്നു. ഈ കാമ്പയിൻ പൂർത്തിയായപ്പോൾ ഇരുപത്തിയാറായിരത്തിലധികം നോട്ടുബുക്കുകളും മറ്റ് പഠനോപകരണങ്ങളുമായിരുന്നു ടീം ഇൻക്യുബേഷന് ലഭിച്ചത്. ഇതിൽ പതിനായിരത്തിലേറെ ബുക്കുകളില്‍ കൈയെഴുത്തു പ്രതികളുമുണ്ടായിരുന്നു. സ്കൂൾ വിദ്യാർഥികൾക്ക് ഏറെ കഷ്ടതയനുഭവിക്കേണ്ടി വന്നത് ആലപ്പുഴ, വയനാട് ജില്ലകളിലാണെന്ന് കണ്ടറിഞ്ഞു മനസ്സിലാക്കിയതിനാൽ സമാഹരിച്ച സാധനങ്ങളത്രയും ആലപ്പുഴ ഡി.ഇ.ഒയ്ക്കും വയനാട് ജില്ലാ കളക്ടർക്കും കൈമാറുകയായിരുന്നു. സ്കൂളുകളിലേക്ക് അവിടെ നിന്നും അവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് ടീം അംഗമായ ആദിൽ അബൂബക്കർ പറയുന്നു.
സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച ഈ കാലഘട്ടത്തിൽ എഴുതികൊടുക്കുക എന്ന പഴഞ്ചൻ ആശയത്തെ കൂട്ടുപിടിച്ചതിന് പരിഹസിച്ചവർ നിരവധിയായിരുന്നു. ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്ത് കുട്ടികൾക്ക് കൊടുത്താൽ പോരേ. എത്ര സമയം ലാഭിക്കാവുന്ന കാര്യമാണ് എന്നായിരുന്നു പലർക്കും പറയാനുണ്ടായിരുന്നത്. എന്നാൽ കുട്ടികൾ ഉപയോഗിച്ചിരുന്ന രീതിയിൽ തന്നെ ബുക്കിലെഴുതി കൊടുക്കുമ്പോൾ തുടർന്നുള്ള ഭാഗങ്ങൾ എഴുതാനും സൂക്ഷിക്കാനും അവർക്ക് ഈ ഉദ്യമമായിരിക്കും ഏറെ സഹായകമാവുക. ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കാൻ അൻപതു രൂപ സംഭാവന ചെയ്യുന്നതിനേക്കാൾ ഒരാളുടെ മനസ്സിന് സന്തോഷം നൽകാൻ കഴിയുന്നത്, മറ്റൊരാൾക്ക് വേണ്ടി തന്റെ സമയവും പ്രയത്നവും വിനിയോഗിക്കാനായല്ലോ എന്ന മനോഭാവത്തിനാണ്, എന്ന മനഃശാസ്ത്രപരമായ സമീപനമായിരുന്നു ഈ കാമ്പയിനു പിന്നിൽ പ്രവർത്തിച്ചത്. ആലപ്പുഴ സ്വദേശിയായ ഹസ്ന അംഗവൈകല്യമുള്ളവളാണ്. എങ്കിലും ഇടതുകൈ കൊണ്ടായാലും ഒരു ബുക്കെങ്കിലും ഞാൻ എഴുതി നൽകാമെന്ന് പറഞ്ഞ് വിളിച്ച ആ കുട്ടിയുടെ വാക്കുകളും മനോഭാവവും എഴുതി തീർത്ത 4 ബുക്കുകളും ഈ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുകയായിരുന്നുവെന്ന് ആദിൽ പറഞ്ഞു.
കുട്ടികളും വീട്ടമ്മമാരുമൊക്കെയായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് മലയാളികൾ പങ്കെടുത്തുകൊണ്ട് ഒരു ബുക്കെഴുതിയും പന്ത്രണ്ടു ബുക്കെഴുതിയുമൊക്കെ ഒരേ മനസ്സോടെ പ്രവർത്തിച്ചപ്പോൾ അക്ഷരങ്ങളിലൂടെ തെളിഞ്ഞുവന്നത് മലയാളികളുടെ മനസ്സിലെ നന്മയാണ്. നവ നവ ആശയങ്ങളുമായി നവകേരളം ഉണരുകയാണ്.