നിങ്ങൾ

നിങ്ങൾ മൊബൈലിന് അടിമയാണോ?; തകരുന്നത് മക്കളുടെ ഭാവി !

ലക്ഷ്മി നാരായണൻ

കുട്ടികൾ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, അതുമൂലം ശാരീരികവും മാനസികവുമായ നിരവധി പ്രശ്നനങ്ങൾ അവർക്കുണ്ടാകുന്നു. മാത്രമല്ല, സ്‌ക്രീൻ ടൈം കൂടുന്നത് കുട്ടികളുടെ ചിന്തകളെ പോലും ബാധിക്കുന്നു തുടങ്ങിയ പല കാര്യങ്ങളും സമൂഹത്തിൽ പലവിധത്തിലും ചർച്ചയായിട്ടുണ്ട്. എന്നാൽ കുട്ടികളുടെ മൊബൈൽ ഉപയോഗത്തെയും സ്വഭാവ വൈകൃതങ്ങളെയും കുറിച്ച് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത് മാതാപിതാക്കളുടെ മൊബൈൽ അഡിക്ഷൻ ആണ് ഭൂരിഭാഗം കുട്ടികളെയും ഈ അവസ്ഥയിലേക്ക് എത്തിക്കുന്നതെന്നാണ്.

ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാം എന്ന് പറയുന്നത് പോലെയാണ് ഈ അവസ്ഥ. സ്വന്തമായി മൊബൈൽ ഉപയോഗം പരിമിതപ്പെടുത്താൻ കഴിയാത്ത ഒരു വ്യക്തി കുട്ടികളോട് മൊബൈൽ ഉപയോഗിക്കരുത് എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. വ്യക്തിബന്ധങ്ങൾ പരിശീലിപ്പിക്കേണ്ട പ്രായത്തിൽ മൊബൈൽ സ്‌ക്രീനിൽ കുട്ടികളെ തളച്ചിടുന്ന മാതാപിതാക്കളുടെ എണ്ണം വർധിച്ചു വരികയാണ്.

സ്‌കൂളിൽ പോയിത്തുടങ്ങുന്ന പ്രായത്തിനു മുൻപ് കുട്ടികൾ ഏറ്റവും കൂടുതൽ കാണുന്നതും പിന്തുടരാൻ ശ്രമിക്കുന്നതും മാതാപിതാക്കളെയാണ്. അവർ പഠിക്കുന്ന ഓരോ കാര്യങ്ങളും ചെയ്യുന്ന പ്രവർത്തികളും മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പ്രേരണയെ ആശ്രയിച്ചിരിക്കും. കുട്ടികളോടൊത്ത് സമയം ചെലവഴിക്കാതെ മൊബൈലിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപൃതരാകുന്ന മാതാപിതാക്കൾ മനസിലാക്കുക, കുട്ടികളും പിന്തുടരുക നിങ്ങൾ പോകുന്ന വഴിതന്നെയാണ്.

പലപ്പോഴും മാതാപിതാക്കൾക്ക് ഈ വിഷയം മനസിലാകുന്നില്ല എന്നതാണ് വാസ്തവം. കുട്ടികളെ അടക്കിയിരുത്തുന്നതിനും പറഞ്ഞാൽ അനുസരിപ്പിക്കുന്നതിനുമായി കയ്യിലേക്ക് മൊബൈൽ നൽകുമ്പോൾ കുട്ടികളോട് കാര്യങ്ങൾ തുറന്നു സംസാരിക്കാനും ചർച്ച ചെയ്യാനും അവരെ വാസ്തവം ബോധ്യപ്പെടുത്താനുമുള്ള അവസരമാണ് നിങ്ങൾ ഇല്ലാതാക്കുന്നത്. കൂടുതൽ സമയം മൊബൈലിൽ ചെലവഴിക്കുന്ന മാതാപിതാക്കൾക്ക് മക്കളോടും തിരിച്ച് മക്കൾക്ക് അവരോടുമുള്ള സമീപനത്തിൽ വ്യത്യാസം വരും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കുട്ടികൾ പറയുന്നത് ശ്രദ്ധിക്കാതെ മാതാപിതാക്കൾ മൊബൈൽ നോക്കിയിരിക്കുമ്പോൾ, കാര്യങ്ങൾ തുറന്നു പറയാനും ആവശ്യങ്ങൾ അറിയിക്കാനുമുള്ള മനസ് കുട്ടികൾക്ക് കൈമോശം വരുന്നു. അതോടൊപ്പം തന്നെ അമ്മമാരും അച്ചന്മാരും എത്രനേരം മൊബൈൽ ഉപയോഗിക്കുന്നുവോ അത്രയും സമയം മൊബൈൽ തങ്ങൾക്കും ഉപയോഗിക്കണമെന്ന് കുട്ടികൾ വാശിപിടിക്കുന്നു. തിരുത്താൻ ശ്രമിക്കുമ്പോൾ പല കുട്ടികളും അച്ഛനമ്മമാരുടെ മൊബൈൽ ഉപയോഗം ചോദ്യം ചെയ്യുന്ന അവസ്ഥയാണ്.

പഠനസംബന്ധമായ പ്രവർത്തനങ്ങൾക്കും സംശയനിവാരണങ്ങൾക്കുമെല്ലാം മൊബൈൽ ഉപയോഗിക്കുന്നത് തന്നെ തെറ്റായ രീതിയാണ്. തനിക്കാവശ്യമുള്ള എല്ലാ അറിവുകളും മൊബൈലിൽ ലഭ്യമാണ് എന്നത് കുട്ടികളുടെ വായനാശീലം, നിരീക്ഷണ പാഠവം, ഓർമശക്തി എന്നിവ കുറയുന്നതിന് കാരണമാകുന്നു. അതിനാൽ ഇത്തരത്തിലുള്ള ഒരവസ്ഥ ഒഴിവാക്കുന്നതിനായി മാതാപിതാക്കൾ സ്വമേധയാ ചില തീരുമാനങ്ങൾ എടുക്കുന്നതാണ് ഉചിതം.

1 എല്ലാവിധത്തിലുള്ള പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്കുമായി മൊബൈൽ ഉപയോഗിക്കാതിരിക്കുക
2 മൊബൈൽ ഉപയോഗം നിശ്ചിത സമയത്തേക്ക് പരിമിതപ്പെടുത്തുക.
3 നോട്ടിഫിക്കേഷനുകൾ വരുന്നത് ഒഴിവാക്കുക . അപ്പോൾ മൊബൈൽ ഉപയോഗത്തിന്റെ അളവും കുറയും.
4 ഫോൺ ഒട്ടും ഉപയോഗിക്കാത്ത, ഫോൺ ഫ്രീ പിരീഡുകൾ എല്ലാ ദിവസവും നടപ്പാക്കുക.
5 കിടപ്പുമുറിയിൽ നിന്നും ഫോൺ പരമാവധി അകറ്റി നിർത്തുക, അതുപോലെ കുട്ടികളെ പഠിപ്പിക്കുന്ന അവസ്ഥയിലും ഫോൺ ഉപയോഗിക്കാതിരിക്കുക.
6 കുട്ടികളെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിന്നും തടയുന്നതിന് മുൻപായി സ്വയം ചില തിരുത്തലുകൾ വരുത്തുക.