കുട്ടിയെ

കുട്ടിയെ 'വളർത്തി വഷളാക്കി' എന്ന പഴിവാക്ക് കേൾക്കാറുണ്ടോ ?

ലക്ഷ്മി നാരായണൻ



എല്ലാം ചെയ്തു കൊടുക്കുന്നതല്ല സ്നേഹം
വീട്ടിൽ ഒരു കുഞ്ഞുണ്ടായാൽ അതിനെ ഏതെല്ലാം വിധത്തിൽ സ്നേഹിക്കണം എന്ന ചിന്തയിലാണ് മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം. അവർക്കായി ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു നൽകാനും സമ്മാനങ്ങൾ നൽകാനും ആവശ്യപ്പെടുന്നതൊക്കെയും വാങ്ങി നൽകാനുമൊക്കെ ഓരോരുത്തരും പരസ്പരം വാശിയാണ്. എന്നാൽ ഇത്തരം സ്നേഹപ്രകടനങ്ങൾ അതിരുകടക്കാതെ സൂക്ഷിക്കുക എന്നൊരു കാര്യം കൂടിയുണ്ട്. കുട്ടികളെ സ്നേഹിക്കുകയെന്നാൽ അവർക്ക് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുക എന്നല്ല അർത്ഥം. അവരെ എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തരാക്കുക എന്നതാണ്. ചില കുട്ടികളുടെ സ്വഭാവം മോശമാകുമ്പോൾ, അനുസരണക്കേട് കാണിക്കുമ്പോൾ സ്ഥിരം കേൾക്കുന്ന പഴിയാണ് 'വളർത്തി വഷളാക്കി' എന്നത്. ഇത് കൂടുതലും കേൾക്കേണ്ടി വരുന്നതാകട്ടെ അമ്മമാർക്കുമാണ്. കുട്ടികൾക്ക് എല്ലാ കാര്യവും ചെയ്തു നൽകി അവരെ സ്വയം പര്യാപ്തരല്ലാതെയാക്കുന്നു എന്നതാണ് ഇതിനുള്ള കാരണം.

വാരിക്കൊടുക്കാൻ ഒരു പ്രായമുണ്ട്
'അമ്മ വാരി തന്നാലേ ഭക്ഷണം കഴിക്കൂ എന്ന് ഏറെ അഭിമാനത്തോടെ പറയുന്ന ചില കുട്ടികളുണ്ട്. കുട്ടിയുടെ ഈ സ്വഭാവത്തിൽ അമ്മമാർ അഭിമാനിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾ അറിയുന്നുണ്ടോ നിങ്ങളുടെ കുട്ടി ഇതിലൂടെ ഡിപെൻഡബിൾ ആകുകയാണ് എന്ന്. കുട്ടികൾക്ക് വാരിയൂട്ടാനും കിടത്തിയുറക്കാനും ഒക്കെ ഒരു പ്രായമുണ്ട്. പഠനങ്ങൾ വ്യക്തമാക്കുന്നത് മൂന്നു വയസ്സ് പ്രായം മുതൽക്ക് കുട്ടികൾ സ്വയം ആഹരിക്കാൻ പ്രാപ്തരാവണം എന്നാണ്.

അച്ചടക്കം പഠിക്കണം
കിടക്കാനുള്ള മുറി മാതാപിതാക്കൾ ഒരുക്കുന്നു, സ്‌കൂളിലേക്കുള്ള പുസ്തകങ്ങൾ 'അമ്മ എടുത്ത് വയ്ക്കുന്നു, 'അമ്മ തന്നെ ബാഗ് ഒരുക്കുന്നു, ഭക്ഷണം തയ്യാറാക്കി ബാഗിൽ വയ്ക്കുന്നു. ഈ രീതിയിൽ ഇടക്ക് ഒരു മാറ്റം വന്നെന്നു കരുതുക. കുട്ടി ദേഷ്യപ്പെടും എന്നുറപ്പ്. അവൻ അത് വരെ അനുഭവിച്ചു വരുന്ന സുഖസൗകര്യത്തിനാണ് ഇടിവ് വരുന്നത്. ബാഗിൽ പിസ്തകങ്ങൾ വയ്ക്കുക, റൂം വൃത്തിയാക്കുക, അടുക്കളയിൽ നിന്നും ടിഫിൻ ബോക്സ് ബാഗിലേക്ക് വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ അവർ സ്വയം ശീലിക്കട്ടെ. അങ്ങനെ വരുമ്പോൾ താൻ ചെയ്യുന്ന പ്രവർത്തി കൃത്യതയോടെ ചെയ്യാനും ഉത്തരവാദിത്വങ്ങൾ പങ്കിട്ട് ചെയ്യാനും അവർ പഠിക്കും

സ്വന്തം പാത്രം സ്വയം കഴുകണം
അഞ്ചാം വയസ്സ് മുതൽ സ്വന്തം പാത്രം സ്വയം കഴുകാനുള്ള പരിശീലനം നൽകണം. ഇതിന്റെ ഭാഗമായി ആദ്യകാലങ്ങളിൽ കഴിച്ച പാത്രം കുട്ടിയെക്കൊണ്ട് തന്നെ ഡൈനിംഗ് ടേബിളിൽ നിന്നും എടുത്ത് വാഷ് ബേസിനിൽ ഇടുവിക്കാം. അടുത്ത പടിയായി അവരോട് തന്നെ കഴുകാൻ ആവശ്യപ്പെടാം. ആദ്യകാലങ്ങളിൽ വൃത്തിക്കുറവ് സ്വാഭാവികമാണ്. എന്നാൽ പിന്നീട് അത് മാറും. ഈ പ്രവർത്തികൾ എല്ലാം തന്നെ അവരുടെ ഉത്തരവാദിത്വമാണെന്ന് പറയുക.

അലക്കും സ്വയം ആവാം
വ്യക്തിപരമായ കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാൻ പഠിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന്റെ ഭാഗമാണ് സ്വന്തം വസ്ത്രം കഴുകൽ എന്നത്. പത്ത് വയസ്സ് പ്രായം മുതൽക്ക് കുട്ടികളെ ഇതിനു പ്രാപ്തരാക്കണം. ചുരുങ്ങിയത് അടിവസ്ത്രമെങ്കിലും വൃത്തിയോടെ കഴുകിയിടാൻ അവരോട് പറയണം. ഉണങ്ങിയ വസ്ത്രങ്ങൾ എടുത്ത് വയ്ക്കുക, അലമാര അടക്കും ചിട്ടയുമായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഈ പ്രായത്തിൽ ശീലിപ്പിക്കാവുന്നതാണ്.

സഹജീവി സ്നേഹം
മറ്റുള്ളവർ തനിക്കായി എല്ലാം ചെയ്തു നൽകും എന്ന തോന്നൽ ചെറുപ്പം മുതൽക്ക് തന്നെ മാറ്റണം. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനുള്ള ആർജവം ഉണ്ടാകണം. ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർ കഴിച്ചോ എന്നു നോക്കുക, മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പെരുമാറുക, വീട്ടുജോലികളിൽ മറ്റുള്ളവരെ സഹായിക്കുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളെ എൻഗേജ്ഡ് ആക്കുക.

Summary : How parents can ruin their children