മാതൃത്വവും പ്രൊഫഷനും ഒപ്പത്തിനൊപ്പം ; ആറ് വഴികൾ
ജോലി ചെയ്യാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ ഇന്ന് വളരെ കുറവാണ്. സ്വന്തമായി അധ്വാനിച്ചു പണം സമ്പാദിക്കുന്നതിന്റെ സന്തോഷം അവർ അനുഭവിച്ചു കഴിഞ്ഞു. അതിനാൽ തന്നെ എന്നെന്നേക്കുമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നതിനെപ്പറ്റി ഇന്നത്തെ തലമുറയിൽപ്പെട്ട സ്ത്രീകൾക്ക് ചിന്തിക്കാനാവില്ല. എന്നാൽ വിവാഹം, പ്രസവം എന്നിവയെത്തുടർന്നു സ്ത്രീകൾക്ക് ജോലിയിൽ നിന്നും വിട്ടു നിൽക്കേണ്ടതായി വരുന്നു. തിരിച്ചു ജോലിയിൽ ചേരുന്ന അവസ്ഥയിലാകട്ടെ, കുഞ്ഞിനെ നോക്കലും ജോലിയും കൂടി ഭൂരിഭാഗം അമ്മമാരും സമ്മർദ്ധത്തിലാകുന്നു. ഈ അവസ്ഥ മറികടക്കുന്നതിനായി താഴെപ്പറയുന്ന വഴികൾ പരീക്ഷിക്കാവുന്നതാണ്. കുഞ്ഞിന് വിഷമമുണ്ടാക്കാതെ, കുഞ്ഞിനെ മിസ് ചെയ്യുന്ന അവസ്ഥയുണ്ടാക്കാതെ ജോലിയുമായി അമ്മമാർക്ക് മുന്നോട്ട് പോകാൻ ഈ ടിപ്സ് സഹായിച്ചേക്കും.
1. ഡേ പ്ലാനർ എന്ന തന്ത്രം - കുഞ്ഞുമായി ജോലിക്ക് പോയി തുടങ്ങുമ്പോൾ അമ്മമാർക്ക് കൃത്യനിഷ്ഠ ഒരു അനിവാര്യ ഘടകമാണ്. കുഞ്ഞിനെ ഡേ കെയറിൽ ആക്കിയാലും മാതാപിതാക്കളെ ഏൽപ്പിച്ചാലും ശരി കൃത്യമായി ഒരു സമയപരിധി വച്ച് അതിനുള്ളിൽ വീടെത്തുക. വൈകുന്നേരങ്ങൾ കൃത്യമായി അമ്മ മടങ്ങിയെത്തുന്നുണ്ട് എന്ന തോന്നൽ വന്നാൽ, പകൽ 'അമ്മ അടുത്തില്ല എന്ന അവസ്ഥയുമായി കുട്ടികൾ തദ്ദാമ്യം പ്രാപിക്കും
2. പങ്കാളിയുടെ പിന്തുണ - കുഞ്ഞുങ്ങളെ ഒറ്റക്കാക്കി ജോലിക്ക് പോകുന്ന അമ്മമാർ കടുത്ത മാനസിക സമ്മർദ്ധത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ ആദ്യമായി വേണ്ടത് ഈ അവസ്ഥ മനസിലാക്കി കൂടെ നില്ക്കാൻ കഴിയുന്ന ഒരു പങ്കാളി കൂടെ ഉണ്ടാകുക എന്നതാണ്. അതിനാൽ ഭർത്താവിന്റെ പിന്തുണ ആദ്യം നേടിയെടുക്കുക. കുഞ്ഞിനെ കൈമാറിയെടുക്കാനും ഭക്ഷണം തയ്യാറാക്കാനും അല്പം വൈകിയാൽ ഡേ കെയറിൽ നിന്നും കുഞ്ഞിനെ വിളിക്കാനും പങ്കാളി തയ്യാറാകണം
3. കുഞ്ഞിന് സമയം നൽകുക - കുഞ്ഞിന്റെ മാനസികമായ വളർച്ച നടക്കുന്ന പ്രായത്തിലാണ് കുഞ്ഞിൽ നിന്നും അമ്മമാർക്ക് ജോലിയുടെ പേരിൽ വിട്ടു നിൽക്കേണ്ടി വരുന്നത്. ഇത് വൈകാരികമായ ഒരു അകൽച്ചക്ക് വഴിവക്കരുത്. അതിനാൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം നിങ്ങളുടെ മുൻഗണന കുഞ്ഞിനായിരിക്കണം. അമ്മയെ മിസ് ചെയ്യുന്നു എന്ന തോന്നൽ കുഞ്ഞിനുണ്ടാകരുത്. കുഞ്ഞിന്റെ കൂടെ ചേർന്നിരിക്കാനും സമയം ചെലവിടാനും ശ്രദ്ധിക്കുക.
4. മറവി നന്നല്ല - എന്തു തിരക്കു കൊണ്ടാണെങ്കിലും കുഞ്ഞിന്റെ കാര്യത്തിൽ വീഴ്ച വരുത്തരുത്. അമ്മക്ക് തന്റെ കാര്യത്തിൽ ശ്രദ്ധയില്ല എന്ന് തോന്നിത്തുടങ്ങിയാൽ അത് മാറ്റിയെടുക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാര്യങ്ങൾ ഓർത്തുവയ്ക്കാൻ കഴിയാത്തവർ ദിനം പ്രതി ഒരു ഷെഡ്യൂൾ തയ്യാറാക്കി കുറിച്ച് വയ്ക്കുക.
5. ചെക്ക് ലിസ്റ്റ് തയ്യറാക്കാം - വിട്ടുവീഴ്ച കൂടാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ അതാത് ദിവസങ്ങളിൽ ചെയ്യാനുള്ള കാര്യം, ഭക്ഷണത്തിന്റെ മെനു, സ്വന്തം ആവശ്യങ്ങൾക്കും കുട്ടിയുടെ ആവശ്യങ്ങൾക്കുമായി നീക്കിവയ്ക്കുന്ന സമയം എന്നിവ കുറിച്ചിടുക. ഇത് കാര്യങ്ങൾ എളുപ്പത്തിൽ നടത്തുന്നതിന് സഹായിക്കും.
6. ബേബി ബാഗ് തയ്യാറാക്കി വയ്ക്കുക - കുട്ടികൾക്ക് എപ്പോഴാണ് പനി വരുന്നത്, എപ്പോഴാണ് വീഴുന്നത് തുടങ്ങിയ കാര്യങ്ങൾ ഒന്നും അറിയില്ല. അപ്പോൾ കുട്ടിയുടെ വസ്ത്രം, മരുന്നുകൾ, ഇഷ്ടപ്പെട്ട ടോയ്‌സ് എന്നിവ ചേർന്ന ഒരു ബാഗ് കിറ്റ് എപ്പോഴും തയ്യാറാക്കി വയ്ക്കുക