കട്ടക്കലിപ്പൻമാരെയും മെരുക്കാം, 5 സൂപ്പർ ടിപ്സ്!

വാശിക്കാരും കലിപ്പൻ‌മാരുമാണോ നിങ്ങളുടെ കുട്ടി. ദേഷ്യം വന്നാൽ മുന്നും പിന്നും നോക്കാത്ത പ്രകൃതമുള്ള ധാരാളം പേരുണ്ട്. കണ്ണിൽ കണ്ടസാധനങ്ങളൊക്കെ വലിച്ചെറിയുക, വായിൽ തോന്നിയത് വിളിച്ച് പറയുക, മറ്റുള്ളവരെ ദേഹോപദ്രവം ഏൽപ്പിക്കുക ഇങ്ങനെ പോകുന്നു ഇത്തരക്കാരുടെ കലാപരിപാടികൾ. കുട്ടികൾ ഇങ്ങനെയൊക്കെ പെരുമാറുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരിക്കാനേ പല മാതാപിതാക്കൾക്കും കഴിയൂ. എങ്ങനെ ഈ കലിപ്പൻമാരെ മെരുക്കണമെന്നറിയാതെ കുഴയുകയാണോ നിങ്ങള്‍? ഈ പിരിമുറുക്കവും ദേഷ്യവുമൊക്കെ മനുഷ്യ സഹജമാണനല്ലോ. അത് നിയന്ത്രിക്കുക എന്നതും മനുഷ്യന് സാധ്യമായ കാര്യം തന്നെയാണ്. അതിനായി ഇതാ അഞ്ച് സിംപിള്‍ ആന്‍ഡ് പവർഫുൾ വഴികൾ.

01. വീട്ടിനുള്ളിലെ ഏറ്റവും വലിയ മുറിക്കുള്ളിൽ 50 തവണ ഓടാൻ പറയുക. നൂറിൽ നിന്ന് താഴേക്ക് എണ്ണിക്കൊണ്ട് വേണം ഇത് ചെയ്യിക്കേണ്ടത്.. എണ്ണുന്നത് കൊണ്ട് മറ്റ് കാര്യങ്ങൾ ചിന്തിക്കാനും കഴിയില്ല. പതിയെ ആ ദേഷ്യത്തിൽ നിന്നവൻ മുക്തനാകുകയും ചെയ്യും.

02. ശബ്ദം അധികം പുറത്ത് കേൾക്കാത്ത ഒരു മുറിയിൽ കയറി ഉച്ചത്തില്‍ ആക്രാശിക്കുവാൻ ആവശ്യപ്പെടുക. മറ്റുള്ളവരുടെ മേൽ ദേഷ്യം തീർക്കാതെ സ്വയം അത് പുറത്തുകളയാനുള്ള ഒരു എളുപ്പവഴിയാണിത്.

03. പഴയ ന്യൂസ് പേപ്പറോ മറ്റോ കൊടുത്തിട്ട് അത് വളരെ ചെറിയ കക്ഷണങ്ങളാക്കി കീറി ഒരു കവറിലോ മറ്റോ ഇടാൻ പറയുക.

04. ശുദ്ധവായു കിട്ടുന്ന ജനാലയ്ക്കരികിൽ നിന്നുകൊണ്ട് അങ്ങ് ദൂരെയുള്ള കാഴ്ചകൾ ശ്രദ്ധിക്കാൻ ആവശ്യപ്പെടാം.

05. പാഴ്‌വസ്തുക്കൾ എന്തെങ്കിലും ദൂരേയ്ക്ക് എറിയാൻ കൊടുക്കാം, ചെടികൾക്ക് വളമിടാനോ നനയ്ക്കാനോ ഇത്തരക്കാരെ ഏൽപ്പിക്കുന്നത് വളരെ പ്രയോജനകരമാണ്.

കുട്ടിയുടെ പ്രകൃതം മാറിത്തുടങ്ങുമ്പോൾ തന്നെ വേണം ഈ വഴികൾ പ്രയോഗിക്കാൻ... അല്ലെങ്കിൽ ആകെ കുളമാകുമേ.. അതേ കലിപ്പൻമാരായ മാതാപിതാക്കൾക്കും ഈ ടിപ്സ് പ്രയോജനം ചെയ്യും കേട്ടോ...