ദുശ്ശാഠ്യം 5 വിധം; പൊന്നോമനയുടെ സ്വഭാവം മാറുന്നത് അറിയുന്നുണ്ടോ ?
ലക്ഷ്മി നാരായണൻ
'എന്റെ മോൻ അൽപം വാശിക്കാരനാണ്. എന്ത് ആഗ്രഹിച്ചാലും ഉടനടി നേടണം' അൽപം അഭിമാനത്തോടെ ഇങ്ങനെ പറയുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ടോ ? എന്നാൽ അറിഞ്ഞോളൂ കുട്ടികളിലെ വാശി അത്ര നിസാരമായി കാണാനുള്ള ഒന്നല്ല. വാശി എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ഈ സ്വഭാവം ദുശ്ശാഠ്യം എന്ന അവസ്ഥയിലേക്ക് മാറുന്നത് എപ്പോഴാണെന്ന് ഓരോ മാതാപിതാക്കളും മനസിലാക്കിയിരിക്കണം. ശാഠ്യം പിടിക്കുന്ന സ്വഭാവം തുടങ്ങുമ്പോൾ തന്നെ കുഞ്ഞ് ഏതു സാഹചര്യത്തിലാണ് ഇത്തരം പെരുമാറ്റം തുടങ്ങുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. കാരണം ദുശ്ശാഠ്യം പൊതുവെ അഞ്ച് തരത്തിലാണുള്ളത്. ഇതിൽ സ്വയം അപകടത്തിലാക്കുന്ന ദുശ്ശാഠ്യവും മറ്റുള്ളവരെ അപകടത്തിലാക്കുന്ന ദുശ്ശാഠ്യവും ഉൾപ്പെടുന്നു. അതിനാൽ വാശിക്കുടുക്കകളുടെ മാതാപിതാക്കൾ ദുശ്ശാഠ്യം എന്തെന്ന് അറിഞ്ഞിരിക്കുക.
അക്രമ സന്നദ്ധതയോടെയുള്ള ദുശ്ശാഠ്യം
ചില കുഞ്ഞുങ്ങൾ ഒരിക്കൽ ശാഠ്യം പിടിക്കുമ്പോൾ അവൻ / അവൾ വിചാരിച്ച കാര്യങ്ങൾ സാധിച്ചുകൊടുത്താൽ വീണ്ടും കാര്യങ്ങൾ സാധിച്ചെടുക്കാനുള്ള ആയുധമായി ഇത്തരം പെരുമാറ്റങ്ങൾ കാണിച്ചേക്കാം. കാര്യം സാധിച്ചില്ലെങ്കിൽ മാതാപിതാക്കളെ അടിക്കുക, കടിക്കുക, തൊഴിക്കുക തുടങ്ങിയ അക്രമങ്ങൾ അമിതമായി കാണിക്കുന്നു. കളിപ്പാട്ടങ്ങളും കയ്യിൽ കിട്ടുന്ന സാധനങ്ങളും എറിഞ്ഞുടയ്ക്കുന്നു. ഇത് അത്ര നിസാര പ്രശ്നമല്ല. പ്രധാനമായും എഡിഎച്ച്ഡി, വിഷാദം തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികളിലാണ് ഇത്തരം ദുശ്ശാഠ്യം കൂടുതലായി കാണുന്നത്.
സ്വയം വേദനിപ്പിക്കുന്ന ദുശ്ശാഠ്യം
ചില കുട്ടികൾ സന്തോഷം കണ്ടെത്തുന്നത് വാശിപിടിച്ച് സ്വയം വേദനിപ്പിക്കുമ്പോഴാണ്. ആവശ്യപ്പെട്ട കാര്യം മാതാപിതാക്കൾ ചെയ്തു കൊടുക്കാതിരിക്കുമ്പോൾ സ്വയം ശരീരത്തിൽ മുറിവേൽപ്പിക്കുക, തലക്കയ്ടിക്കുക, തൊലിപ്പുറം രക്തം വരുന്ന വിധത്തിൽ സ്വയം മാന്തുക, തല ശക്തിയായി ചുവരിൽ ഇടിക്കുക, സ്വയം കടിച്ചു മുറിക്കുക തുടങ്ങിയ പെരുമാറ്റങ്ങൾ ഇത്തരം ശാഠ്യത്തിന്റെ ഭാഗമാണ്. ഓട്ടിസം ഉള്ള കുഞ്ഞുങ്ങളിലും, മാനസിക സംഘർഷം അമിതമായുള്ള കുഞ്ഞുങ്ങളിലും ഇത്തരം സ്വഭാവം കാണാം
അനിയന്ത്രിതമായ ദുശ്ശാഠ്യം
സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഈ അവസ്ഥയിൽ കുട്ടികൾ താൻ വിചാരിച്ച കാര്യം നേടിയെടുക്കും വരെ വാശിയോടെ കരയുന്നു. ഇത് കുഞ്ഞിന് ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മാതാപിതാക്കളുടേയോ മറ്റുള്ളവരുടേയോ ഇടപെടൽ ഇല്ലാതെ ഇവരുടെ വാശി മാറ്റാൻ ആവില്ല. എഡിഎച്ച്ഡി പോലെയുള്ള നാഡീസംബന്ധമായ ക്രമക്കേട് ഉണ്ടാകാനുള്ള സാധ്യത ഇത്തരം കുട്ടികളിൽ കൂടുതലാണ്. രക്ഷിതാക്കളുടെ സാന്ത്വനവും പരിഗണനയുമാണ് ഇത്തരക്കാർക്കുള്ള പ്രധാന മരുന്ന്.
തുടർച്ചയായ ശാഠ്യം
നിത്യ ശാഠ്യക്കാരായ കുട്ടികൾ മാതാപിതാക്കൾക്ക് നൽകുന്ന തലവേദന ചെറുതൊന്നുമല്ല. ഒരു ദിവസം 10 തവണയിലേറെ ശാഠ്യം പിടിച്ച് കരയുക, ഒരു ആഴ്ചയിൽ പല പ്രാവശ്യം ഇതേ അവസ്ഥയുണ്ടാകുക, സ്‌കൂളിലും ഡെ കെയറിലും ഇതേ അവസ്ഥ തുടരുക തുടങ്ങിയ അവസ്ഥ പ്രത്യേക പരിഗണന അർഹിക്കുന്നു. എഡിഎച്ച്ഡി, സംസാര, ഭാഷാവികസന വൈകല്യം, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണങ്ങളുള്ള കുട്ടികളിലാണ് പ്രധാനമായും ഈ സ്വഭാവം കണ്ടു വരുന്നത്.
ദൈർഘ്യം കൂടിയ ശാഠ്യം
ആവശ്യപ്പെട്ട കാര്യങ്ങൾ നടക്കാതെ വരുമ്പോൾ, അല്ലെങ്കിൽ കുട്ടികൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി മാതാപിതാക്കൾക്ക് മനസിലാകാതെ വരുമ്പോൾ
20 മിനിട്ടിലേറെ നേരം കുട്ടി ശാഠ്യം പിടിച്ച് കരയുകയോ ബഹളം തുടരുകയോ ചെയ്യുന്നുണ്ടെങ്കിൽ കുഞ്ഞിന് വിദഗ്ധ നിരീക്ഷണം ആവശ്യമാണ്.
Summary : How to deal with temper tantrums