കുട്ടിയുടെ വാശിക്കു വഴങ്ങി കൊടുക്കാമോ?,   Childhood depression, Tantrums, Solutions, Parents,Teens, Children, Manorama Online

കുട്ടിയുടെ വാശിക്കു വഴങ്ങി കൊടുക്കാമോ?

ഒരു ചെരിപ്പ് വാങ്ങാൻ പോയതാണ് അമ്മ. ചെരിപ്പ് കടയുടെ അടുത്ത് ഒരു കളിപ്പാട്ട കട കണ്ടതോടെ മൂന്നു വയസുകാരി വാശി തുടങ്ങി. ഇപ്പോൾ ആ മഞ്ഞ പാവ വേണം. നിലത്തു കിടന്നുരുണ്ടു കരഞ്ഞ അവൾ ശാന്തയായത് ആ പാവ കയ്യിൽ കിട്ടി കഴിഞ്ഞാണ്‌. കുട്ടികളുടെ ഇങ്ങനെയുള്ള വാശിയും വഴക്കും പേടിച്ച്, പുറത്തുപോകുമ്പോൾ അവരെ വീട്ടിലാക്കി പോകുന്നവരാണ് മിക്ക അച്ഛനമ്മമാരും.

പൊതു സ്ഥലങ്ങളിലെ ഇത്തരം പിടിവാശികളെ എങ്ങനെ നിയന്ത്രിക്കാം എന്നു നോക്കാം.

മറ്റുള്ളവർ ശ്രദ്ധിച്ചു തുടങ്ങുമ്പോൾ നിങ്ങൾക്ക് സഹിക്കാൻ വയ്യാത്ത ദേഷ്യം വരുന്നത്‌ സ്വാഭാവികം. പക്ഷെ ആ സാഹചര്യത്തിൽ കുട്ടിയെ തല്ലുന്നതും ഒച്ചവയ്ക്കുന്നതും ഗുണം ചെയ്യില്ല. എത്രയും വേഗം ആ സ്ഥലത്തു നിന്നു വേറെ എങ്ങോട്ടെങ്കിലും മാറുകയാണ്‌ ഏറ്റവും നല്ലത്. കുട്ടി വരുന്നില്ലെങ്കിൽ നിങ്ങൾ ഉടനെ തന്നെ കുട്ടിയുടെ കൺ വെട്ടത്തു നിന്നു മാറുക. രണ്ടു മിനിറ്റിൽ കൂടുതൽ തനിച്ചു നിൽക്കാൻ ചെറിയ കുട്ടികൾക്ക് കഴിയില്ല. അവർ താനെ നിങ്ങളുടെ കൂടെ വരും.

കുട്ടി ശാന്തമായി കഴിയുമ്പോൾ എന്തു കൊണ്ടാണ് വാങ്ങി തരാഞ്ഞത് എന്നു ബോധ്യപ്പെടുത്തുക. കുട്ടിയോട് വീണ്ടും ദേഷ്യം കാണിക്കുകയോ തല്ലുകയോ ചെയ്യരുത്. ഓർക്കുക നിങ്ങളെ നാണം കെടുത്താനല്ല കുട്ടി അതു ചെയ്തത്. അവന്റെ കാര്യം സാധിക്കാനാണ്.

കുട്ടിയുടെ വാശിക്കു വഴങ്ങി കൊടുത്താൽ വീണ്ടും കാര്യം സാധിക്കാൻ അതേ തന്ത്രം പ്രയോഗിക്കും. അതുകൊണ്ടു എത്ര വാശി പിടിച്ചാലും വഴങ്ങി കൊടുക്കരുത്. 4-5 വയസ്സുള്ള കുട്ടിയാണെങ്കിൽ ഷോപ്പിംഗിന് പോകും മുൻപേ എന്തൊക്കെയാണ് വാങ്ങാൻ പോകുന്നതെന്ന് കുട്ടിയോടും പറയുക. ഇത്തവണ കളിപ്പാട്ടം വാങ്ങാൻ ഉദേശമില്ലെന്നും വഴക്കുണ്ടാക്കരുതെന്നും മുൻപേ പറയുക.