ഇങ്ങനെ പെരുമാറി നോക്കൂ, കുട്ടി മിടുമിടുക്കനാകും!
സ്ഥിരം കൊടുത്തുകൊണ്ടിരുന്ന ബിസ്കറ്റ് മാറ്റി പുതിയൊരെണ്ണം നൽകിയതാണ് അമ്മ. പക്ഷേ, വാവയ്ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. അതൊന്നു രുചിച്ചു നോക്കാൻ പോലും തയാറാകാതെ മാറ്റിവച്ചു അവൾ. പൊതുവേ കുട്ടികളിൽ പതിവുശീലങ്ങൾ രൂപപ്പെടുത്താൻ പ്രയാസമാണെങ്കിലും ചില കുട്ടികൾ മാറ്റങ്ങളെ ഒട്ടുംതന്നെ അംഗീകരിക്കില്ല. ചില കുട്ടികൾ അങ്ങനെയാണ് കൊച്ചു കൊച്ചു മാറ്റങ്ങളെ പോലും അവർ ഉൾക്കൊള്ളില്ല. കണ്ടുകൊണ്ടിരിക്കുന്ന ഒരു ടിവി പ്രോഗ്രാം തീർന്നാലും ടിവിയുടെ മുൻപിൽ നിന്ന് എഴുന്നേൽക്കില്ല, പാർക്കിലെ കളി തീർന്നു, വീട്ടിൽ പോകാം എന്നു പറഞ്ഞാൽ വാശി പിടിച്ചു കരയും. ഇങ്ങനെയുള്ള കുട്ടികളെ എങ്ങനെയാണ് പാട്ടിലാക്കേണ്ടതെന്നു നോക്കാം.
∙ മാറ്റം അറിയാതിരിക്കാൻ പതുക്കെ എന്തെങ്കിലും കാണിച്ചു ശ്രദ്ധ തിരിക്കുക. ഉദാഹരണത്തിന് ടിവി ഒാഫ് ചെയ്യുന്നതിനു തൊട്ടു മുൻപേ ബോളും ബാറ്റുമെടുത്ത് അടുത്തുവയ്ക്കുക.
∙ പുതിയത് എന്തെങ്കിലും ചെയ്യിപ്പിക്കും മുൻപേ അതിനേക്കുറിച്ച് വിശദീകരിച്ചു പറഞ്ഞുകൊടുക്കുക. അങ്ങനെ അപരിചിതത്വം മാറ്റാം. ഉദാഹരണത്തിന് പരിചയമില്ലാത്ത ഒരു വീട്ടിലേക്കു പോകും മുൻപേ അവിടെ പെരുമാറേണ്ടത് എങ്ങനെയെന്നും മറ്റും പറഞ്ഞുകൊടുക്കാം.
∙ സ്ഥിരം കഴിക്കുന്നതല്ലാത്ത ഭക്ഷണം നൽകും മുൻപേ അവന് ഇഷ്ടമുള്ള എന്തെങ്കിലും കളിപ്പാട്ടം നൽകുകയോ ടിവി പ്രോഗ്രാം വയ്ക്കുകയോ ചെയ്യുക. പരിചിതമായ കാര്യങ്ങൾ പുതിയ കാര്യങ്ങളേക്കുറിച്ചുള്ള ഉത്കണ്ഠ കുറയ്ക്കും.
∙ കുട്ടി ചെയ്ത പോസിറ്റീവായ കാര്യത്തെക്കുറിച്ച് എടുത്തുപറഞ്ഞ് അഭിനന്ദിക്കുക.
∙ ഒരു ആക്റ്റിവിറ്റി അവസാനിപ്പിക്കുന്നതിന് മുൻപേ തന്നെ അക്കാര്യം അറിയിക്കുക. ഉദാഹരണത്തിന് ഈ റൈഡ് കൂടി കഴിഞ്ഞാൽ നമ്മൾ പാർക്കിൽ നിന്നും പോകും എന്ന് കുട്ടിയോട് പറയാം
∙ പുതിയ സാഹചര്യങ്ങളോടും ആളുകളോടും ഇണങ്ങാൻ കുട്ടികൾക്ക് ഏറെ സമയം വേണ്ടിവരും എന്നോർക്കുക. എളുപ്പം ക്ഷമകെടുന്നതും ദേഷ്യപ്പെടുന്നതും ഗുണം ചെയ്യില്ല.
∙ ചില കുട്ടികൾ ഏതു മാറ്റത്തെയും ഈസിയായി എടുക്കും. എന്നുകരുതി അവരെ പാടെ ശ്രദ്ധിക്കാതെ പോകരുത്. ചെറിയ മാറ്റങ്ങളാണെങ്കിലും അവ അലോസരപ്പെടുത്തുന്നുണ്ടോ എന്ന് ഇടയ്ക്ക് അന്വേഷിക്കണം.
Summary : Good habits, Parents, Effets on Children