പഠിക്കാൻ മടിയുണ്ടോ? ആദ്യം മക്കളെ അടുത്തറിയാം
കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിത്തുടങ്ങിയാൽ പിന്നെ അമ്മമാർക്ക് ആശ്വാസമായി എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇതിൽ വല്ല വാസ്തവവുമുണ്ടോ? ഇല്ലെന്നാണ് സ്‌കൂളിൽ പോയിത്തുടങ്ങിയ കുസൃതിക്കുരുന്നുകളുള്ള അമ്മമാരുടെ പക്ഷം. കാരണം, സ്‌കൂളിൽ നിന്നും പഠിക്കുന്ന കാര്യങ്ങൾ വീട്ടിൽ വന്നു റിവിഷൻ ചെയ്യുമ്പോഴാണ് പ്രശ്നം. ഓട്ടം, ചാട്ടം, അടി, പിടി അങ്ങനെ പോകുന്നു കാര്യങ്ങൾ. സ്‌കൂളിൽ പഠിക്കാൻ മിടുക്ക് കാണിക്കുന്ന പല കുട്ടികളും വീട്ടിൽ 'അമ്മ പഠിപ്പിക്കാൻ ഇരുത്തുമ്പോൾ അനുസരിക്കുന്നില്ല എന്നത് സ്ഥിരം പരാതിയാണ്. ഇതിനുള്ള പരിഹാരം നിങ്ങളുടെ കുഞ്ഞുങ്ങളുടെ മനസും കഴിവുകളും മനസിലാക്കി അവരെ പഠിപ്പിക്കുക എന്നതാണ്. പഠിക്കാൻ മടിയുള്ള കുഞ്ഞുങ്ങളെ വരുതിയിലാക്കാൻ അമ്മമാർക്ക് ഇത്തരം ചില വിദ്യകൾ പരീക്ഷിക്കാം
1.വിശ്രമമാണ് പ്രധാനം
സ്‌കൂൾ വിട്ടു വന്ന ഉടനെ കുട്ടികളെ പഠിപ്പിക്കാൻ പിടിച്ചിരുത്തുന്നത് നന്നല്ല. അവർക്ക് കളിക്കാനും ഉറങ്ങാനും ഉള്ള സമയം നൽകുക. സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങുന്ന കുട്ടികൾ തുടക്കത്തിൽ ഒട്ടും ഇഷ്ടത്തോടെ ആയിരിക്കില്ല അത് ചെയ്യുന്നത്. അതിനാൽ സ്‌കൂൾ വിട്ട് എത്തിയ ശേഷം ഗാർഹികാന്തരീക്ഷത്തിലേക്ക് എത്താനുള്ള അവസരം അവർക്ക് നൽകുക
2.കളിയിലൂടെ പഠനം
കളിയ്ക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാകില്ല. അതിനാൽ അമ്മമാർക്കും കുഞ്ഞുങ്ങളോടൊപ്പം അൽപ നേരം കളിക്കാം. കളിക്കുന്നതിനിടക്ക് അവരെ മെല്ലെ പഠനത്തിലേക്ക് കൊണ്ടു വരാം. അത് പോലെ തന്നെ, പഠിച്ചു കഴിഞ്ഞാൽ കൂടുതൽ നേരം കളിക്കാനുള്ള അവസരം നൽകാം എന്ന് പറയുന്നതും കുഞ്ഞുങ്ങളെ പഠനം പൂർത്തിയാക്കാൻ സഹായിക്കും.
3. സ്‌കൂൾ വിശേഷങ്ങൾ കേൾക്കാനുള്ള മനസ്
സ്‌കൂളിൽ നിന്നും മടങ്ങി എത്തുന്ന കുഞ്ഞുങ്ങളെ ഉടനെ കൂടുതൽ പഠനഭാരം ഏൽപ്പിക്കാതെ അവരുടെ ക്ലാസിലെ വിശേഷങ്ങൾ കേൾക്കുക. കുട്ടികൾ കൂടുതൽ മനസ് തുറന്നു സംസാരിക്കുന്നതിനും അമ്മമാരോട് വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനും ഇത് സഹായിക്കും.
4. സ്വന്തം കുഞ്ഞുങ്ങളുടെ ഐ ക്യു മനസിലാക്കുക
ഓരോ കുഞ്ഞുങ്ങളുടേയും ഐ ക്യു ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. ചിലർക്ക് പഠിക്കാനുള്ള കഴിവ് കൂടുതലായിരിക്കും. എന്നാൽ വേറെ ചിലർക്കാകട്ടെ, കലകളോടായിരിക്കും പ്രിയം. അതിനാൽ ഇക്കാര്യം മനസിലാക്കി മാത്രം കുഞ്ഞുങ്ങളെ വിലയിരുത്തുക. പഠിക്കാൻ പിന്നിലാണ് എന്ന് കരുതി നിങ്ങളുടെ കുഞ്ഞു മോശക്കാരനാവണം എന്നില്ല.
5 താരതമ്യം ഒഴിവാക്കുക
പലപ്പോഴും മക്കളെ മിടുക്കന്മാരും മിടുക്കികളും ആക്കാൻ ശ്രമിക്കുന്ന അമ്മമാർക്കും അച്ഛന്മാർക്കും സംഭവിക്കുന്ന ഏറ്റവും വലിയ തെറ്റാണു കുഞ്ഞുങ്ങളെ മറ്റു കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യുക എന്നത്. ഇതിലൂടെ ചെറുപ്പം മുതൽക്ക് അവരുടെ മനസ്സിൽ അപകർഷതാബോധം വളരുന്നു