
കുട്ടിയുടെ പിടിവാശികളെ അവഗണിക്കാമോ?
ദേഷ്യം വന്നാൽ പിന്നെ അവനു കണ്ണു കണ്ടുകൂടാ...അതിഥികളുടെ മുൻപിൽ വച്ച് പൂപ്പാത്രം എറിഞ്ഞുപൊട്ടിച്ച നാലു വയസ്സുകാരന്റെ അമ്മ ജാള്യത ഒളിപ്പിച്ചു പറഞ്ഞു. മുതിർന്നവരേക്കാളും അരിശവും വൈകാരികപ്രതികരണങ്ങളും കാണിക്കുന്നവരാണ് ചില കുട്ടികൾ. അവരാഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കിൽ കയ്യിൽ കിട്ടുന്നത് എറിഞ്ഞുടയ്ക്കുക, അമ്മയെയോ അച്ഛനെയോ കടിക്കുക, നിലത്ത് കിടന്നുരുളുക എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. എങ്ങനെയാണ് കുട്ടികളുടെ ഇത്തരം വൈകാരികപ്രതികരണങ്ങളെ നിയന്ത്രിക്കേണ്ടത്? സ്വയം നിയന്ത്രിക്കാൻ അവരെ എങ്ങനെ പഠിപ്പിക്കാം?
∙ ഒരു വയസ്സിനു താഴെയുള്ള കുട്ടികൾ മറ്റുള്ളവരെ വേദനിപ്പിക്കാനല്ല കടിയ്ക്കുകയും മാന്തുകയും ഒക്കെ ചെയ്യുന്നത്. അവരുടെ വികാരങ്ങളെ സ്വയം നിയന്ത്രിക്കാനോ വാക്കുകളിലൂടെ പ്രകടിപ്പിക്കാനോ കഴിയാത്തതു മൂലമാണ്. . അച്ഛനമ്മമാരുടെ പ്രതികരണങ്ങളിൽ നിന്നാണ് ചെയ്യാവുന്നതും ചെയ്യരുതാത്തതും അവർ മനസ്സിലാക്കുക. അതുകൊണ്ട് ദേഷ്യപ്പെടാതെ ശക്തമായും ശാന്തമായും നോ പറയുക. ചെയ്യുന്ന പ്രവൃത്തിക നിർത്താൻ മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുക. ഉദാഹരണത്തിന് വിരൽ വായിൽ വയ്ക്കുന്ന കുട്ടിക്ക് ഒരു കിലുക്കി നൽകിയാൽ ശ്രദ്ധ അതിലാകും.
∙ ഒരു വയസ്സു കഴിഞ്ഞാൽ ശാന്തമായും ശക്തമായും ചെയ്ത കാര്യം തെറ്റാണെന്നു പറയുന്നതിനൊപ്പം ആംഗ്യഭാഷ കൂടി ഉപയോഗിക്കുക. നോ എന്നു പറയുന്നതിനൊപ്പം കൈ വിരലുകൾ നിഷേധാർഥത്തിൽ ചലിപ്പിക്കുക.
∙ കുട്ടിക്ക് വേണ്ടതെന്താണെന്ന് തനിക്കു മനസ്സിലായിട്ടുണ്ട് എന്നു ബോധ്യപ്പെടുത്തുക. കളിച്ചതു മതി എന്നു പറഞ്ഞതാണ് നിന്നെ ദേഷ്യപ്പെടുത്തിയതെന്ന് അറിയാം. പക്ഷേ അതിന് ഗ്ലാസ്സ് പൊട്ടിച്ചത് ശരിയായില്ല എന്നു പറയുക.
∙ വീട്ടിനകത്ത് ഭാരമുള്ള പന്തെറിഞ്ഞ് കളിക്കുന്ന കുട്ടിക്ക് പകരം സ്പോഞ്ച് ബോൾ വാങ്ങി നൽകി അതുകൊണ്ട് കളിക്കാൻ പറയാം.
∙ ദേഷ്യത്തെ മറ്റു ഉപദ്രവകരമല്ലാത്ത രീതിയിൽ പ്രകടിപ്പിച്ചു തീർക്കാൻ പറയാം. ഉദാഹരണത്തിന് ദേഷ്യം വരുമ്പോൾ ഒന്നു മുതൽ 10 വരെ എണ്ണാം, പ്രിയപ്പെട്ട പാവക്കുട്ടിയെ കെട്ടിപ്പിടിച്ച് ശാന്തമാകാം...
∙ ഏറ്റവും പ്രയോജനകരമായ മാർഗം കുട്ടിയുടെ പിടിവാശികളെ അവഗണിക്കുകയാണ്. കുട്ടി ദേഷ്യപ്പെടുകയോ അലറിക്കരയുകയോ ചെയ്യുമ്പോൾ അവിടെ നിന്നു മാറിപ്പോവുക. കാണാനാളില്ലെങ്കിൽ കുട്ടി തനിയെ ശാന്തമാകും. കുറച്ചുകൂടി ചെറിയ കുട്ടിയാണെങ്കിൽ കുട്ടിക്ക് താൽപര്യമുള്ള മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാം.
Summary : Tantrum, Parents, Effets on Children