മടിയൻമാരായ കുട്ടികളെ മിടുക്കരാക്കാം; സൂപ്പർ വഴികൾ
കുട്ടികൾ പല വിധമാണ്. ചിലർക്ക് എപ്പോഴും പുറത്തൊക്കെ പോകാനും കൂട്ടുകാരുമൊത്ത് കളിക്കാനും ഒത്തിരി ഇഷ്ടമാണ്, മറ്റ് ചിലരാകട്ടെ പുറത്ത് പോയി കളിക്കാനൊക്കെ മടിയുള്ളവരും എവിടെയെങ്കിലും ചടഞ്ഞ് കൂടിയിരിക്കാൻ ഇഷ്ടപ്പെടുന്നവരുമാകും. ഇത്തരക്കാരെ ഒരു പരിധിവരെ മടിയൻമാരെന്നു തന്നെ വിളിക്കാം. മറ്റുള്ളവരുമായി ഇടപഴകാൻ മടിയുള്ള ഇവർ പഠനത്തിലോ മറ്റു കാര്യങ്ങളിലോ മുഴുകുന്നവരാകാം. എന്നാൽ ഓടിച്ചാടി നടക്കുന്ന കുട്ടികൾ കൂടുതൽ ആരോഗ്യവാൻമാരായിരിക്കും. ഇങ്ങനെ ഒരു കൊക്കൂണിൽ ഒളിച്ചിരിക്കുന്ന കുട്ടികളെ ചുറുചുറുക്കുള്ളവരാക്കാൻ ഇതാ ചില സൂപ്പർ വഴികൾ.
വീട്ടുജോലികൾ ഏൽപ്പിക്കാം
ഒരു വീട്ടിൽ നൂറായിരം പണികളുണ്ടാകും, അതിൽ കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ പണികൾ അവരെ ഏൽപ്പിക്കാം. അടുക്കളയിൽ സഹായിയായി കൂട്ടാം, ചെടിനനയ്ക്കാൻ ഏൽപ്പിക്കാം. സാധനങ്ങൾ വാങ്ങാൻ തൊട്ടടുത്ത കടയിലേയക്ക് അയയ്ക്കാം, ഒറ്റ ഓട്ടത്തിന് കടയിൽ പോയി വരാൻ ഒന്നു പറഞ്ഞു നോക്കൂ.
സ്പോർട്സ് ക്ളബിൽ ചേർക്കാം
കുട്ടികളെ ചുറുചുറുക്കും ആരോഗ്യവാൻമാരുമുള്ളതാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് സ്പോർട്സ്. അവർക്ക് താല്പര്യമുള്ള കായികയിനങ്ങൾക്കു ചേർക്കാം. മടികാണിച്ചാൽ സ്പോർസിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കാം.
കൂട്ടുകാരുടെ സഹായം തേടാം
ഇത്തരം കുട്ടികളുടെ കൂട്ടുകാരുമായി ഒന്നു സംസാരിച്ചു നോക്കൂ, അവർ സ്കൂളിലും ഇങ്ങനെയൊക്കെ തന്നെയാണോയെന്ന്. അവരുടെ താല്പര്യങ്ങൾ നിങ്ങളേക്കാൾ ചിലപ്പോൾ കൂട്ടുകാർക്കാവും അറിയാൻ കഴിയുക.
അദ്ധ്യാപകരുമായി സംസാരിക്കാം
കൂട്ടുകാരുടെ സഹായത്തിന് ശേഷം അവരുടെ അദ്ധ്യാപകരുമായും സംസാരിക്കാം. അവരെ ആക്റ്റീവാക്കാൻ അദ്ധ്യാപകരുടെ സഹായം തേടാൻ മടിക്കേണ്ട. ദിവസത്തിന്റെ നല്ലൊരു ഭാഗം സ്കൂളിലാണല്ലോ അവർ ചിലവഴിക്കുന്നത്. കായിക അദ്ധ്യാപകരോട് കുട്ടിയുടെ സ്വഭാവരീതിയും മറ്റും പറയാം. കുട്ടിയെ കൂടുതൽ ആക്റ്റിവിറ്റികളിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടാം.
ഇടയ്ക്ക് പുറത്തുകൊണ്ടുപോകാം
എപ്പോഴും വീട്ടിനുള്ളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്ന കുട്ടികളെ ഇടയ്ക്ക് ഔട്ടിംങിന് കൊണ്ടുപോകാം. എന്തെങ്കിലും ഔട്ട്ഡോർ ആക്റ്റിവിറ്റിയും പ്ളാൻ ചെയ്യാം. അതിന് വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്യാൻ കുട്ടിയെ ഏൽപ്പിക്കാം. നന്നായി ചെയ്താൽ അഭിനന്ദിക്കാം സമ്മാനങ്ങളും നല്‍കാം. അതവരെ ഉത്സാഹികളാക്കും. ഇതുപോലെ ഒരുപാട് മാർഗങ്ങളുണ്ട് മടിയൻമാരെ മിടുക്കരാക്കാൻ. ഓരോകുട്ടിയുടെയും പ്രായവും സ്വഭാവരീതികളും അനുസരിച്ച് ഉചിതമായ മാർഗം സ്വീകരിക്കാം.