കുട്ടികൾ ചീത്തവാക്കുകൾ പറയുമ്പോൾ ചെയ്യേണ്ടത്

മഞ്ജു പി.എം.

കുഞ്ഞുങ്ങൾ ജനിക്കുന്ന നിമിഷം മുതൽ അവർ ഭാഷ പഠിക്കാൻ തുടങ്ങുന്നുണ്ട്. ചുറ്റുമുള്ളവരുടെ സംഭാഷണങ്ങൾ കേട്ടുകൊണ്ടാണ് അവർ വളരാൻ തുടങ്ങുന്നത്. ‘മ’ എന്നക്ഷരം പറഞ്ഞു തുടങ്ങുന്ന അവരുടെ പദസഞ്ചയം ക്രമേണ കൂടിവരികയും കൂടുതൽ വാക്കുകളിലൂടെ കുഞ്ഞുങ്ങൾ ആവശ്യങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

കുഞ്ഞുകുട്ടികളുടെ വർത്തമാനം കേട്ടുകൊണ്ടിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അവർ നിഷ്കളങ്കമായി കൊഞ്ചി പറയുന്നത് പാരന്റ്സ് മാത്രമല്ല ആസ്വദിക്കുന്നത്. എന്നാല്‍ കുഞ്ഞുങ്ങൾ മൂന്നോ നാലോ വയസ്സിലേക്കെത്തുമ്പോൾ ചീത്തവാക്കുകൾ പറയാൻ തുടങ്ങുകയും അത് കേട്ട് പാരന്റ്സ് അതിയായി ലജ്ജിക്കുകയും ചെയ്യും. ഒരിക്കൽ എന്തെങ്കിലും ചീത്തവാക്കുകൾ കുട്ടികൾ പറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, പിന്നീട് പാരന്റ്സ് ആകെ അസ്വസ്ഥരായിരിക്കും. ഇതേ വാക്കുകൾ ഇനി എവിടെ എപ്പോൾ ആരുടെ മുന്നിലാണാവോ മക്കൾ ആവർത്തിക്കുക എന്ന ചിന്ത പാരന്റ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും.

ചീത്തവാക്കുകൾ ഇടയ്ക്കിടെ പറയുന്നവരാണ് നിങ്ങളുടെ മക്കളെങ്കിൽ, പൊതുസ്ഥലങ്ങളിൽ വച്ച് കുട്ടികൾ സംസാരിക്കാൻ തുടങ്ങുമ്പോഴേ നിങ്ങൾ വല്ലാതെ ആശങ്കപ്പെടാറുണ്ടോ? കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ പരിപാടികളിൽ പങ്കെടുക്കുമ്പോള്‍ മക്കളെ മാറ്റിനിർത്തി, ‘മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് നിങ്ങൾ അടക്കം പറയാറുണ്ടോ? നിലവാരമില്ലാത്തതും സഭ്യതയ്ക്ക് നിരക്കാത്തതുമായ വാക്കുകൾ കുട്ടികൾ പറയുമ്പോൾ ഈ സ്വഭാവം മാറ്റിയെടുക്കാൻ പറ്റുമോ എന്നോർത്ത് നിങ്ങൾ നിരാശപ്പെടാറുണ്ടോ? ഈ ലേഖനം മുഴുവനായി വായിച്ചു തീർക്കാൻ അൽപം ക്ഷമ കാണിച്ചാൽ എങ്ങനെയാണ് നിങ്ങളുടെ മക്കൾ ചീത്തവാക്കുകൾ പഠിച്ചതെന്നും, എന്തുകൊണ്ടാണ് അത് പറയുന്നതെന്നും, ഈ ശീലം മാറ്റിയെടുക്കാൻ എന്തൊക്കെ ചെയ്യണമെന്നും നിങ്ങൾക്ക് മനസ്സിലാക്കാനാകും.

എങ്ങനെയാണ് കുട്ടികൾ ചീത്തവാക്കുകൾ പഠിക്കുന്നത്

സാധാരണഗതിയിൽ കുട്ടികൾ ചീത്തവാക്കുകള്‍ പഠിക്കുന്നത് അവരുടെ ചുറ്റുപാടുമുള്ള മുതിർന്നവരില്‍ നിന്നു തന്നെയാണ്. പക്ഷേ, എപ്പോഴും മുതിർന്നവരെ പഴിചാരാനും പറ്റില്ല. സമപ്രായക്കാരിൽ നിന്നുമാകാം. അവർക്ക് എവിടെനിന്നു കിട്ടി? ദേഷ്യവും വെറുപ്പും നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ മുതിർന്നവർ പ്രകടിപ്പിക്കുന്ന ഭാഷയിൽ നിന്നുതന്നെ. ഇപ്പോഴത്തെ കുട്ടികൾ ടെലിവിഷനും ഇന്റർനെറ്റിനും മുന്നിൽ ഏറെനേരം ചെലവഴിക്കുന്നവരാണ്. സഭ്യതയ്ക്കു നിരക്കാത്ത നിരവധി വാക്കുകൾ ഈ രീതിയിലും ലഭിക്കുന്നുണ്ടല്ലോ.

ദൈനംദിന ഭാഷയിൽ നിന്ദിച്ചുകൊണ്ടുള്ള ഒരു വാക്കെങ്കിലും കുട്ടികൾ പറയുന്നു എന്നത് ഏറെ അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. രണ്ടുവയസ്സു മുതൽ അസഭ്യമായ ഒരു വാക്കെങ്കിലും ഒരു കുട്ടി പഠിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത് എന്നാണ് കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഭാഷാപണ്ഡിതയായ ഡോ. മെല്ലിസ മൊഹർ പറയുന്നത്.

എന്തുകൊണ്ടാണ് കുട്ടികൾ ചീത്തവാക്കുകള്‍ പറയുന്നത്

മറ്റുള്ളവരെ നിന്ദിച്ചുകൊണ്ട് ചീത്തവാക്കുകള്‍ പറയുന്നതിന് കുട്ടികളുടെ പക്ഷത്ത് നിരവധി വ്യത്യസ്ത കാരണങ്ങളുണ്ടാകാം. ചില കൂട്ടുകെട്ടുകളിൽ ചീത്ത വാക്കുകൾ ഉപയോഗിക്കുന്നവരാണ് ഉള്ളതെങ്കിൽ അവർക്കിടയിലെ സാധാരണ സംഭാഷണങ്ങളിലും അസ്വാഭാവികതയോടെ ഇത്തരം വാക്കുകൾ പറഞ്ഞുപോകും. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടിയും, ഒരു രസത്തിനു വേണ്ടിയും, മറ്റുള്ളവരെ അനുകരിച്ചുകൊണ്ടും, മറ്റുള്ളവരുടെ മനസ്സിനെ മനഃപ്പൂർവ്വം വിഷമിപ്പിക്കുന്നതിനു വേണ്ടിയുമൊക്കെയാണ് കുട്ടികൾ ചീത്തവാക്കുകൾ പറയുന്നത്. എന്നാൽ ആ വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയാൽ ഇതൊന്നും പ്രയോഗിക്കേണ്ട ആവശ്യമില്ലെന്ന് കുട്ടികൾക്ക് മനസ്സിലായിക്കോളും.

പാരന്റ്സ് എന്താണ് ചെയ്യേണ്ടത്?

കുട്ടികൾ ചീത്തവാക്കുകൾ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് അവരോട് പ്രതികരിക്കുന്നത്? ഈ ദുശ്ശീലം അവരിൽ നിന്ന് മാറ്റിയെടുക്കണമെന്നാണോ, ഇതൊന്നും ഒരു പ്രശ്നമല്ല തുടർന്നോട്ടെ എന്നാണോ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്? നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് ഇവിടെ പറയാം.

∙ കുട്ടികൾ ചീത്തവാക്കുകള്‍ പറയുന്നത് കേൾക്കുമ്പോൾ അമിതമായി ക്ഷോഭിക്കുകയോ, അവരുടെ ഈ സ്വഭാവത്തെക്കുറിച്ചോർത്ത് മനസ്സ് വിഷമിപ്പിക്കുകയോ അല്ല വേണ്ടത്. വളരെ ശാന്തമായിട്ട് അവരോട് പറഞ്ഞു കൊടുക്കുക ഇങ്ങനെയൊന്നും ഈ പ്രായത്തിൽ പറയാൻ പാടില്ല. വളരെ മോശപ്പെട്ട കുട്ടിയായേ മറ്റുള്ളവർ നിന്നെ കാണൂ. അവർ ഉപയോഗിച്ച വാക്കിന് പകരം പറയാവുന്ന നല്ല ഒരു വാക്ക് പറഞ്ഞുകൊടുത്തുകൊണ്ട് കുട്ടിയോട് പറയുക ‘ഇങ്ങനെ പറഞ്ഞാലും പോരേ, ആ വാക്ക് ഇനി ഉപയോഗിക്കരുത്.’

കുട്ടികളുടെ വായിൽ നിന്ന് ചില നേരങ്ങളിൽ വരുന്ന വാക്കുകൾ കേട്ട് ക്ഷോഭിക്കുന്നതോടൊപ്പം അവരെ ശിക്ഷിക്കുക കൂടി ചെയ്യുന്നവരാണ് മിക്ക പാരന്റ്സും. എന്നാൽ ആ പെരുമാറ്റത്തിലൂടെ കുട്ടി മനസ്സിലാക്കുന്നത് എന്താണെന്നോ, ‘പാരന്റ്സിനെ പ്രകോപിപ്പിക്കാൻ നല്ല മാർഗ്ഗം ഈ വാക്കുകൾ പറയുന്നതാണല്ലോ’ എന്നായിരിക്കും. ശകാരിച്ചതുകൊണ്ടോ അടിച്ചതുകൊണ്ടോ ഈ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ല. തൽക്കാലത്തേക്ക് മക്കളെയൊന്ന് പേടിപ്പിക്കാമെന്ന് മാത്രം. കുട്ടികൾ വളരെ ശാന്തരായി നിങ്ങളോട് പെരുമാറുന്ന സമയത്തായിരിക്കണം ഇതേക്കുറിച്ച് നിങ്ങൾ ഉപദേശിക്കേണ്ടത്, എന്നാണ് കുട്ടികളുടെ മനഃശാസ്ത്രജ്‍ഞയായ മിന ദിലീപ് പറയുന്നത്.

∙ കുട്ടികൾ പറയുന്ന ചീത്തവാക്കുകള്‍ കേട്ട് നിങ്ങള്‍ ചിരിക്കരുത്. ചിരിച്ചാൽ അത് അവർക്ക് പ്രോത്സാഹനമേകും. പിന്നീട് നിങ്ങളെ ചിരിപ്പിക്കുന്നതിനു വേണ്ടി അവർ ആ വാക്കുകൾ പറയുന്നത് ആവർത്തിക്കും.

∙ കുട്ടികൾ ടിവിയിലും ഇന്റർനെറ്റിലുമൊക്കെ എന്തൊക്ക പരിപാടികളാണ് കാണുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അസഭ്യവാക്കുകളുടെ പ്രയോഗത്തിൽ പൂർണമായ സെൻസറിംഗ് ഒന്നും ഇന്ന് സിനിമയിൽ നടക്കുന്നില്ല. അതുകൊണ്ട് നല്ലത് കാണാൻ കുട്ടികളെ ശീലിപ്പിക്കുക.

∙ കുട്ടികൾക്ക് മിക്ക ചീത്തപ്രയോഗങ്ങളും കിട്ടുന്നത് അവരുടെ വീട്ടിൽ നിന്നുതന്നെയാണ്. അതുകൊണ്ട് പാരന്റ്സ്, നിങ്ങളുടെ സംസാരത്തിലും പ്രത്യേക ശ്രദ്ധ പുലർത്തണം. എപ്പോഴെങ്ങാനും ചീത്തവാക്കുകൾ നിങ്ങളുടെ വായിൽ നിന്ന് വീണുപോവുകയോ അത് കുട്ടികൾ കേൾക്കാൻ ഇടയാവുകയോ ചെയ്താൽ, ഉടൻ തന്നെ അത് അറിയാതെ പറഞ്ഞുപോയതാണെന്ന് വരുത്തി തീർത്ത്, ആ സംഭാഷണത്തെ വഴിതിരിച്ചു വിടണം.

∙ കുട്ടികൾക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണോ, താൻ ഒറ്റപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോഴാണോ, ദേഷ്യം വരുമ്പോഴാണോ, കൂട്ടുകാർ കളിയാക്കുമ്പോഴാണോ അവർ ചീത്തവാക്കുകൾ പറയുന്നതും നിന്ദിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്യുന്നതെന്ന് നിരീക്ഷിക്കുക. സാഹചര്യം മനസ്സിലാക്കി അവർക്ക് വേണ്ട പിന്തുണ നൽകുക. ഏതൊരു സാഹചര്യത്തിലും പതറാതെ മുന്നേറാനുള്ള ആത്മവിശ്വാസം നൽകുക. നല്ല രീതിയിൽ സംസാരിക്കാൻ പ്രേരിപ്പിക്കുക.

∙ മറ്റുള്ളവരെ അധിക്ഷേപിച്ചുകൊണ്ട് സംസാരിക്കുമ്പോൾ അത് അവരുടെ മനസ്സിനെ എത്രമാത്രം വിഷമിപ്പിക്കുന്നുണ്ടെന്ന് കുട്ടികളെ പറ‍ഞ്ഞ് ബോദ്ധ്യപ്പെടുത്തുക.

∙ നിങ്ങളുടെ ഉപദേശത്തെ അംഗീകരിച്ചുകൊണ്ട്, ചീത്തവാക്കുകള്‍ പറയാൻ മുതിരുകയും പെട്ടെന്നു തന്നെ അത് തടഞ്ഞ് പകരം നല്ല ഭാഷ കുട്ടികൾ സ്വയം ഉപയോഗിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അവരെ പ്രകീർത്തിക്കുകയും വേണം.

കുട്ടികൾ നിങ്ങൾ പറയുന്നതൊന്നും അനുസരിക്കുന്നില്ലെങ്കിൽ

പാരന്റ്സിന്റെ ഉപദേശങ്ങൾ ചെവി കൊള്ളുകയും അതനുസരിച്ച് ചീത്തവാക്കുകൾ പറയാതിരിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. അതുപോലെത്തന്നെ, എന്തുപറഞ്ഞാലും അനുസരിക്കാത്ത കുട്ടികളുമുണ്ട്. അധികനേരം ടിവി കാണരുത്, ഇന്റർനെറ്റ് അനാവശ്യമായി ഉപയോഗിക്കരുത്. ചീത്തവാക്കുകൾ പറയരുത് എന്നൊക്കെ എത്ര പറഞ്ഞാലും അവർക്ക് യാതൊരു കൂസലുമുണ്ടാകില്ല. വീട്ടിൽ പാരന്റ്സ് സഭ്യതയോടെ മാത്രം സംസാരിക്കുകയും പെരുമാറുകയും ചെയ്താൽ മക്കൾക്ക് ആ രീതിയിൽ വളരാനേ സാധിക്കൂ.

ഓർമ്മിക്കേണ്ട മറ്റൊരു കാര്യം, കുട്ടികളല്ലേ, അവരുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം വരുവാൻ കുറച്ച് സമയമെടുക്കും. നമ്മൾ ക്ഷമയോടെ ശ്രമിക്കുക. എത്ര ശ്രമിച്ചിട്ടും നിന്ദിച്ചുകൊണ്ടുള്ള സംസാരങ്ങൾ കുട്ടികൾ നിർത്താതെ തുടരുകയാണ് എന്നുണ്ടെങ്കിൽ ഒരു മനഃശാസ്ത്രജ്ഞന്റെയോ കൗൺസിലറുടെയോ വിദഗ്ധ സഹായം തീർച്ചയായും തേടേണ്ടതാണ്.