കുട്ടികളിലെ ഭക്ഷണ ശാഠ്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം?
സ്കൂൾ തുറന്നതോടെ അമ്മമാരുടെ തലവേദന തുടങ്ങിയെന്നു പറയാം. ഏറ്റവും വലിയ പ്രശ്നം കുട്ടിയുടെ ഭക്ഷണകാര്യമാണ്. കുട്ടികൾ പല തരക്കാരായിരിക്കും. ചിലർക്ക് എരിവു പറ്റില്ല. ചിലർ ചോറേ കഴിക്കില്ല. ചിലർക്ക് ചോറ് മതി, ചിലർക്ക് കറി വേണ്ട പപ്പടം മതി. മൂന്നു കുട്ടികളുണ്ട്. മൂന്നിനും മൂന്ന് ഇഷ്ടമാണെങ്കിൽ ആ അമ്മയുടെ അവസ്ഥ എന്ത് കഷ്ടമായിരിക്കും. ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്ന കുട്ടികളുടെ കാര്യത്തിലാണ് ഏറെ കഷ്ടപ്പാട്. ദിവസവും ഒരേ ഭക്ഷണം ലഞ്ച് ബോക്സിൽ നൽകുമ്പോൾ മറ്റു കുട്ടികളും ടീച്ചറുമൊക്കെ എന്തു വിചാരിക്കും എന്നാവും അമ്മയുടെ ചിന്ത. കുട്ടികളിലെ ഈ ഭക്ഷണ ശാഠ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു നോക്കാം.
∙ഭക്ഷണകാര്യത്തിലെ ശാഠ്യത്തിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം. ഒരുപക്ഷേ, മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ട് അതപ്പാടെ പകർത്തുന്നതാകാം. അച്ഛനമ്മമാരുടെ ശ്രദ്ധ നേടിയെടുക്കാൻ വേണ്ടി പിടിവാശി കാണിക്കുന്ന കുഞ്ഞുങ്ങളുണ്ട്.
∙ കുട്ടിക്ക് ഇഷ്ടമാവില്ലെന്നു കരുതി പുതിയ ഭക്ഷണങ്ങൾ നൽകാതിരിക്കരുത്. ചിലപ്പോൾ 10–15 തവണ കഴിക്കാൻ നൽകിയിട്ടാകും കുട്ടി രുചിച്ചുനോക്കാനെങ്കിലും തയാറാകുന്നത്. കുട്ടിയെ അടിച്ചുകഴിപ്പിക്കുന്നത് ശരിയല്ല. പക്ഷേ, കെഞ്ചിയും കഥ പറഞ്ഞും കഴിക്കാൻ പ്രോത്സാഹിപ്പിച്ചുമൊക്കെ സമ്മർദം ചെലുത്തി പതിയെ ഭക്ഷണം കഴിപ്പിക്കാം.
∙ കുട്ടിക്ക് ഇഷ്ടമുള്ള രൂപത്തിൽ ഭക്ഷണം നൽകുക. ഉദാഹരണത്തിന് കുഴഞ്ഞ രൂപത്തിലുള്ള ഭക്ഷണം ഇഷ്ടമില്ലാത്ത കുട്ടിക്ക് ഏത്തപ്പഴം ഉടച്ച് നൽകാതെ നെയ്യ് ചേർത്ത് മൊരിച്ച് നൽകാം. അല്ലെങ്കിൽ ഏത്തപ്പഴം ഉടച്ചതും അരിപ്പൊടിയും മുട്ടയും ചേർത്ത് പാൻ കേക്ക് ആയി നൽകുക.
∙ പച്ചക്കറികളും പഴങ്ങളും കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് പച്ചക്കറി പൊടിയായി അരിഞ്ഞ് ആവി കയറ്റി ദോശമാവിലും ചപ്പാത്തി മാവിലുമൊക്കെ ചേർത്ത് നൽകാം. കാരറ്റും ഉരുളക്കിഴങ്ങും ഗ്രേറ്ററിൽ തീരെ നേർത്തതായി ഉരച്ചെടുത്ത് നൂഡിൽസിന്റെയൊപ്പം വേവിച്ചു നൽകാം.
∙ കുട്ടിയെ കഴിക്കാനിരുത്തിയിട്ട് ഭക്ഷണം ഉണ്ടാക്കാൻ പോകരുത്. പിരുപിരുപ്പൻ പ്രകൃതക്കാർ കളിക്കാൻ പോകാനുള്ള ധൃതി കൊണ്ട് ഭക്ഷണം വേണ്ടെന്നുവച്ചു പോകാം.
∙ കുട്ടിയുടെ ഇഷ്ടവിഭവത്തെ ആവുന്നത്ര പോഷകസമ്പന്നമാക്കുക. ഉദാഹരണത്തിന് ചോറ് ഇഷ്ടമുള്ള കുട്ടിക്ക് കാരറ്റ് റൈസ്, പുതിന റൈസ്, വെജിറ്റബിൾ ഫ്രൈഡ് റൈസ്, കോക്കനട്ട് റൈസ് എന്നിങ്ങനെ വ്യത്യസ്ത രുചികളിൽ പാകപ്പെടുത്തി നൽകുക. ദോശയാണ് പ്രിയമെങ്കിൽ ചീസ് ഗ്രേറ്റ് ചെയ്ത് ചീസ് ദോശയാക്കാം. മുട്ട ചേർത്ത് എഗ്ഗ് ദോശയാക്കാം. പച്ചക്കറികൾ വഴറ്റി ചേർത്ത് ഊത്തപ്പമാക്കാം.
∙ ഭക്ഷണത്തിനു മുൻപ് ഒരുകാരണവശാലും പാൽ കൊടുക്കരുത്. പാൽ കുടിച്ച് തൽക്കാലം വയർ നിറയും. കുട്ടി പിന്നീടൊന്നും കഴിക്കില്ല.
∙ ദിവസവും ഒരേ ഭക്ഷണം നൽകരുത്. കുട്ടിയുടെ ഇഷ്ടത്തിനകത്ത് നിന്നുകൊണ്ട് വ്യത്യസ്ത ഭക്ഷണം നൽകുക.
∙ ചെറിയപ്രായത്തിലെ എരിവു നൽകി ശീലിപ്പിച്ചില്ലെങ്കിൽ പിന്നീട് പ്രയാസമാകും. ഇറച്ചിയും മീനും കഴുകി നൽകി ശീലിപ്പിക്കുന്നതിലും നല്ലത് അൽപം എരിവു കുറച്ച് പാകപ്പെടുത്തി നൽകലാണ്.
∙ മധുരഭക്ഷണങ്ങൾ അമിതമായി നൽകരുത്. വാശി പിടിച്ചാൽ കുട്ടിക്ക് വേണ്ട മധുരം, അത് ബിസ്കറ്റോ കേക്കോ ആകട്ടെ ഒരെണ്ണം നൽകുക. ഒന്നുകിൽ ഇതുമാത്രം, അല്ലെങ്കിൽ ഭക്ഷണം കഴിച്ചിട്ട് ഇതുകൂടി കഴിക്കാം എന്നുപറയുക. ഇത്തരം ‘നയപരമായ സമവാക്യങ്ങൾ’ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ വേണ്ടിവരും.