മക്കൾ മിടുക്കരാണോ? ; കാരണക്കാർ നിങ്ങൾ തന്നെ!
കുട്ടികളെ എങ്ങനെ മര്യാദരാമൻമാരാക്കാം എന്നാലോചിച്ച് തലപുകഞ്ഞിരിക്കുകയാണോ നിങ്ങൾ? നമ്മൾ അവരെ ഏത് രീതിയിൽ പരിശീലിപ്പിക്കുന്നോ അതു പോലെയാണ് അവർ വളർന്നുവരിക. മുതിർന്നവർ നൽകുന്ന മാതൃകകൾ ആണ് അവർ പിൻതുടരുന്നത്. ഒരു മര്യാദയുമില്ലാത്ത കുട്ടി എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അവന്റെ മാതാപിതാക്കൾക്കു കൂടിയുള്ള കുറ്റപ്പെടുത്തലാണ്. അതുകൊണ്ട് നല്ല ശീലങ്ങളും മര്യാദകളും ചെറു പ്രായത്തിൽത്തന്നെ ശീലിപ്പിക്കാം. ചൈൽഡ് ബിഹേവിയറൽ വിദഗ്ധയായ എലിസബത്ത് ഒഷിയ പറയുന്ന സിംപിൾ ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കാം. ലളിതമെന്ന് തോന്നിയാലും വളരെ ഫലപ്രദമാണീ ടിപ്സുകൾ.
0– 5 വയസ്സുകാർ
1. എത്ര ചെറിയ കുട്ടിയായാലും എന്ത് സാധനങ്ങൾ കൊടുത്താലും താങ്ക്സ് അഥവാ നന്ദി എന്ന് പറയാൻ ശീലിപ്പിക്കുക.
2. മോശം പ്രവർത്തികൾ എപ്പോൾ ചെയ്താലും തിരുത്തുക, ചെറിയ കുട്ടിയല്ലേ എന്ന വിചാരിച്ച് അത് പിന്നത്തേയ്ക്ക് മാറ്റി വയ്ക്കേണ്ട.
3. പ്ലീസ്, എക്സ്ക്യൂസ് മി, താങ്ക്സ് എന്നീ മര്യാദകൾ അവസരത്തിനൊത്ത് പഠിപ്പിക്കാം.
4. കൃത്യത പഠിപ്പിക്കുന്ന ചെറിയ പസിൾ– മെമ്മറി കളികൾ ചെയ്യിപ്പിക്കാം.
5. ആരെങ്കിലും വിഷ് ചെയ്താൽ തിരിച്ചും ചെയ്യാൻ അവർ ശീലിക്കട്ടെ
6. കളിപ്പാട്ടവും മറ്റും പങ്കുവയ്ക്കാനും അവരറിയണം.
7. അതുപോലെ, സ്വന്തം വസ്തുക്കൾ സൂക്ഷിക്കാനും കളികൾക്കു ശേഷം അവ മറ്റു കുട്ടികളിൽനിന്ന് മര്യാദപൂർവം തിരിച്ചു വാങ്ങാനും പഠിപ്പിക്കാം.
8. മറ്റുള്ളവരുമായി ഇടപഴകണമെങ്കിലും അപതിചിതരുമായി അകലം പാലിക്കാനും ശീലിപ്പിക്കാം.
6– 10 വരെയുള്ളവർ
1. നിങ്ങളാണ് അവർക്ക് മാതൃക എന്നത് മറക്കരുത്.
2. ഷോപ്പിങിനും മറ്റും പോകുമ്പോൾ അവരെയും ഒപ്പം കൂട്ടാം, ആവശ്യമുള്ള സാധനങ്ങൾ മാത്രം എടുക്കാനും ക്ഷമാപൂർവം വരിനിന്ന് പണമടയ്ക്കാനും നന്ദി പറഞ്ഞ് മടങ്ങുന്നതും മാതൃകയാകാം.
3. മറ്റുള്ളവരുടെ സംസാരത്തിനിടയിൽ കയറി സംസാരിക്കാതിരിക്കാൻ പറയാം. അവർക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിങ്ങളെ പതിയെ തൊടാൻ ആവശ്യപ്പെടാം, നിങ്ങളുെട സംസാരം കഴിഞ്ഞ ശേഷം ഇത്രയും നേരം ക്ഷമയോടെ കാത്തുനിന്നതിനെ അഭിന്ദിച്ചിട്ട് അവരെ കേൾക്കാം.
4. എല്ലാ മര്യാദകളും പഠിക്കാൻ പറ്റിയ ഇടം തീൻമേശയാണ്. എങ്ങനെ കഴിക്കണമെന്നും എപ്പോൾ സംസാരിക്കണമെന്നും എങ്ങനെ മേശയും പാത്രങ്ങളും വൃത്തിയാക്കണമെന്നുമൊക്ക ഇവിടെ നിന്നും പഠിക്കാം.
5.മുതിർന്ന ആളുകളെ ബഹുമാനിക്കാനും അവരുമായി സംസാരിക്കാനും അവർക്കു വേണ്ട സഹായം ചെയ്യാനും കാണിച്ചു കൊടുക്കാം
11– 16 വരെയുള്ളവർ
1. ഈ പ്രായക്കാരെ അല്പം സൂക്ഷിച്ച് വേണം കൈരാര്യം ചെയ്യേണ്ടത്. ഇവർ ആത്മാഭിമാനം അല്പം കൂടുതലുള്ളവരാണ്.
2. ആരെയെങ്കിലും കാണാൻ പോകുകയാണെങ്കിൽ അവരെ കുറിച്ചുള്ള അത്യാവശ്യ വിവരണം ഇവർക്കു നൽകുക.
3. ചിലപ്പോൾ സന്ദർഭം നോക്കാതെ ഇവർ അമിതമായി പ്രതികരിച്ചെന്നു വരാം
4. വീട്ടിൽ വരുന്ന അതിഥികളെ മര്യാദപൂർവ്വം സ്വീകരിക്കാൻ ഇവർ അറിഞ്ഞിരിക്കണം.
5. സോഷ്യൽ മീഡിയയിൽ നിന്നും അകറ്റുകയല്ല, മറിച്ച് ആവശ്യമുള്ളത് നല്ലതിന് മാത്രം ഉപയാഗിക്കാനും ഈ പ്രായക്കാരെ ശീലിപ്പിക്കാം.
6. അവരോട് ഒച്ച വയ്ക്കുകയോ കയർത്ത് സംസാരിക്കുകയോ വേണ്ട.
7. അവരുടെ മുന്നിൽവച്ച് മറ്റുള്ളവരെ കുറിച്ച് മോശമായി സംസാരിക്കാതിരിക്കുക.