മുത്തശ്ശിക്കഥ കേട്ട് വളർന്നാൽ പലതുണ്ട് കാര്യം , Kids, Grandparents, Stories, Benefits, Parenting, Tips for Parents, Manorama Online

മുത്തശ്ശിക്കഥ കേട്ട് വളർന്നാൽ പലതുണ്ട് കാര്യം

അച്ഛൻ, അമ്മ കുഞ്ഞുങ്ങൾ കൂട്ടിനൊരു മുത്തശ്ശിയും മുത്തശ്ശനും.. പണ്ട് കാലത്ത് നമ്മുടെ വീട് എന്ന സങ്കല്പം ഇങ്ങനെയായിരുന്നു. എന്നാൽ ഇന്നതല്ല അവസ്ഥ. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബം എന്ന നിലയിലേക്ക് വീടുകൾ മാറിക്കഴിഞ്ഞു. അച്ഛനും അമ്മയും ഒറ്റ കുഞ്ഞും അടങ്ങുന്ന കൊച്ചു കുടുംബമാണ് ഇന്ന് എല്ലായിടത്തും കണ്ടു വരുന്നത്. ജോലിക്കാര്യം പറഞ്ഞു കുഞ്ഞുങ്ങളുമൊത്ത് നഗരത്തിലേയ്ക്ക് ചേക്കേറുമ്പോൾ അങ്ങകലെ മുത്തശ്ശനും മുത്തശ്ശിയും ഒറ്റയ്ക്കാകുന്നു. പിന്നീട് ഒരു ഫോൺകോളിലോ, അവധിക്കാലത്തെ നാലോ അഞ്ചോ ദിവസത്തെ സന്ദർശനത്തിലോ മുത്തശ്ശിയും മുത്തശ്ശനും കൊച്ചുമക്കളുമായുള്ള ബന്ധം ഒതുങ്ങിത്തീരുന്നു. ഒന്നാം തലമുറയും മൂന്നാം തലമുറയും തമ്മിലെ മനോഹരമായ ഒരു ബന്ധമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. കുട്ടികൾ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നിൽക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ പലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

1. കുട്ടികൾ കരുണയും സ്നേഹവും ഉള്ളവരാകുന്നു
മാതാപിതാക്കളുടെ തിരക്കേറിയ ജീവിതത്തിൽ നിൽക്കുന്നതിനേക്കാൾ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് കരുണയും സ്നേഹവും വർധിക്കുന്നു. ചെറുപ്പത്തിന്റെ ദേഷ്യവും വീറും വാശിയും പലപ്പോഴും മാതാപിതാക്കൾ മക്കളുടെ മുന്നിൽ കാണിക്കുമ്പോൾ മുത്തശ്ശനും മുത്തശ്ശിയും കരുണയും സ്നേഹവുമാണ് കാണിക്കുന്നത്.

2. ലോകം കണ്ടു വളരുന്നു
മാതാപിതാക്കളേക്കാൾ ഏറെ അനുഭവ സമ്പത്തുള്ളവരാണ് മുത്തശ്ശനും മുത്തശ്ശിയും. ആ നിലയ്ക്ക് അവർ പങ്കുവയ്ക്കുന്ന അറിവുകൾക്കും വ്യത്യാസം ഉണ്ട്. കാര്യമാത്ര പ്രസക്തമായതും കുഞ്ഞുങ്ങളെ സ്നേഹവും ആർദ്രതയും ഉള്ളവരാക്കുന്നതുമായ കാര്യങ്ങളാണ് അവർ പങ്കുവക്കുന്നത്.

3. ആശയ വിനിമയ പാടവം വർധിക്കുന്നു
മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നിൽക്കുന്ന കുട്ടികളിൽ ആശയ വിനിമയ പാഠവവും അറിവും വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. മുത്തശ്ശി പറയുന്ന കഥകളിലൂടെ കുട്ടികളുടെ ഭാവനശേഷിയും ഓർമയും വർധിക്കുന്നു. അമ്മമാർ കഥ പറഞ്ഞുകൊടുത്താലും ഒരേ ഫലം തന്നെയല്ലേ എന്നാണ് ചോദ്യമെങ്കിൽ, അല്ല എന്നാണ് ഉത്തരം. കാരണം മാതാപിതാക്കളെക്കാൾ ഏറെ വാത്സല്യം ചേർത്തു കഥ പറയാൻ അറിയുന്നത് മുത്തശ്ശിമാർക്ക് തന്നെ.

4 ഓർമ ശക്തി വർധിക്കുന്നു
മാതാപിതാക്കൾ നൽകുന്ന ശിക്ഷണത്തേക്കാൾ പലകാര്യങ്ങളിലും എളുപ്പം ഫലം കാണുക മുത്തശ്ശനും മുത്തശ്ശിയും പറയുന്ന കാര്യങ്ങൾക്കായിരിക്കും. സ്നേഹം, വാത്സല്യം, ഒപ്പം പ്രായത്തിന്റേതായ ബഹുമാനം എന്നിവ ചേർത്ത് മുത്തശ്ശനും മുത്തശിയും പറയുന്ന കാര്യങ്ങൾ എളുപ്പത്തിൽ നടപ്പിലാക്കാൻ കുട്ടികൾ തയ്യാറാകുന്നു. അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ കൃത്യമായി ഓർമയിൽ സൂക്ഷിക്കുകയും അതിനൊത്ത് പെരുമാറുകയും ചെയ്യുന്നു.