കുട്ടികളിലെ പ്രതിരോധ ശേഷി കുറയ്ക്കുന്ന 8 ശീലങ്ങള്‍
മഞ്ജു പി.എം.
എല്ലാ വാക്സിനുകളും എടുത്തിട്ടും നല്ല ഭക്ഷണം കൊടുത്തിട്ടും കുട്ടിക്ക് എന്നും അസുഖമാണ്. എപ്പോഴും ജലദോഷവും ചുമയും. സ്കൂളില്‍ നിന്നും ആരുടെയെങ്കിലും അസുഖം പകരുമോ എന്നതിനേക്കാള്‍ ആവലാതി സ്വന്തം കുട്ടിയുടെ അസുഖം മറ്റു കുട്ടികള്‍ക്ക് വരുമോ എന്നുള്ള ഉത്കണ്ടയാണ്. നാട്ടുമരുന്നുകള്‍ പലതും പരീക്ഷിച്ചു. കുട്ടിയെ മാസങ്ങളോളം പുറത്തൊന്നും കളിയ്ക്കാന്‍ വിടാതെ ശ്രദ്ധിച്ചു, എന്നിട്ടും അസുഖങ്ങള്‍ വരുന്നതില്‍ വലിയ കുറവൊന്നും ഇല്ല. ഇതൊക്കെയാണ് മിക്ക അമ്മമാരുടെയും പരാതി.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 1980 മുതല്‍ വികസിത രാജ്യങ്ങളില്‍ ആസ്മ അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ഇരട്ടി ആയിരിക്കുകയാണ്. പോഷകാഹാരക്കുറവ്, മലിനീകരണം, വിശ്രമമില്ലാത്ത ജീവിതശൈലികള്‍, മാനസിക സംഘര്‍ഷങ്ങള്‍ എന്നീ ഘടകങ്ങളാണ് കുട്ടികളിലെ പ്രതിരോധശേഷിയെ തകര്‍ക്കുന്ന കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ കുട്ടികളിലെ പ്രതിരോധശേഷി മികച്ചതാണെന്ന് ഉറപ്പിച്ചു പറയാനാകുമോ? പ്രതിരോധ ശേഷി ഇല്ലെങ്കില്‍ അവര്‍ക്ക് ആരോഗ്യമുള്ള ഭാവി ജീവിതം ലഭിക്കുമോ? കുട്ടികളിലെ പ്രതിരോധ ശേഷി കുറഞ്ഞതിന്റെ പ്രധാന കാരണങ്ങള്‍ സൃഷ്ടിച്ചത് മാതാപിതാക്കള്‍ തന്നെ ഉണ്ടാക്കിയെടുത്ത കുട്ടികളിലെ ചില തെറ്റായ ശീലങ്ങളാണ്. അതിനെ കുറിച്ച് ഒന്ന് വിശദമാക്കാം.
1. വീടിനു പുറത്തുള്ള കളികള്‍
ചിപ്സ് ഐറ്റംസ് കൊറിച്ചു കൊണ്ടു വിശ്രമ വേളകള്‍ ടിവിയ്ക്ക് മുന്നിലോ കമ്പ്യൂട്ടര്‍ ഗെയിമിനു മുന്നിലോ ചിലവഴിക്കുന്നവരായി മാറിയിരിക്കുകയാണ് ഇന്ന് ഭൂരിഭാഗം കുട്ടികളും. വീടിനു പുറത്തുപോയി എന്തെങ്കിലും കളികളില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കരുണ്ടോ? കളികളിലൂടെയുള്ള ശാരീരികമായ വ്യയമങ്ങളിലൊന്നും ഏര്‍പ്പെടാതെ ഒതുങ്ങികൂടി വീട്ടിലിരിക്കുന്ന കുട്ടികളില്‍ രോഗത്തിനോട് പൊരുതുന്ന സെല്ലുകളുടെ പ്രവര്‍ത്തനം നിശ്ചലമായി പോവുകയും അങ്ങനെ അവരിലെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്നുണ്ട്. പുറമെയുള്ള കളികളില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ക്ക് സൂര്യപ്രകാശത്തില്‍ നിന്നും വേണ്ടത്ര അളവില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നു, ഇത് പ്രതിരോധ ശേഷി വര്‍ദ്ധിക്കാന്‍ സഹായകമാകുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുട്ടികളെ പാര്‍ക്കിലോ മറ്റു മൈതനങ്ങളിലോ പോയി കളിക്കുന്നതിനു അവസരം നല്‍കുന്നത് ഈ പ്രശ്നത്തിനു ഒരു പരിധി വരെ പരിഹാരമാകും.
2. വേണ്ടത്ര ഉറങ്ങാതിരിക്കുന്നത്
ഉറക്കമില്ലയ്മ പ്രതിരോധശേഷി കുറയ്ക്കുന്ന ഗൗരവമായ കാര്യമാണ്. പ്രായത്തിനനുസരിച്ച് കുട്ടികള്‍ 10 മുതല്‍ 14 മണിക്കൂര്‍ വരെ ഉറങ്ങണം. കുട്ടികള്‍ രാത്രിയില്‍ ഏറെ നേരം കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്നതും സ്മാര്‍ട്ട്‌ഫോണില്‍ ചിലവഴിക്കുന്നതുമൊക്കെ ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഉറക്കം കുറയുമ്പോള്‍ ശാരീരികമായ സമ്മര്‍ദങ്ങള്‍ ഉണ്ടാവുകയും അത് തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ അനായാസമായ സംക്രമണത്തിനു തടസ്സമാവുകയും ചെയ്യുന്നു. ഇത് മൂലം പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം തകിടം മറിയുകയും രോഗാണുക്കള്‍ ഹാനികരമായി വളരാന്‍ കാരണമാവുകയും ചെയ്യുന്നു. ഉറങ്ങാന്‍ കിടത്തിയാല്‍ മൊബൈല്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക. ലൈറ്റ് ഓഫ് ചെയ്തു മിണ്ടാതെ അല്‍പനേരം കിടക്കാന്‍ പറഞ്ഞാല്‍ ക്ഷീണം കൊണ്ട് അവര്‍ വേഗം ഉറങ്ങിക്കോളും.
3. ആന്‍റിബയോട്ടിക്സിന്‍റെ ഉപയോഗം
മക്കള്‍ക്ക് എന്തെങ്കിലും രോഗലക്ഷണം കണ്ടു തുടങ്ങിയാല്‍ തന്നെ ഉടന്‍ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണ് പുതു തലമുറയിലെ മാതാപിതാക്കള്‍. ഡോക്ടര്‍ കുറെ ആന്റിയോട്ടിക്സ് തരികകയും ചെയ്യും. അമിതമായ അളവില്‍ ആന്റിബയോടിക്സ് ഉപയോഗിക്കുമ്പോള്‍, ശരീരം ആന്റിബയോടിക്സ് ഉണ്ടെങ്കിലെ പ്രതിരോധിക്കൂ എന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് സ്വാഭാവികമായ പ്രതിരോധ ശേഷി കുറയുന്നതിന് കാരണമാകുന്നു. ചെറിയ അസുഖങ്ങള്‍ക്ക് സാധ്യമാകുന്ന നാട്ടു വൈദ്യങ്ങള്‍ പരീക്ഷിച്ചിട്ടും ഭേദമാകുന്നില്ലെന്നു കണ്ടാല്‍ മാത്രം ആന്റിബയോടിക്സ് കഴിക്കുന്നതാണ് നല്ലത്.
4. വൃത്തിയില്ലായ്മ
ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകാതിരിക്കുക, മലമൂത്ര വിസര്‍ജ്ജനം നടത്തിയ ശേഷം കൈകള്‍ സോപ്പിട്ടു കഴുകാതിരിക്കുക ശരിയായ രീതിയില്‍ പല്ല് തേക്കാതിരിക്കുക, നഖങ്ങളില്‍ അഴുക്ക് നിറഞ്ഞാലും വെട്ടി കളയാതിരിക്കുക തുടങ്ങിയ ആരോഗ്യകരമല്ലാത്ത ശീലങ്ങള്‍ രോഗാണുക്കള്‍ ക്രമാതീതമായി ശരീരത്തിലെക്ക് പ്രവേശിക്കുന്നതിനും അങ്ങനെ കുട്ടികളിലെ പ്രതിരോധ ശേഷി കുറയുന്നതിനും കാരണമാകുന്നു. കുട്ടികളെ വളരെ ചെറുപ്പം മുതലേ നല്ല ആരോഗ്യ ശീലങ്ങള്‍ പാലിക്കാന്‍ പഠിപ്പിക്കണം. കളി കഴിഞ്ഞു വന്നാല്‍ കൈകാലുകള്‍ കഴുകിയതിനു ശേഷം മാത്രമേ തീന്മേശക്ക് മുന്‍പില്‍ ഇരിക്കാന്‍ അനുവദിക്കാവൂ. എല്ലാ ആഴ്ചയിലും നഖങ്ങള്‍ വെട്ടി കൊടുക്കുക. ആരോഗ്യകരമായ ദിനചര്യ പാലിച്ചാല്‍ വളരുന്തോറും കുട്ടികളിലെ പ്രതിരോധ ശേഷിയും ദൃഡമാകും.
5. വികാരങ്ങള്‍ വേണ്ട വിധത്തില്‍ പ്രകടിപ്പിക്കാതിരിക്കുന്നത്
ചില കുട്ടികള്‍ അവരുടെതായ തെറ്റുകളും പ്രശ്നങ്ങളുമെല്ലാം അവരില്‍ തന്നെ ഒതുക്കി വെക്കും. ചെറിയ കാര്യങ്ങള്‍ ആണെങ്കില്‍ പോലും ആരോടും തുറന്നു പറയാതെ ദീര്‍ഘനാള്‍ അവരത് മനസ്സില്‍ കൊണ്ടു നടക്കും. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കനിടയാകും. ശാരീരികമായ പ്രശ്നങ്ങള്‍ മാത്രമായിരിക്കില്ല ഇതില്‍പ്പെടുന്നത്. ക്ലാസ്സില്‍ ഏതെങ്കിലും കുട്ടികള്‍ തന്നോട് സംസരിക്കത്തതോ, കളിയാക്കുന്നതോ, പരീക്ഷയിലോ മറ്റു മത്സരങ്ങളിലോ സ്കോര്‍ കുറഞ്ഞു പോകുന്നതോ, ബസ്സില്‍ കുട്ടികള്‍ ഉപദ്രവിക്കുന്നതോ ഒക്കെ കുട്ടികളില്‍ മാനസികമായ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയും, അങ്ങനെ അവരിലെ പ്രതിരോധ ശേഷി കുറയാന്‍ ഒരു കാരണമാവുകയും ചെയ്യുന്നു.
മാതാപിതാക്കളോട് എന്തും തുറന്നു സംസാരിക്കാം എന്ന പ്രതീതി കുട്ടികളില്‍ ഉണ്ടായാല്‍ മാത്രമേ അവര്‍ക്ക് സ്വന്തം കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരിടം ലഭിക്കുകയുള്ളൂ. കുട്ടിയിലെ കഴിവിനനുസരിച്ച് മാത്രമേ അവരില്‍ നിര്‍ബന്ധങ്ങള്‍ ചെലുത്താന്‍ പാടുള്ളൂ. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള സംസാരം, കുട്ടികള്‍ ഇഷ്ടപെടുന്നില്ല. തുടര്‍ച്ചയായ കുറ്റപ്പെടുത്തലുകള്‍ കുട്ടികളെ നിശബ്ദരാക്കി മാറ്റുന്നു.
6. അനാരോഗ്യകരമായ ഭക്ഷണരീതി
നിങ്ങളെന്ത് കഴിക്കുന്നോ അതുപോലെ ആയിരിക്കും നിങ്ങളുടെ സ്വഭാവവും എന്ന് പഴമക്കാര്‍ പറയാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമവും പോഷകാഹാരവുമാണ് കുട്ടികളിലെ പ്രതിരോധി ശേഷി ദൃഢപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. പാക്കറ്റില്‍ കിട്ടുന്നതും ടിന്നില്‍ അടച്ചു കേടുവരാതെ സൂക്ഷിക്കുന്നതുമായ ഭക്ഷണങ്ങളോ മധുരമോ ധാരാളമായി കുട്ടികള്‍ കഴിക്കുന്നുണ്ടെങ്കില്‍ അതവരുടെ ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുകയും, അസഡിറ്റി ക്രമാതീതമായി കൂടുകയും തല്‍ഫലമായി പ്രതിരോധശേഷി കുറയുകയും ചെയ്യും.
കുട്ടികള്‍, വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ശീലമാക്കുക. പഴവര്‍ഗങ്ങള്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പെടുത്തുക.
7. പുകവലി എന്ന അരക്ഷിതാവസ്ഥ
പുകവലിക്കാര്‍ ഉള്ള അരക്ഷിതമായ ചുറ്റുപാടും കുട്ടികളിലെ പ്രതിരോധശേഷി കുറയാന്‍ കാരണമാകുന്നു. കുട്ടികളിലെ ശ്വാസകോശ൦ വികസിച്ചു വരുന്നതല്ലെയുള്ളൂ. അതുകൊണ്ട് പരിസരത്തു നില്‍ക്കുന്നവര്‍ പുകവലിച്ചാലും ആ വായു അത് കുട്ടികളുടെ ശ്വാസകോശത്തിലേയ്ക്ക് എത്തിച്ചേരും. വീട്ടിലുള്ളവരുടെ നിരന്തരമായ പുകവലി കുട്ടികളില്‍ ആസ്മ, ശ്വാസനാള രോഗങ്ങള്‍ തുടങ്ങി കാന്‍സറിനു വരെ കാരണമായി തീരുന്നു. പുകവലിക്കുന്നവരോട് അത് നിര്‍ത്തണമെന്ന് പറഞ്ഞാല്‍ ഉടനെയൊന്നും പരിഹാരമായെന്ന് വരില്ല. അതുകൊണ്ട് കുട്ടികളുടെ പരിസരത്തിരുന്നു പുകവലിക്കുന്നതെങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കുക.
8. അത്യാവശ്യത്തിനു മാത്രമുള്ള വെള്ളംകുടിക്കല്‍
സ്കൂളിലേക്ക് കൊടുത്ത് വിടുന്ന വെള്ളം പോലും കുടിച്ചു തീര്‍ക്കാതെ ആയിരിക്കും കുട്ടികള്‍ മിക്കവാറും തിരിച്ചു വരുന്നത്. വീട്ടിലായാലും അവര്‍ ആവശ്യത്തിനു വെള്ളം കുടിക്കാറില്ല. ഇത് അവരുടെ ദഹനപ്രക്രിയ മന്ദഗതിയില്‍ ആക്കുന്നു. ദഹനം ശരിയായ രീതിയില്‍ നടന്നാല്‍ മാത്രമേ പോഷകാഹാരങ്ങള്‍ ശരീരത്തിലെക്ക് നന്നായി ആഗിരണം ചെയ്യപ്പെടുകയുള്ളൂ. അതിന്റെ ഫലമായി പ്രതിരോധ ശേഷി ഉണ്ടാവുകയും ചെയ്യും. ധാരാളമായി വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് എളുപ്പത്തില്‍ കീടാണുക്കളോട് പൊരുതാനും, ശരീരതിലുള്ള വിഷാംശങ്ങളെ പുറന്തള്ളാനും കഴിയുന്നു.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ജങ്ക് ഫുഡുകള്‍, സോഡാ ഐറ്റംസ്, റെഡ് മീറ്റ്, ടിന്നിലടച്ചു കേടുവരാതെ സൂക്ഷിക്കുന്ന ഭക്ഷണ സാധനങ്ങള്‍, കന്നുകാലി മാംസ്യങ്ങള്‍, ശുദ്ധീകരിച്ച ധാന്യങ്ങള്‍, പഞ്ചാര തുടങ്ങിയവയുടെ അമിത ഉപയോഗവും കുട്ടികളിലെ പ്രതിരോധ ശേഷി കുറയുന്നതിന് കാരണമാകുന്നു.