കേരളത്തിൽ മൊബൈൽ അഡിക്‌ഷനുള്ള കുട്ടികൾ ഏറുന്നുവെന്ന് മനഃശാസ്ത്ര വിദഗ്ധർ, Mobile phone addiction, Children, Kerala, Manorama Online

കേരളത്തിൽ മൊബൈൽ അഡിക്‌ഷനുള്ള കുട്ടികൾ ഏറുന്നുവെന്ന് മനഃശാസ്ത്ര വിദഗ്ധർ

കഴിഞ്ഞ വർഷം ജൂണിൽ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഇന്റർനാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് (ICD) 11ാം റിവിഷനിൽ അഡിക്‌ഷനുകളോടൊപ്പം സ്ഥാനം പിടിച്ച പുതിയ രോഗമാണ് ഗെയിമിങ് ഡിസോഡർ. കുട്ടികളും യുവാക്കളും അമിതമായി ഗെയിം കളിക്കുന്നതും മറ്റു ലഹരികൾപോലെ തന്നെ ഗെയിമിങ് ഉപയോഗിക്കുന്നതുമായ സാഹചര്യത്തെയാണ് ലോകാരോഗ്യ സംഘടന ഗെയിമിങ് ഡിസോഡർ എന്നു വിശേഷിപ്പിച്ചത്. ഈ പശ്ചാത്തലത്തിൽ നമ്മുടെ സ്വന്തം നാട്ടിലെ മനഃശാസ്ത്രജ്ഞർക്കും ചിലത് പറയാനുണ്ട്. പക്ഷേ, മൊബൈൽ ഗെയിം അഡിക്​ഷനെക്കാൾ മൊബൈൽ ഫോൺ ഉപയോഗമാണ് കുട്ടികളെ സ്വാധീനിക്കുന്നത് എന്നാണ് ഇവരുടെ അഭിപ്രായം. നിയന്ത്രണമില്ലാത്ത ഗെയിമിങ്ങും അമിത മൊബൈൽ ഉപയോഗവും ചികിത്സിക്കപ്പെടേണ്ടതാണെന്ന് ഇവരുടെ അനുഭവങ്ങൾ തെളിയിക്കുന്നു.

ഒരാളുടെ ശാരീരിക, മാനസിക സൗഖ്യത്തെ തകർക്കുന്ന രീതിയിൽ ഫോൺ ഉപയോഗം ബാധിച്ചാൽ അത് രോഗാവസ്ഥയായി കാണണം. മൊബൈൽ ഉപയോഗത്തിന് പെട്ടെന്ന് അടിപ്പെടുന്ന വിഭാഗം 16 വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നും മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. ഗെയിം കളിക്കുന്നതും മൊബൈൽ ഉപയോഗവും ഇക്കാലത്ത് സാധാരണമാണെങ്കിലും കുട്ടിയുടെ സ്വാഭാവിക പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ ഉണ്ടാവുകയും ദൈനംദിന ജീവിതക്രമത്തിൽ മാറ്റം വരുകയും ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പിക്കാം കുട്ടി അഡിക്ടഡ് ആവുകയാണ്. ഈസമയം, ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും മാറ്റി നിർത്തി മൊബൈലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

എല്ലാവരും അഡിക്ടഡ് ആണോ
അല്ല. ഓൺലൈൻ, മൊബൈൽ ഗെയിം കളിക്കുന്ന എല്ലാവരും അഡിക്ടഡ് അല്ല. കളിക്കുന്നവരിൽ ചെറിയ ഒരു ശതമാനം മാത്രമാണ് ആസക്തിയിലേക്ക് പോകുന്നത്. സ്ക്രീനിലെ വളരെ വേഗം മാറിമറിയുന്ന ലോകം സ്ക്രീനിന് പുറത്തില്ലാത്തപ്പോൾ കുട്ടി അസ്വസ്ഥനാകുകയും ആ വേഗത്തിലേക്ക് തിരിച്ചു പോകാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിവ് കുറവുള്ളവർ അഡിക്‌ഷന് പെട്ടെന്ന് അടിപ്പെടാം.

തിരിച്ചറിയാം മൊബൈൽ അഡിക്‌ഷൻ
∙ സദാസമയവും ഗെയിം, മൊബൈൽ ഉപയോഗം.
∙ എപ്പോഴും ഗെയിം കളിക്കുന്നതിനെപ്പറ്റി ചിന്ത.
∙ കളിക്കാൻ പറ്റിയില്ലെങ്കിൽ അസ്വസ്ഥത.
∙ അമിത ആശങ്ക, ഉറക്കമില്ലായ്മ, എന്നിവ ഉണ്ടാകാം.
∙ ഗെയിം കളിച്ചില്ലെന്ന് നുണ പറയുക.
∙ മുൻപ് ഏറെ ഇഷ്ടപ്പെട്ടു ചെയ്തിരുന്ന കാര്യങ്ങളോടുള്ള താൽപര്യക്കുറവ്. (ഉദാ. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കളികൾ, സിനിമ, വായന).
∙ അഡിക്ടഡ് ആണെന്ന് സ്വയം ബോധവാനാകണമെന്നില്ല.

ഡിജിറ്റൽ ഹെറോയിൻ
പഠനങ്ങൾ വെളിപ്പെടുത്തുന്നത്, പുകവലി, മദ്യപാനം, ലഹരിമരുന്ന് അഡിക്‌ഷൻ എന്നിവ ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഗെയിം അഡിക്‌‌ഷൻ ചികിത്സിക്കാനെന്നാണ്. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ ഡോ. പീറ്റർ വൈബ്രോ ഇതിനെ വിശേഷിപ്പിച്ചത്, ‘ഇലക്ട്രോണിക് കൊക്കെയ്ൻ’ എന്നാണ്. ചൈനീസ് ഗവേഷകർ ഇതിനെ ‘ഡിജിറ്റൽ ഹെറോയിൻ, ഡിജിറ്റൽ ഡ്രഗ്’ എന്നും വിളിച്ചു. ‌‌‌മൊബൈൽ ഫോൺ വീട്ടിൽ തന്നെ ഉള്ളതു കൊണ്ട് കുട്ടിക്ക് ഈ ‘ഹെറോയിൻ’ ലഭിക്കാൻ പുറത്തു പോകേണ്ട. സോഷ്യൽ മീഡിയ (ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം), ചാറ്റിങ് തുടങ്ങിയവ മറ്റേതു ഹോബികളേക്കാൾ ആകർഷിക്കാൻ എളുപ്പം. പുറത്തെ മൈതാനത്ത് കളിക്കുന്നതിനേക്കാളും പുസ്തക വായനയേക്കാളും മൊബൈൽ ഉപയോഗം കുട്ടികളെ ആകർഷിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. അമിത മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ക്രിയാത്മകത, വായന, വ്യായാമം, കളി എന്നിവയും ക്രമേണ ഇല്ലാതാക്കും.

പരീക്ഷിച്ചിട്ടുണ്ടോ മൊബൈൽ ഫാസ്റ്റിങ്
കുട്ടികളിലെ അമിത മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾക്കും ചിലത് ചെയ്യാനുണ്ട്. ഒരു കുട്ടിയിലെ ബുദ്ധിവികാസം ജനിക്കുന്നതു മുതൽ 16 വയസ്സുവരെയാണ് നടക്കുന്നത്. അതിനാൽ ഈ കാലഘട്ടത്തിൽ കുട്ടിയുടെ മൊബൈൽ ഉപയോഗം പൂർണമായും നിയന്ത്രിക്കുക. വെർച്വൽ ലോകത്തിന് പുറത്തുള്ള യഥാർഥ ലോകത്തിൽ അതിലും രസകരമായ ഏറെ കാര്യങ്ങളുണ്ടെന്ന് മനസ്സിലാക്കി കൊടുക്കുക. മൊബൈൽ ഫാസ്റ്റിങ് ശീലമാക്കുക. അതായത്, ദിവസങ്ങളോളം മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കുന്ന രീതി. ജോലി, അത്യാവശ്യ ഉപയോഗം എന്നിവയ്ക്കു ശേഷം വീട്ടിൽ മൊബൈൽ പൂർണമായും ഒഴിവാക്കുക. കുട്ടികളുടെ മുൻപിൽ വച്ച് പ്രത്യേകിച്ച്. വീട്ടിലുള്ളപ്പോൾ സ്മാർട് ഫോൺ ഉപയോഗം പരമാവധി കുറച്ച് സാധാരണ ഫോൺ, ലാൻഡ് ഫോൺ എന്നിവ ഉപയോഗിക്കുക.

വിവരങ്ങൾക്ക് കടപ്പാട്,
ബിൻസ് ജോർജ്,
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
എസ്.എച്ച്. ഹോസ്പിറ്റൽ, തൊടുപുഴ.