കുട്ടികളെ ആരോഗ്യമുള്ളവരാക്കാം, ജപ്പാൻകാരുടെ രഹസ്യം ഔട്ട്!
കുട്ടികൾ ആരോഗ്യമുള്ളവും സന്തോഷവാൻമാരും ആയിരിക്കാൻ ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ? പല മാതാപിതാക്കളും പറയുന്നൊരു കാര്യമാണ്, മക്കൾക്ക് എപ്പോഴും എന്തെങ്കിലും അസുഖമാണെന്നത്. കുട്ടികളുടെ ചെറിയ അസുഖങ്ങൾ പോലും നിങ്ങളുടേയും നിങ്ങളുടെ ജീവിതത്തിന്റെയും താളം തന്ന തെറ്റിച്ചേക്കാം. എന്നാൽ എന്താണ് എപ്പോഴുമുള്ള ഈ അസുഖങ്ങളുടെ കാരണമെന്ന് ചിന്തിക്കാറുണ്ടോ? ജപ്പാനിൽ നിന്നുള്ള ഈ വിശേഷം കേട്ടാൽ അറിയാം എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നതെന്ന്.
ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ളതും സന്തോഷവാൻമാരുമായ കുട്ടികൾ ഉള്ളത് ജപ്പാനിലാണെന്നാണ് പഠനങ്ങൾ പറയുന്നത്. ജീവിത ദൈര്‍ഘ്യത്തിലും ജപ്പാൻകാർ തന്നെയാണ് മുൻപന്തിയിൽ. പഠനമനുസരിച്ച് ജപ്പാനിലെ ആളുകളിൽ 73 വയസ്സുവരെ വലിയ രോഗങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകുന്നില്ല. മാത്രമല്ല 80 വയസ്സിന് മുകളിലാണ് ഇവരുടെ ആയുർദൈർഘ്യം. ജപ്പാനിലെ കുട്ടികൾക്കു മാത്രമല്ല ആരോഗ്യവാൻമാരായിരിക്കാൻ സാധിക്കുന്നത്, നമുക്കും അത് സാധ്യമാണ്. ചിട്ടയായ ചില ജീവിതചര്യകൾ വേണമെന്നു മാത്രം.
നല്ല പോഷകാഹാരം, അത് ശരിയായ അനുപാതത്തിലും കൃത്യ സമയത്തും കഴിക്കുക, നല്ല ആരോഗ്യശീലങ്ങൾ, കൃത്യമായ വ്യായാമം എന്നിവയാണ് ജപ്പാനിലെ കുട്ടികളുടെ ആരോഗ്യ രഹസ്യങ്ങൾ. മാതാപിതാക്കൾ വിചാരിച്ചാൽ നമ്മുടെ കുട്ടികളേയും ആരോഗ്യമുള്ളവരാക്കിയെടുക്കാം. ഇതിനായി ജപ്പാൻകാർ പിൻതുടരുന്ന ചില സൂപ്പർ ടിപ്സുകൾ അറിയാം.
മാതാപിതാക്കളുടെ പങ്ക്
കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ നല്ല ഭക്ഷണം നൽകുകയും അവരെക്കൊണ്ട് അത് കഴിപ്പിക്കുക എന്നതും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. എന്നാൽ അത് ഭീഷണിപ്പെടുത്തിയും അടികൊടുത്തുമാകരുത്. അത് കുട്ടികളിൽ ഭക്ഷണത്തോട് വെറുപ്പുണ്ടാക്കും. രസകരമായ കളികളിലൂടെയും ആരോഗ്യത്തെക്കുറിച്ച് അവരെ പറഞ്ഞുമനസിലാക്കിയും വേണം അവരെക്കൊണ്ട് കഴിപ്പിക്കാൻ. കുട്ടികളുടെ ആരോഗ്യകാര്യത്തിലും വൃത്തിയിലും എപ്പോഴും നിങ്ങൾതന്നെയായിരിക്കണം അവരുടെ ബോസ്.
വ്യത്യസ്ത ആഹാരസാധനങ്ങൾ പരീക്ഷിക്കാം
എപ്പോഴും ഒരേരീതിയിലുള്ള ആഹാരം തന്നെ നൽകാതെ പുതുമയും വ്യത്യസ്തവുമായ പാചകം പരീക്ഷിച്ചു നോക്കൂ. കുട്ടികളുടെ ആഹാരത്തോടുള്ള മടുപ്പ് പമ്പകടക്കുന്നത് കാണാം. വ്യത്യതസ്തമായ ആഹാരം നൽകുന്നതിലൂടെ പലതരം പോഷകങ്ങളും വൈറ്റമിനുകളുമൊക്കെ കുട്ടികളിൽ എത്തുന്നു. ആഴ്ചയിൽ ഒരു തവണയെങ്കിലും ഒരു പുതിയ ഐറ്റം പരീക്ഷിക്കാവുന്നതാണ്.
നല്ല ഭക്ഷണം തെരഞ്ഞെടുക്കാം
ഉയർന്ന അളവിൽ പോഷകങ്ങളുള്ളതും എന്നാൽ കലോറി കുറഞ്ഞതുമായ ഭക്ഷണം വേണം കുട്ടികൾക്ക് നൽകേണ്ടത്. ജപ്പാൻകാരുടെ രീതിയനുസരിച്ച് ഒരു ചെറിയ ബൗളിൽ ചോറും, ഒരു ബൗളിൽ സൂപ്പും, രണ്ടോ മൂന്നോ കറികളും, ഇതിൽ മീനോ ഇറച്ചിയോ രണ്ട് പച്ചക്കറികളും ഉൾപ്പെടും. രാസവസ്തുക്കൾ ഉപയോഗിക്കുന്ന ആഹാരസാധനങ്ങൾ പൂർണമായും ഉപേക്ഷിക്കുക.
ജപ്പാൻകാരെപ്പോലെ ചെറിയ പാത്രങ്ങള്‍
കണ്ടിട്ടില്ലേ ജപ്പാൻകാർ ചെറിയ ബൗളുകളിലാണ് ഭക്ഷണം കഴിക്കാറ്. ലോകമാകമാനം കഴിക്കുന്ന പാത്രങ്ങളിൽ മാറ്റമുണ്ടായെങ്കിലും ജപ്പാൻകാർക്ക് ഇപ്പോഴും പ്രിയം ഈ ചെറു പാത്രമാണ്. കുട്ടികൾ തനിയെ വിളമ്പിയെടുക്കുമ്പോൾ ചിലപ്പാൾ അത് അധികമാകാൻ സാധ്യതയുണ്ട്. കൂടുതൽ ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമല്ല.
ഉച്ചഭക്ഷണം
ജപ്പാനിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ വളരെ പ്രാധാന്യമുണ്ട്. ചെറിയ കുട്ടികൾ മുതല്‍ ഉച്ചഭക്ഷണം സ്കൂളിൽ നിന്നു തന്നെയാണ് ലഭിക്കുന്നത്. നാട്ടിൽ വിളയുന്ന ധാന്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിവതും മികച്ച പോഷണങ്ങളുള്ള ഭക്ഷണമാണ് ഇവർക്ക് ലഭിക്കുന്നത്.
വ്യായാമം അത് മസ്റ്റാ..
ജപ്പാനിലെ കുട്ടികളുടെ ഫിറ്റ്നസിന്റെ ഏറ്റവും വലിയ രഹസ്യം വ്യായാമമാണ്. 98% കുട്ടികളും നടന്നോ സൈക്കിളിലോ ആണ് സ്കൂളിൽ പോകുന്നത്. ഇത് തന്നെ കുട്ടികൾ നല്ലൊരു വ്യായാമമാണ്. ഈ നടപ്പ് പിന്നീട് ഇവർക്ക് ജീവിതത്തിന്റെ ഭാഗമായി മാറുന്നു.
നടക്കാനോ സൈക്കിളില്‍ പോകാനോ ഉള്ള സാഹചര്യമല്ല നിങ്ങളുടെ കുട്ടിയ്ക്കെങ്കിൽ സ്കൂളിലെ സ്പോർട്സ് ഇനങ്ങളിലും, നിങ്ങൾക്കൊപ്പമുള്ള സായാഹ്ന നടത്തത്തിലും അവരെ പങ്കാളികളാക്കാം.