നിങ്ങളുടെ കുട്ടി ഹൈപ്പർ ആക്റ്റീവാണോ? ഇതാ ഉത്തരം
മിക്ക മാതാപിതാക്കൾക്കുമുള്ള പരാതിയാണ് തന്റെ കുട്ടി അടങ്ങിയിരിക്കുന്നില്ല, ഭയങ്കര പിരുപിരുപ്പാണ് എന്നൊക്കെ. സ്കൂളിൽ ചെന്നാൽ ടീച്ചർമാർ പറയുന്നതും ഇതുതന്നെ. അതോടെ പലരും ഉറപ്പിക്കുകയാണ് തന്റെ കുട്ടി ഹൈപ്പർ ആക്റ്റീവാണ്. എന്താണ് കുട്ടികളിലെ ഹൈപ്പർ ആക്റ്റിവിറ്റി പ്രശ്നം? ശരിക്കും ഇത്തരം കുട്ടികൾ ഹൈപ്പർ ആക്റ്റീവാണോ? സ്പെഷൽ എജ്യുകേറ്ററായ ജിഷ കനൽ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്ന വിഡിയോ ഇതിനെല്ലാമുള്ള ഉത്തരം തരും.
ജിഷ കനൽ പറയുന്നത് ഓരോ മാതാപിതാക്കളും കേട്ടിരിക്കണം. ഒരു ബോൾ എടുത്ത് തറയിലേയ്ക്ക് എറിഞ്ഞാൽ അത് ഉയർന്നു പൊങ്ങുന്ന വേഗതയിൽ ഒരു കുട്ടി ചലിച്ചുകൊണ്ടേയിരിക്കുന്ന അവസ്ഥയെയാണ് ഹൈപ്പർ ആക്റ്റിവിറ്റി എന്നു പറയുന്നത്. കുട്ടിക്ക് ഒരു സെക്കന്റ് പോലും അടങ്ങിയിരിക്കാനോ പഠിക്കാനോ എന്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാതെ വരുന്ന അവസ്ഥ, അതുപോലെ ക്ളാസില്‍ ഒന്നോ രണ്ടോ സെക്കന്റിലധികം ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ അതാണ് ഹൈപ്പർ ആക്റ്റിവിറ്റി.
നോർമലായിട്ടുള്ള കുട്ടികളിൽ പലതരം എനർജി ലെവലുള്ളവരുണ്ട്. അതിൽ എനർജറ്റിക്കായവർ മറ്റുള്ളവരേക്കാൾ അവരുടെ സംസാരത്തിലും പ്രവൃത്തിയിലുമൊക്കെ കൂടുതൽ ആക്റ്റീവ് ആയിരിക്കും. അതിനെ പലപ്പോഴും ഹൈപ്പർ ആക്റ്റീവാണെന്ന് തെറ്റിദ്ധരിക്കുകയാണ് പലരും. സ്കൂളിലെ അധ്യാപകരും പറയും അവൻ ഹൈപ്പറാണെന്ന്. പിന്നെ നേരെ ചികിത്സയ്ക്കായി സൈക്യാട്രിസ്റ്റിനടുത്തേക്ക്. അവിടെ നിന്നു കിട്ടുന്ന മരുന്ന് കുട്ടിയുടെ എനർജി ലെവൽ കുറയ്ക്കുകയും മാതാപിതാക്കളും അധ്യാപകരും ആഗ്രഹിക്കുന്നതു പോലെ അടങ്ങിയിരിക്കുന്ന കുട്ടിയാക്കി മാറ്റുകയും ചെയ്യും.
എന്നാൽ മാതാപിതാക്കളുടെ ഈ പ്രവൃത്തി മക്കളെ കൊല്ലുന്നതിന് തുല്യമാണെന്നാണ് സ്പെഷൽ എജ്യുകേറ്ററായ ജിഷ കനൽ പറയുന്നത്.
കുട്ടിയുടെ ഈ എനർജി ലെവലിനെ രോഗാവസ്ഥയായി കാണാതെ അതൊരു പോസിറ്റീവ് ലക്ഷണമായി കാണാനും ഇവർ പറയുന്നു. ഇത്തരം സ്മാർട് കുട്ടികളാണ് വളർന്നു വരുമ്പോൾ ജീവിതത്തിലും എനർജറ്റിക്കായ മിടുക്കരായി മാറുന്നത്. കുട്ടികളിലെ ഈ പോസിറ്റീവ് എനർജി ലെവൽസിനെ നാം പലപ്പോഴും തെറ്റിദ്ധരിച്ച് ഡോക്ടറെ കണ്ട് മരുന്നുവാങ്ങി, അവനെ മയക്കി പഠിക്കാന്‍ പോലുമാകാത്ത അവസ്ഥയിലേയ്ക്ക് തള്ളിവിടുകയാണ് പലരുമെന്നും ജിഷ പറയുന്നു.
വളർച്ചയുടേയും തലച്ചോറിന്റെ വികാസത്തിന്റേയും ഭാഗമായി കുട്ടി കാണിക്കുന്ന ലക്ഷണങ്ങളെയാണ് പലപ്പോഴും നിങ്ങൾ നശിപ്പിക്കുന്നതെന്ന് ഓർക്കുക. കുട്ടികളെ മനസിലാക്കുക. ശരിയായ ഹൈപ്പർ ആക്റ്റീവ് കുട്ടികളെ മാത്രം ചികിത്സയ്ക്ക് വിധേയരാക്കുക. രക്ഷകർത്താക്കളേ ദയവുചെയ്ത് ഇത് കേൾക്കുക, തിരിച്ചറിയുക, തിരുത്തുക.