അവൾക്കു

അവൾക്കു പന്ത്രണ്ടു വയസ്സായി, എന്തൊക്കെ ശ്രദ്ധിക്കണം? ഒരച്ഛന്റെ സംശയത്തിനുള്ള മറുപടി

പെൺമക്കളുടെ അച്ഛനമ്മമാർക്ക് എന്നും ആധിയാണ്. പ്രത്യേകിച്ചും കൗമാരത്തിലേയ്ക്ക് കടക്കുന്ന മക്കളുടെ. ആ പ്രായത്തിൽ അവരോട് എന്തെല്ലാം പറഞ്ഞുകൊടുക്കണമെന്ന് മിക്ക മാതാപിതാക്കൾക്കും അറിയില്ല. അവളുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ മനസിലാക്കുക എന്നതാണ് മുഖ്യം. കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല വനിതാ ദിനത്തോടനുബന്ധിച്ച് അച്ഛന്മാരോടായി ചില കാര്യങ്ങൾ പറയുകയാണ്. ഒരച്ഛന്റെ സംശയങ്ങൾക്കുള്ള മറുപടിയായാണ് കല ഈ കുറിപ്പെഴുതിയിരിക്കുന്നത്.

വനിതാ ദിനത്തിൽ അച്ഛന്മാരും അറിയണം ചിലത് നല്ലൊരു അപ്പനാകുക എന്നതൊരു പുണ്യമാണ്
എന്റെ മകൾക്കു പന്ത്രണ്ടു വയസ്സാണ്..
അവൾക്കു പ്രായം ആയിട്ടില്ല..
എന്തൊക്കെ ശ്രദ്ധിക്കണം?
എനിക്കും എന്റെ ഭാര്യയ്ക്കും അവളുടെ അച്ഛനമ്മമാർ എന്ന നിലയ്ക്ക് കാര്യങ്ങൾ പറഞ്ഞു തരുമോ..
എനിക്കു വന്ന ഒരു മെസ്സേജ് ആണിത്.. അതൊരു അപ്പന്റെ ഉള്ളിലെ ആധി ആണല്ലോ എന്നോർത്ത് സന്തോഷം തോന്നി..
ഒരു പെൺകുട്ടിയ്ക്ക് കിട്ടേണ്ട വലിയ ഭാഗ്യം എന്നാലത് അത് തന്നെയാണ്...
നല്ലൊരു അപ്പനാകുക എന്നത് പുണ്യമാണ്.. മക്കളെ ഭൂമിയിൽ ഉണ്ടാക്കി ഇടാൻ ആർക്കും പറ്റും..
ഇനി, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
എന്താണ് Art Of Parenting?
അവൾക്കു പന്ത്രണ്ടു വയസ്സായി..
യുവതി ആയേക്കും ഏതു നിമിഷവും..
അവളിലെ വ്യക്തി വളരുക ആണ്..
വ്യക്തിത്വം മാറുക ആണ്..
അതിനു അംഗീകാരം കൊടുക്കുക,
ബഹുമാനം നൽകുക..
അവളിലെ മകളെ സ്നേഹവും കരുതലും എന്താണെന്നു പ്രകടമാക്കി വളർത്തുക..
സ്നേഹിക്കപ്പെടുക എന്നത് എത്ര മനോഹരമായ വികാരമാണെന്നു അവൾ ഉൾകൊള്ളുമ്പോൾ, സ്നേഹിക്കാനും അവൾ ശീലിക്കും..
കൊച്ചു കുറുമ്പുകൾക്കു അമിതമായ ശിക്ഷ നൽകാതെ ഇരിക്കുക..
പരസ്യമായി അവളെ കുറ്റപ്പെടുത്താതിരിക്കുക..
രക്ഷിക്കുന്ന കൈകൾക്കു ശിക്ഷിക്കാനും അവകാശമുണ്ടെന്ന് അവൾ പിണക്കമില്ലാതെ ഉൾകൊള്ളാൻ ശീലിക്കും..
തുറന്ന ചർച്ചകൾ നല്ലതാണ്..അവളുടെ ചില സംശയം തീർക്കാൻ കഴിയുന്നില്ല എങ്കിൽ അതിനു വിദഗ്ദ്ധ സഹായം സ്വീകരിച്ചു, അവൾക്കു വ്യക്തത വരുത്തിയെടുക്കാം..
പ്രണയം എന്നത് പാപം എന്ന് പറഞ്ഞു കൊടുക്കാതെ തിരഞ്ഞെടുപ്പിലെ നന്മയും തിന്മയും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം..
നാളെ ഒരു പുരുഷന്റെ മർദ്ദനം ഏറ്റു അവളുടെ ജീവിതം ഹോമിക്കാൻ ഇടവരരുത് എന്ന പോലെ,
അവളാൽ ക്രൂശിക്കപ്പെട്ടു ഒരുവൻ ഇല്ലാതെ ആകുകയും ചെയ്യരുത്..
തന്നെ വേണ്ടാത്ത പ്രണയത്തിനു പിന്നാലെ പോയി ജീവിതം തുലയ്ക്കരുത്..
അതു പോലെ പ്രണയം എന്നത്, നേരമ്പോക്കായി കണ്ടു സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കരുത്..
ആണിന്റെ അടിമ ആകാനല്ല അവനോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നു സമാധാനത്തോടെ, അന്തസ്സോടെ, ജീവിതം കൊണ്ട് പോകാൻ അവളെ പ്രാപ്ത ആക്കുക...
വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് അവളെ ബോധ്യപ്പെടുത്തി വളർത്തുക .
തന്റേടത്തോടെ ജീവിക്കാനുള്ള പ്രാപ്തി നേടിയെടുത്ത ശേഷം വിവാഹം കഴിക്കുക...
സത്യം പറയാൻ ശീലിപ്പിക്കുക..
എന്ത് തെറ്റു ചെയ്താലും ഏറ്റു പറഞ്ഞാൽ മാപ്പ് കിട്ടുന്ന ഇടമാണ് മാതാപിതാക്കൾ എന്ന വിശ്വാസത്തിനു അപ്പുറം അവൾക്കു കിട്ടാവുന്ന ആത്മധൈര്യം മറ്റൊന്നില്ല..
ഇരുപത്തിനാലു മണിക്കൂറും അവളുടെ പിന്നാലെ നടക്കേണ്ട..
കുറച്ചു സമയം അവളെ മനസ്സിലാക്കാൻ തക്ക രീതിയിൽ വിനിയോഗിക്കുക..
അവൾക്കു അവളുടേതായ സ്വകാര്യത ഉണ്ടെന്ന് മറക്കരുത്...
മക്കളുടെ ജീവിതത്തിന്റെ ഉടമ എന്ന മനോഭാവം നന്നല്ല..
ലോകത്ത് ഒരു അടിമയും ഉടമയെ സ്നേഹിച്ച ചരിത്രം ഇല്ല..
കുടുംബത്തിൽ അവൾക്കു കൂട്ടായി സഹോദരൻ ഉണ്ടേൽ,
തുല്യ സ്ഥാനം കൊടുത്തു വളർത്തുക..
നാളെ സ്ത്രീയെ ബഹുമാനിക്കാൻ സഹോദരിയിലൂടെ അവനും ശീലിക്കട്ടെ..
അച്ഛന്റെയും അമ്മയുടെയും കരുതലിൽ അവൾ നല്ലൊരു വനിതയായി മാറട്ടെ . ❤🙏