കരീനയുടെ വാക്കുകൾ കൊണ്ടത് ഓരോ അമ്മയുടെയും നെഞ്ചിൽ

തൈമൂറിനെക്കുറിച്ച് പറയാൻ നൂറ് നാവാണ് കരീനയ്ക്ക്. സെയ്ഫ് അലി ഖാന്റേയും കരീനയുടേയും കുട്ടിനവാബ് എന്ത് ചെയ്താലും വാർത്തയാണ്. പടൗഡിയിലെ കുഞ്ഞു നവാബിന് മറ്റേതൊരു ബോളിവുഡ് താരപുത്രൻമാരേക്കാളും ആരാധകരാണുള്ളത്. യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറായ കരീന മാതൃദിനത്തോടനുബന്ധിച്ച് ഒരു സെമിനാറിൽ പറഞ്ഞ വാക്കുകൾ ഓരോ മാതാപിതാക്കളും കേൾക്കേണ്ടത് തന്നെയാണ്. തൈമൂർ വീട്ടിൽ അച്ഛനുമൊത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണെന്നും അതുകൊണ്ടാണ് തനിക്കിവിടെ മദേഴ്സ് ഡേ ആഘോഷിക്കാൻ സാധിച്ചതെന്നമാണ് കരീന പറഞ്ഞത്.

തൈമൂറിന് ജന്മം നൾകിയതിന് ശേഷം താൻ വളരെയേറെ ക്ഷീണിതയായിരുന്നു. അപ്പോളൊക്കെ കങ്കാരൂ മദർ കെയറിലൂടെ സെസ്ഫാണ് കുഞ്ഞിനെ നോക്കിയതെന്നും കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ അമ്മയെപ്പോല അച്ഛനും വളരെ വലിയ പങ്കാണുള്ളതെന്നും കരീന പറയുന്നു.

തൈമൂറിന് അമ്മയോടൊപ്പമായിരിക്കാൻ വളരെ ഇഷ്ടമാണ്, തന്റെ ലാളനയും കൊഞ്ചിക്കലും അവനെ വഷളാക്കുമെന്നും തമാശ രൂപേണ അവർ പറയുന്നു. അതേ സമയം സെയ്ഫ് അവനെ ക്രിക്കറ്റ് പരിശീലിപ്പിക്കുകയാണത്രേ. കരീന ഷൂട്ടിങിലായിരിക്കുമ്പോൾ സെയ്ഫാണ് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നതെന്നും അവർ പറയുന്നു. തൈമൂറിനെ നോക്കുന്ന കാര്യത്തിൽ രണ്ട് പേരും അവരവരുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി ചെയ്യുന്നതുകൊണ്ടാണ് ജോലിയും മറ്റും വിജയകരമായി കൊണ്ടുപോകാൻ സാധിക്കുന്നത്.

കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂറിനെ സ്റ്റാർ കിഡ് ആയി വളർത്താൻ തനിക്ക് താല്‍പര്യമില്ലെന്ന് കരീന പലതവണ പറഞ്ഞിട്ടുള്ളതാണ്. തൈമൂർ വളർന്നു വലുതാകുമ്പോൾ അവൻ ആരായിത്തീരണമെന്ന ആഗ്രഹം കരീന നേരത്തെതന്നെ പങ്കുവച്ചിരിരുന്നു. സാധാരണ സിനിമാഫീൽഡിൽ കണ്ടു വരുന്നത്, അച്ഛനമ്മമാരെ പിന്തുടർന്ന് മക്കളും അവിടെ തന്നെയെത്തുന്നതാണ്. എന്നാൽ തൈമൂർ സിനിമയിലെത്തുന്നതിനോട് കരീനയ്ക്ക് താൽ‌പര്യമില്ല. തൈമൂർ അച്ഛനെപ്പോലെ നടനാകാകാനല്ല മുത്തച്ഛനെപ്പോലെ ക്രിക്കറ്റ് താരമായി കാണാനാണ് കരീനയ്ക്കിഷ്ടം.

കരീനയുടെ ഈ ഇഷ്ടം കണ്ടറിഞ്ഞാവും സെയ്ഫ് മകനെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ ആരംഭിച്ചത്. സെയ്ഫിന്റെ അച്ഛൻ മൻസൂർ അലിഖാൻ പടൗഡി ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്നല്ലോ. പടൗഡിയിലെ കുഞ്ഞു നവാബിന് പറ്റിയ പ്രൊഫഷൻ തന്നെയാണിതെന്നാണ് കരീനയുടെ അഭിപ്രായം. എന്തായാലും തൈമൂർ വെള്ളിത്തിര കീഴടക്കുമോ അതോ കളിക്കളം അടക്കിവാഴുമോയെന്ന് കാത്തിരുന്നു കാണാം.