അത്തരം പ്രശ്നങ്ങൾ അവഗണിക്കരുതേ; ഉപദേശവുമായി കെയ്റ്റ് രാജകുമാരി‍

കുട്ടികൾക്ക് ഒരു പനിയോ ജലദോഷമോ വന്നാൽ എത്രയും വേഗം ഡോക്ടറെ കണ്ടു മരുന്നു വാങ്ങുന്നവരാണ് മിക്ക മാതാപിതാക്കളും. കുട്ടികളുടെ ശാരീരികമായ അസുഖങ്ങൾ നമ്മൾ ഒരിക്കലും കണ്ടില്ലെന്നു നടിക്കാറില്ല. എന്നാൽ കുട്ടികളുടെ മാനസിക ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ പല മാതാപിതാക്കളും ഈ ശുഷ്‌കാന്തി കാണിക്കാറില്ല. കുട്ടികളിലെ വിഷമങ്ങളും ചെറിയ ഡിപ്രഷനുമൊന്നും പലരും കാര്യമാക്കാറേയില്ല. എന്നാൽ കുട്ടികളുടെ മെന്റൽ ഹെൽത്തിന്റെ കാര്യത്തിൽ അവഗണന കാണിക്കരുതെന്ന് പറയുകയാണ് ബ്രിട്ടണിലെ കെയ്റ്റ് രാജകുമാരി.

തങ്ങളുടെ മൂന്നുകുട്ടികൾക്കും എന്തു മാനസികമായ പ്രശ്നമുണ്ടെങ്കിലും അതു ഞങ്ങൾ മുഖവിലയ്‌ക്കെടുക്കുകതന്നെ ചെയ്യും. മക്കളായ ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിക്കും ലൂയിസ് രാജകുമാരനും അത്തരമൊരാവശ്യം വന്നാൽ ഡോക്ടറെ കാണിക്കുകതന്നെ ചെയ്യുമെന്ന് ഇവർ പറയുന്നു. അവരുടെ ശാരീരികാരോഗ്യം പോലെതന്നെ പ്രാധാന്യമുള്ളതാണ് മാനസികാരോഗ്യവും.

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംസാരിക്കുമ്പോഴാണ് കേറ്റ് ഓരോ മാതാപിതാക്കളോടുമായി ഇത് പറഞ്ഞത്. മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരത്തിനായി വളരെയേറെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും.

ലോകത്തിൽ മൂന്നിൽ ഒരാൾ തങ്ങളുടെ കുട്ടിയുടെ മാനസികമായ പ്രശ്നത്തിൽ വിദഗ്ധ സഹായം തേടാൻ മടിക്കുന്നവരാണെന്നാണ് കണക്ക്. മറ്റുള്ളവർ എന്തു കരുതുമെന്നതും നാണക്കേടും ഓർത്താണത്രേ പലരും കുട്ടികളുടെ ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയാൻ മടിക്കുന്നത്. എന്നാൽ ഇത് എത്രമാത്രം അപകടകരമാണെന്ന് അവർ അറിയുന്നില്ല.

പല മാനസികാരോഗ്യ സംഘടനകളുമായും കുട്ടികളുടെ സംഘടനകളുമായും കെയ്റ്റ് രാജകുമാരി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുന്നെ ഇത്തരം സന്ദർഭങ്ങളിൽ വിദഗ്ധ ഉപദേശം തേടേണ്ടത് അത്യാവശ്യമാണെന്ന് അവർ പറയുന്നു. കുട്ടികൾ ചെറിയ പ്രശ്നങ്ങൾ കാണിച്ചു തുടങ്ങമ്പോൾത്തന്നെ മടികൂടാതെ നാണക്കേടു വിചാരിക്കാതെ പ്രതിവിധി തേടേണ്ടതുണ്ട്. ചെറിയ ചികിത്സകളിലൂടെ മാറ്റാവുന്ന പ്രശ്നങ്ങളായിരിക്കും മാതാപിതാക്കളുടെ ഈ മനോഭാവം കാരണം വലിയ പ്രശ്നങ്ങളിലേക്ക് മാറുന്നത്.