കുട്ടികളുടെ സ്വന്തം മെസ്സി അങ്കിൾ; വൈറലായി വിഡിയോ

മൂന്നു മക്കളുടെ അച്ഛനാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. എത്ര വലിയ തിരക്കുണ്ടെങ്കിലും തിയാഗോവിനും മെറ്റോവിനും സിറോയ്ക്കുമൊപ്പം കളിക്കാനും കൂട്ടുകൂടാനും ലോകമാരാധിക്കുന്ന ഈ ഫുട്ബോൾ താരം തയ്യാറാകാറുണ്ട്. ലോകം മുഴുവൻ ആരാധകരുള്ള മെസ്സിയ്ക്കു കുട്ടി ആരാധകരും കുറവല്ല. അതിൽ ഒരു കുട്ടി ആരാധകനെ കയ്യിലെടുത്തു നിൽക്കുന്ന മെസിയുടെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഈ കുഞ്ഞാരാധകൻ ആരെന്നു അന്വേഷിച്ചു പോയവരാണ് ശരിക്കും ഞെട്ടിയത്. വൈരികളായ റയൽ ബെറ്റിസിലെ മെക്സിക്കൻ താരം ആന്ദ്രേ ഗോർഡാഡോയുടെ മകൻ മാക്സിമോ ആയിരുന്നു മെസ്സിയുടെ തോളിൽ സന്തോഷം കൊണ്ട് തല ചായ്ച്ചു കിടക്കുന്ന ബാലൻ.

തന്റെ അച്ഛൻ ഒരു കാൽപന്ത് കളിക്കാരനായിരുന്നിട്ടു കൂടി മാക്സിമോയ്ക്ക് ആരാധന മെസ്സിയോടായിരുന്നു. എല്ലാ കുഞ്ഞുങ്ങളെയും പോലെ മാക്സിമോയും മെസ്സിയെ കാണണമെന്നു തന്റെ പിതാവിനോട് ആഗ്രഹം പറഞ്ഞു. മകന്റെ ആഗ്രഹം നടത്തി കൊടുക്കണമെന്നുറപ്പിച്ച ഗോർഡാഡോ 2018 ജനുവരി 21ലേക്ക് അവന്റെ ആ വലിയ മോഹത്തെ മാറ്റിവെച്ചു. അന്നായിരുന്നു റയൽ ബെറ്റിസും ബാർസലോണയും തമ്മിലുള്ള മത്സരം. ആ കളിയിൽ 5-0 ത്തിനു റയൽ ബെറ്റിസ് പരാജയപ്പെട്ടെങ്കിലും ഗോർഡാഡോ മകനെയും കൊണ്ട് ബാഴ്‌സലോണയുടെ ഡ്രസിങ് റൂമിനു മുമ്പിൽ കാത്തുനിന്നു. അൽപനേരം കഴിഞ്ഞപ്പോൾ തന്റെ ആരാധകനെ സ്വീകരിക്കാൻ സാക്ഷാൽ ലയണൽ മെസ്സിയെത്തി. 'മെസ്' എന്ന് വിളിച്ചുകൊണ്ട് ഗോർഡാഡോയുടെ കയ്യിൽ നിന്നും കുഞ്ഞ് മാക്സിമോ, മെസ്സിയുടെ തോളിലേക്ക്. ഒക്കത്തിരുത്തി വിശേഷങ്ങൾ ചോദിച്ച മെസ്സിയോട് സന്തോഷത്തോടെ മറുപടി പറഞ്ഞ ആ കുഞ്ഞാരാധകനെ എടുത്തുകൊണ്ടു ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മെസ്സി ഒട്ടും മടിച്ചില്ല.

ആമസോൺ തയ്യാറാക്കുന്ന ലാ ലിഗയിലെ ആറ് താരങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമുള്ള ഒരു ഡോക്യുമെന്ററി ആണ് സിക്സ് ഡ്രീംസ്. ആ ഡോക്യൂമെന്ററിയിൽ നിന്നുമുള്ള ഒരു വീഡിയോ ആണിത്. മെസ്സിയെയും അദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതത്തെയും ആരാധകരെയുമൊക്കെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണ് മാക്സിമോ മെസ്സിയെ കാണാനെത്തുന്ന ഈ വീഡിയോ ഉള്ളത്.

കുഞ്ഞുങ്ങളോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കാര്യത്തിൽ ലയണൽ മെസ്സി എക്കാലത്തും മറ്റുള്ളവരെക്കാളും ഒരുപടി മുന്നിലാണ്. അതിനേറ്റവും വലിയൊരുദാഹരണമാണ് ലിയോ മെസ്സി ഫൌണ്ടേഷൻ. പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിന് വേണ്ടി മെസിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണത്. ഒരു ഇന്റർവ്യൂവിൽ ഈ ഫൗണ്ടേഷനെക്കുറിച്ചുള്ള ഒരു ചോദ്യമുയർന്നപ്പോൾ അതിനു അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു. " ഒരല്പം പ്രശസ്തി എനിക്കുള്ളതുകൊണ്ടു തന്നെ സഹായം ആവശ്യമുള്ള മനുഷ്യരെ സഹായിക്കാൻ എനിക്ക് അവസരം ലഭിക്കുന്നു. പ്രത്യേകിച്ചും കുട്ടികളെ." ആ വാക്കുകൾ തന്നെ സൂചിപ്പിക്കുന്നുണ്ട് മെസ്സിക്ക് കുട്ടികളോടുള്ള സ്നേഹവും താല്പര്യവും. സഹജീവികളോടുള്ള ഈ കരുണയും കരുതലും തന്നെയാണ് മെസ്സിയെ കളിക്കളത്തിനു പുറത്തും ഇത്രയും സ്വീകാര്യനാക്കുന്നത്.