കോന്നി സുരേന്ദ്രനെ വാങ്ങാൻ കുടുക്കയിൽ കാശുമായി ഒരു കുഞ്ഞു ആനപ്രേമി

ലക്ഷ്മി നാരായണൻ

ഇവൾ ദക്ഷ ശങ്കർ, വയസ്സ് മൂന്നര കഴിഞ്ഞിട്ടേയുള്ളൂ. എന്നാൽ കക്ഷിയുടെ ഒരേ ഒരു ആഗ്രഹം എന്തെന്നോ? കോന്നി ആനക്കൂട്ടിൽ നിന്നും കോന്നി സുരേന്ദ്രൻ എന്ന ആനയെ സ്വന്തമാക്കണം. ഇതിനായി ദക്ഷ എന്ന ലച്ചുമോൾ കഴിഞ്ഞ ഒന്നര വർഷമായി തന്റെ ആനയുടെ രൂപമുള്ള കുടുക്കയിൽ കാശും സൂക്ഷിക്കുന്നുണ്ട്. കോന്നി ആനക്കൂട്ടിലെ ഓരോ ആനയെയും കണ്ടാൽ തന്നെ പേരെടുത്ത വിളിക്കുന്ന, ദക്ഷ ഒരുപക്ഷെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആനപ്രേമി ആയിരിക്കും. 

ആനയോളം തന്നെ രസകരമാണ് ദക്ഷയുടെ ആനപ്രേമത്തിന്റെ കഥയും. പത്തനംതിട്ട കോന്നി സ്വദേശികളായ ഹരിശങ്കറിന്റെയും നീതുവിന്റെയും ഒരേയൊരു മകളാണ് ദക്ഷ. ചെറിയ പ്രായത്തിൽ മാമുണ്ടാൽ അമ്പിളി മാമനെ കാണിച്ചു തരാം എന്നൊക്കെയാണ് സാധാരണ കുട്ടികളോട് പറയുക, എന്നാൽ മാമുണ്ടാൽ ആനക്കൊട്ടിലിൽ കൊണ്ടുപോകാം എന്നാണ് അച്ഛൻ ഹരി ശങ്കർ കുഞ്ഞു ദക്ഷയോട് പറഞ്ഞിരുന്നത്. 

ഒരു വയസ്സ് പ്രായം തൊട്ടേ, കോന്നി ആനക്കൊട്ടിലിലെ സ്ഥിരം സന്ദർശകയാണ് ദക്ഷ. ആദ്യമാദ്യം ആന ഇവൾക്ക് അത്ഭുതമായിരുന്നു എങ്കിൽ പിന്നീടത് ആവേശമായി. ആനക്കൊട്ടിലിൽ പോകാതെയും ആനകളെ കാണാതെയും ഇരുന്നാലാണ് കക്ഷിക്ക് പ്രശ്നം.  ഓരോ ദിവസവും വൈകുന്നേരം ആകാൻ ഈ കുഞ്ഞു ആന പ്രേമി കാത്തിരിക്കും, എന്തിനെന്നോ ആനച്ചന്തം നേരിൽ കാണാൻ. 

വൈകുന്നേരങ്ങളിൽ മുത്തച്ഛന്റെ കയ്യും പിടിച്ച് നേരെ ആനക്കൊട്ടിലിലേക്ക്. കുട്ടിക്കൊമ്പൻ പിന്നെ കുട്ടിക്കൊമ്പൻ സുരേന്ദ്രനേയും കൃഷ്‌ണയെയും കണ്ട് നടത്തമാണ്. ആനയെ പേടിയില്ല എന്നത് പ്രായത്തിന്റെ അപക്വതയാണോ എന്ന് ചോദിച്ചാൽ അതിനുത്തരമില്ല. ആനയെ തല്ലുന്നതും ആനയോട് ദേഷ്യപ്പെടുന്നതുമൊന്നും ലവലേശം ഇഷ്ടമല്ല എന്നതുകൊണ്ട് തന്നെ കക്ഷി ഒരു കറകളഞ്ഞ ആനപ്രേമി ആകാനുള്ള യാത്രയിലാണ് എന്ന് മനസിലാക്കാം. 

അച്ഛൻ ഹരിശങ്കറിന്റെ ആനപ്രേമമാണ് ദക്ഷകുട്ടിക്കും കിട്ടിയിരിക്കുന്നത്. ഗുരുവായൂർ ആനക്കൊട്ടിലിലും പൂരങ്ങൾക്കും ഒക്കെ പോയി കൊമ്പന്മാരെ കാണുന്നതാണ് ഇരുവരുടെയും പ്രധാന വിനോദം എന്നും പ്രത്യേകം പറയണ്ടല്ലോ. കൊച്ചിയിൽ ജോലി ചെയ്യുന്ന അച്ഛൻ നാട്ടിൽ എത്തിയാൽ ഇരുവരുടെയും ആദ്യയാത്ര കോന്നി ആനക്കൊട്ടിലിലേക്ക് തന്നെ. 

സുരേന്ദ്രനെ വാങ്ങണം, കുടുക്കയിൽ കാശുണ്ട് കേട്ടോ 
ആനക്കൊട്ടിലിൽ പോയി കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ദക്ഷ ആനകളെ കാണുന്നു. കൂട്ടത്തിൽ കോന്നി സുരേന്ദ്രൻ എന്ന ആനയോടാണ് ദക്ഷക്ക് ഏറെ പ്രിയം. ആനക്ക് പുല്ലു കൊടുക്കാനും പഴം കൊടുക്കാനും ഒക്കെ നൂറിഷ്ട്ടം. പത്തൊൻപത് വയസ്സുള്ള ഈ കുട്ടിക്കൊമ്പന്റെ കറുപ്പഴകും ഉയരവും കേമത്വവുമാണ് ദക്ഷയെ ആകർഷിച്ചത്. ഒപ്പം, ഒരു വയസ്സുള്ളപ്പോൾ 'അമ്മ മരിച്ചു പോയ ഈ കുട്ടിക്കൊമ്പനെ ഫോറസ്റ്റുകാർ രക്ഷപ്പെടുത്തി കോന്നിയിൽ എത്തിച്ചതാണ് എന്ന കഥ കൂടി അച്ഛനിൽ നിന്നും കേട്ടപ്പോൾ ദക്ഷക്ക് സുരേന്ദ്രനോടുള്ള ഇഷ്ടം കൂടി. 

പിള്ള മനസ്സിൽ കള്ളം ഇല്ല എന്നല്ലേ പറയുക. സുരേന്ദ്രനെ നമുക്ക് വാങ്ങാം എന്ന് ദക്ഷ പറഞ്ഞപ്പോൾ, സംഗതി ഇത്രക്ക് കാര്യമാണ് എന്ന് മാതാപിതാക്കൾ കരുതിയില്ല. ആനയെ വാങ്ങുന്നതിനായി ആനയുടെ രൂപമുള്ള ഒരു കുടുക്കയിൽ കാശ് സൂക്ഷിക്കുകയാണ് ഈ മിടുക്കി. കിട്ടിയ വിഷുക്കൈനീട്ടവും അച്ഛനിൽ നിന്നും അമ്മയിൽ നിന്നും വാങ്ങുന്ന കാശും എല്ലാം ചേർത്ത് ഒരിക്കൽ സുരേന്ദ്രനെ വാങ്ങാൻ ദക്ഷകുട്ടി തയ്യാറെടുക്കുയാണ്. 

സുരേന്ദ്രനെ കൊണ്ട് പോവാൻ സമ്മതിക്കില്ലാട്ടാ...
കോന്നി സുരേന്ദ്രനോടുള്ള സ്നേഹം ദക്ഷയ്ക്ക് ഇങ്ങനെ കത്തി നിൽക്കുമ്പോഴാണ് ഈ സുന്ദരൻ ആനക്കുട്ടിയെ താപ്പാന ആക്കുന്നതിനുള്ള പരിശീലനത്തിനായി തമിഴ്‌നാട്ടിലെ മുതുമല ട്രെയിനിംഗ് കാമ്പിലേക്ക് കൊണ്ടുപോകുന്നു എന്ന വാർത്ത അച്ഛൻ ദക്ഷയോട് പറയുന്നത്. പിന്നെ വാശിയായി, സങ്കടമായി കരച്ചിലായി. സുരേന്ദ്രനെ ആർക്കും കൊടുക്കില്ല എന്ന പ്രഖ്യാപനവുമായി. 

സുരേന്ദ്രന്റെ പാപ്പാൻ പ്രകാശൻ ചേട്ടനോടും  അച്ഛനോടും എല്ലാവരോടും കുഞ്ഞു ദക്ഷയ്ക്ക് പറയാനുള്ള ഇതുമാത്രം, സുരേന്ദ്രനെ കൊണ്ട് പോവാൻ സമ്മതിക്കില്ലാട്ടാ...ഞാൻ വാങ്ങിച്ചോളാം അവനെ...ആനയുടെ രൂപത്തിലുള്ള തന്റെ കുടുക്ക നിറയുന്നതിനായി കാത്തിരിക്കുകയാണ് ഈ കുഞ്ഞു ആനപ്രേമി. അതുവരെ കോന്നി സുരേന്ദ്രൻ, കോന്നിയുടെ മണ്ണിൽ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.