ലോക്ഡൗൺ;

ലോക്ഡൗൺ; കുട്ടികള്‍ക്ക് നിരാശ വന്നാല്‍ എന്തുചെയ്യണം?

വെക്കേഷന്‍ സമയം കുട്ടികളെ സംബന്ധിച്ചിടത്തോളം സ്വര്‍ഗതുല്യമാണ്. പുറത്തിറങ്ങിക്കളിക്കാം നാട് ചുറ്റാം എന്നതെല്ലാമാണ് കാരണം. എന്നാല്‍ പതിവിലേറെ ദിവസങ്ങള്‍ ഇത്തവണ അവധി ആണെങ്കിലും എല്ലാം കൊറോണ കൊണ്ടുപോയി. അതിനാല്‍ തന്നെ പല കുട്ടികളും വീടിനുള്ളില്‍ അത്ര സന്തുഷ്ടരമൊന്നുമല്ലെന്നതാണ് വാസ്തവം.

കുറേ നാള്‍ പുറത്ത് പോകാതെയിരിക്കുമ്പോള്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിക്കും. ചിലര്‍ക്ക് ഫ്രസ്‌ട്രേഷന്‍ വരും നന്നായി. ചിലര്‍ക്ക് ആശങ്കയായിരിക്കും. ഇത്തരം മാറ്റങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്.

കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റം കണ്ടാല്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് അത് അംഗീകരിക്കുകയെന്നതാണ്. എന്താണ് തോന്നുന്നതെന്ന് പറയാന്‍ അവര്‍ക്ക് അവസരം നല്‍കണം. അവരുടെ തോന്നല്‍ ശരിയല്ല, വലിയ തെറ്റാണ് എന്നൊന്നും പറയാന്‍ നിന്നേക്കരുത്. ഇതില്‍ ശരിതെറ്റുകളില്ലെന്ന് ആദ്യം മനസിലാക്കുക. അവരെ കേള്‍ക്കുക എന്നതാണ് നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്.

അവര്‍ക്ക് ഇത്തരത്തില്‍ ഒരു ഫീലിങ് വരുമ്പോള്‍ അവരെ കേള്‍ക്കാന്‍ നിങ്ങളുണ്ടെന്ന തോന്നല്‍ അവരിലുണ്ടാകുകയെന്നതാണ് ഇവിടെ പ്രധാനം. വീട്ടില്‍ അടച്ചിട്ടിരിക്കുന്നത് എന്തിനാണെന്നും ഈ കാലവും കടന്നുപോകുമെന്നും പറ്റുന്ന രീതിയില്‍ അവരോട് സംവദിക്കാന്‍ ശ്രമിക്കുക.

പ്രശസ്ത ബിഹേവിയര്‍ അനലിസ്റ്റായ റീന പട്ടേല്‍ പറയുന്നൊരു കാര്യമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതാത്ത ഒരു വാക്കുണ്ട്. ഇത് ചെയ്യരുത് എന്നതാണത്. കരയരുത്, ഇത് ചെയ്യരുത്, ഇങ്ങനെ ചിന്തിക്കരുത് എന്നൊന്നും കൂടുതല്‍ ഈ സമയത്ത് കുട്ടികളോട് പറയാതിരിക്കുന്നതാണത്രെ നല്ലത്.

കുട്ടികളോടൊത്ത് കഥകള്‍ പറയാനും സംസാരിക്കാനുമെല്ലാം കൂടുതല്‍ സമയം ചെലവഴിക്കുക. ഭക്ഷണം കഴിക്കുമ്പോഴെല്ലാം അവരോട് കാഷ്വലായി സംസാരിച്ചുകൊണ്ടിരിക്കുക. ദയവു ചെയ്ത് ക്വാറന്‍റീൻ കാലത്ത് മള്‍ട്ടിടാസ്‌ക്കിങ്ങ് വിദഗ്ധയാകാന്‍ അമ്മമാര്‍ ശ്രമിക്കാതിരിക്കരുത്. അത് കുട്ടികളില്‍ നെഗറ്റീവായി ബാധിക്കുമെന്നും ചില വിദഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട്