മാധുരിയുടെ പേരന്റിങ് ടിപ്സ് സൂപ്പറാ...
ബോളിവുഡിന്റെ എന്നത്തേയും താരറാണി മാധുരിയുടെ പേരന്റിങ്ങ് രീതികൾ ഏറെ വ്യത്യസ്തമാണ്. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മാധുരി ഡോക്ടറായ ശ്രീരാം മാധവ് നെനെയെ വിവാഹം ചെയ്തത്. പിന്നെ സിനിമയോട് താല്കാലികമായി വിടപറഞ്ഞ് അമേരിക്കയിലായിരുന്നു താരം. റയാന്‍, ആരിൻ എന്ന രണ്ട് ആൺകുട്ടികളാണ് മാധുരിക്ക്. താൻ ഒരു കർക്കശക്കാരിയായ അമ്മയാണെന്ന് സമ്മതിക്കാൻ മാധുരിക്ക് യാതൊരു മടിയുമില്ല. വളർന്നു വരുന്ന കുട്ടികൾ അച്ചടക്കം അത്യാവശ്യമാണെന്നും അതിനായി അല്പം സ്ട്രിക്റ്റാവണമെന്നും മാധുരി പറയുന്നു. അമ്മയെന്ന നിലയിൽ കർക്കശക്കാരിയാണെങ്കിലും മക്കളുടെ ഒരു നല്ല സുഹൃത്തു കുടെയാണ് താനെന്നും സൂര്യനു താഴെയുള്ള എല്ലാ കാര്യത്തെക്കുറിച്ചും തങ്ങൾ സംസാരിക്കാറുമുണ്ടെന്നും മാധുരി.
മാധുരിയുടെ മക്കൾ സ്കൂളിൽ നടക്കുന്ന കാര്യങ്ങളും അവരുെട എല്ലാ വിശേഷങ്ങളും അമ്മയുമായി പങ്കുവയ്ക്കും. കുട്ടികൾക്കു പറയാനുള്ളത് കേൾക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തിയേ മതിയാകൂ. സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ ശേഷം തന്റെ സിനിമളെ കുറിച്ച കൃത്യമായ അഭിപ്രായങ്ങൾ കുട്ടികള്‍ പറയാറുണ്ട്.
മകൻ ഒരിക്കൽ സ്ക്കൂളിലെ ഉപന്യാസ മത്സരത്തിൽ എന്റെ അമ്മ അല്പം സ്ട്രിക്റ്റാണെന്ന് എഴുതിയെന്നും അത് സത്യമാണെന്നും മാധുരി പറയുന്നു. ചെറിയ പ്രായത്തിൽ ശീലിക്കുന്ന അച്ചടക്കം സ്വാഭാവികമായി അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറും. മുതിർന്നവരോടുള്ള ബഹുമാനവും കാത്തുസൂക്ഷിക്കണെമെന്ന് മാധുരിക്ക് നിർബന്ധമാണ്. കാര്യങ്ങൾ സ്വയം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്ന കാര്യത്തിലും മാധുരി മുൻപന്തിയിൽത്തന്നെയാണ്. കുട്ടികളുടെ മുൻപിൽ അവരെ ഹോംവർക്ക് ചെയ്യാൻ സഹായിക്കുന്ന അവരുടെ ഭക്ഷണകാര്യത്തിലും ആരോഗ്യത്തിലും അതീവശ്രദ്ധ പുലർത്തുന്ന സാധാരണ അമ്മ മാത്രമാണ് താനെന്നും മാധുരി പറയുന്നു.
അവർ സ്വതന്ത്രരായി വളരണമെന്നും സ്വന്തമായി ജീവിതമെന്തെന്ന് പഠിച്ചുതന്നെ വളരണമെന്നും ഇവർ പറയുന്നു. കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമെങ്കിലും അതിന് പിന്നിലെ തങ്ങളുടെ അധ്വാനത്തിന്റെ വില ഇവർ കുട്ടികൾക്ക് മനസിലാക്കികൊടുക്കും. ജീവിതത്തിൽ വിജയം കൈവരിക്കാൻ കഠിനാധ്വാനം അനിവാര്യമാണെന്ന പാഠം കുട്ടികളുമായി പങ്കുവയ്ക്കാറുണ്ട്..
ഉത്തരവാദിത്വങ്ങൾ പങ്കിട്ടെടുക്കുന്നതാണ് തന്റേയും നെനെയുടേയും പേരന്റിങ്ങിന്റെ വിജയമന്ത്രമെന്ന് താരം പറയുന്നു. ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടിയെടുക്കാനുള്ള ഒന്നാണ് ജീവിതം. അതിനായി കുടുംബമൊന്നാകെ ഉത്തരവാദിത്വങ്ങൾ പങ്കിടുക. കെട്ടുറപ്പുള്ള ഒരു കുടുംബത്തിന് അത് അത്യാവശ്യമാണ്. അത് കണ്ടു വളരുന്ന കുട്ടികൾ ഒരിക്കലും സ്വാർത്ഥരായി വളരില്ല.