കെട്ടിടത്തില്‍ ‘ഇഴഞ്ഞു’കയറി കുഞ്ഞിനെ രക്ഷിച്ച സ്പൈഡമാൻ; വിഡിയോ
വലിയ കെട്ടിടങ്ങളിലും തൂണുകളിലുമൊക്കെ അനായാസം വലിഞ്ഞു കയറുന്ന സൂപ്പര്‍ ഹീറോയാണ് സ്പൈഡര്‍മാന്‍. ഒരു സാങ്കല്‍പ്പിക കഥാപാത്രത്തിന് മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ് സ്പൈഡര്‍മാന്‍ ചെയ്യുന്നതും. എന്നാല്‍ യഥാര്‍ത്ഥ സ്പൈഡര്‍മാനെ കണ്ടെത്തിയിരിക്കുകയാണ് ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍. മാലിയില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ മമൗദൗ ഗസാമയാണ് താരം. നാലുനില കെട്ടിടത്തിന്‍റെ ടെറസില്‍ നിന്നും താഴേക്ക് തൂങ്ങിക്കിടന്ന കുട്ടിയെ അനായാസമായി വലിഞ്ഞുകയറി രക്ഷിക്കുന്ന ഗമാസിന്‍റെ വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.
നിമിഷങ്ങള്‍ക്കകമാണ് ഗമാസ് ഓരോ നിലയിലുമുള്ള ബാല്‍ക്കണികളിലേക്ക് വലിഞ്ഞ് കയറി തൂങ്ങിക്കിടന്ന കുട്ടിയെ എടുത്ത് മുകളില്‍ നില്‍ക്കുന്ന ആളെ ഏല്‍പ്പിക്കുന്നത്. ആള്‍ക്കൂട്ടത്തിന്‍റെ ആരവവും വിഡിയോയില്‍ കേള്‍ക്കാം. എന്തായാലും പാരിസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ നേരിട്ട് വിളിച്ച് ഗസാമയെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. മാലിയില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിലെത്തിയ ഗസാമയ്ക്ക് സ്ഥിരതാമസത്തിനുള്ള സൗകര്യം ഒരുക്കുമെന്നും ഹിഡാല്‍ഗോ അറിയിച്ചിട്ടുണ്ട്.
ധീരപ്രവര്‍ത്തിക്ക് അഭിനന്ദനമായി ഫ്രാന്‍സ് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്താന്‍ പ്രത്യേക ക്ഷണവും ഗസാമയ്ക്ക് ലഭിച്ചിട്ടുണ്ട്. 'ചെറിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. അതുകൊണ്ട് വേറൊന്നും ചിന്തിച്ചില്ല. കെട്ടിടത്തിലേക്ക് വലിഞ്ഞു കയറി. രക്ഷിക്കാനായതില്‍ ദൈവത്തിന് നന്ദി'. ഇതായിരുന്നു ഗസാമയുടെ പ്രതികരണം. എന്തായാലും യഥാര്‍ത്ഥ സ്പൈഡര്‍മാനാണ് ഗസാമയെന്നാണ് വീഡിയോ കണ്ടവര്‍ ഒന്നടങ്കം പറയുന്നത്.