പിഡോഫീലിയയുടെ കൈകൾ മക്കൾക്കു നേരെ നീളുമ്പോൾ

മഞ്ജു പി എം 

പിഡോഫീലിയ, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ക്ക് പറയുന്ന ഈ വാക്ക് നമുക്ക് പരിചിതമായിട്ടു അധിക കാലമായിട്ടില്ല. സ്വന്തം പിതാവില്‍ നിന്ന് പോലും കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നു എന്നുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാന്‍ തുടങ്ങിയത് മുതലാണ്, കുട്ടികളുടെ സുരക്ഷയ്ക്ക് ഇത്രയധികം ഭീഷണി നേരിടുന്ന ഒരു സംസ്ഥാനത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നത് എന്ന കാര്യം മാതാപിതാക്കളുടെ ഉറക്കം കെടുത്തി തുടങ്ങിയത്. ലൈംഗീകമായ ആസക്തിയെ ലൈംഗീകമായ പ്രവർത്തനങ്ങളിലൂടെയോ സ്പർശനത്തിലൂടെയോ, നോട്ടത്തിലൂടെയോ, വാക്കുകള്‍ കൊണ്ടോ കുട്ടികള്‍ക്കെതിരെ പ്രകടിപ്പിക്കുന്നതിനെയാണ് പിഡോഫീലിയ എന്ന് പറയുന്നത്. താനും പിഡോഫീലിയക്ക് ഇരയാകപ്പെട്ടിട്ടുണ്ടല്ലോ എന്ന കാര്യം മറിയം റൗഫ് തിരിച്ചറിഞ്ഞത് പത്തൊൻപതാം വയസ്സിലാണ്. അന്നു മുതല്‍ കുട്ടികള്‍ക്ക് എങ്ങനെ സ്വയരക്ഷ ഉറപ്പാക്കാം എന്നതിനെക്കുറിച്ച് അറിയാനും പഠിക്കാനുമായിരുന്നു ഈ ഇരുപത്തിരണ്ടുകാരിയുടെ ശ്രമം.

ബംഗളൂരുവില്‍ നിന്നും, പേര്‍സണല്‍ സേഫ്റ്റി എജ്യുക്കേഷന്‍ ആന്‍ഡ്‌ ലൈഫ് സ്കില്ല്സ് എന്ന സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ച ശേഷം കുട്ടികളുടെ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന നിരവധി എന്‍.ജി.ഒ കളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മറിയം, ‘കുട്ടികളുടെ സുരക്ഷ’ ക്കുള്ള പരിശീലനം സ്കൂള്‍ സിലബസ്സില്‍ നിര്‍ബന്ധിത വിഷയമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന് നിവേദനം സമർപ്പിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് വൈറലാക്കിയ ഈ ഓണ്‍ലൈന്‍ പെറ്റിഷനില്‍ 38,200 ഓളം ആളുകളാണ് ഒപ്പ് നല്‍കിയിരിക്കുന്നത്.

കുട്ടികളുടെ സുരക്ഷക്ക് വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ബംഗളൂരുവിലും മേഘാലയയിലും ഉള്ള എല്ലാ സ്കൂളുകളിലും വിവിധ എന്‍.ജി.ഓകള്‍ വഴി നടപ്പിലാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു കുട്ടികളും പഠിപ്പിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു നിരവധി പാഠപുസ്തകങ്ങളും ലഭ്യമാണ്. എന്നാല്‍ സാക്ഷരതയിലും വിദ്യാഭ്യാസ പുരോഗതിയിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തില്‍ കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് ഗൗരവപരമായ ബോധവല്കരണ പരിപാടികള്‍ ഒന്നും തന്നെ നടക്കുന്നില്ല. ആഴ്ചയില്‍ അഞ്ചു മണിക്കൂര്‍ കൊണ്ട് പഠിപ്പിക്കാവുന്ന കാര്യങ്ങളാണ്‌ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലന പദ്ധതിയില്‍ ഉള്ളത്. ഇതേക്കുറിച്ച് അധ്യാപകരെയോ മാതാപിതാക്കളേയോ പഠിപ്പിച്ചു കൊടുക്കാന്‍ മറിയത്തെ പോലെ പരിശീലനം നേടിയ സന്നദ്ധര്‍ നിരവധിയുണ്ട്. അതിനൊരു അവസരം സ്കൂളുകളില്‍ സൃഷ്ടിച്ചു നല്‍കണം എന്നതാണ് മറിയം നല്‍കിയ ഓണ്‍ലൈന്‍ പെറ്റീഷന്റെ ചുരുക്കം.

പോക്സോ നിയമത്തിനു കീഴില്‍പ്പെടുന്ന ക്രൂരതയേറിയ കാര്യങ്ങള്‍ മാത്രമേ പലപ്പോഴും പോലീസില്‍ കേസാക്കപ്പെടുന്നുള്ളൂ. എന്നാല്‍ ലഭ്യമാകുന്ന കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ ഒരു ദിവസം മൂന്നു കുട്ടികള്‍ എങ്കിലും പിഡോഫീലിയക്ക് ഇരയാക്കപ്പെടുന്നുണ്ട്. നല്ല സ്പർശനം, ചീത്ത സ്പർശനം എന്ന വാക്കുകളേക്കാള്‍ കുട്ടികള്‍ മനസ്സിലാക്കിയിരിക്കേണ്ടത്, സുരക്ഷിതമായ സ്പർശനവും അരക്ഷിതമായ സ്പർശനവും എന്താണെന്നാണ്.

വസ്ത്രധാരണം, സംസാരം, സ്പർശനം തുടങ്ങിയവയുമായി ബന്ധപ്പെട്ടു ഓരോ വ്യക്തിയും പാലിക്കേണ്ട നിയമങ്ങള്‍ കുട്ടികള്‍ അറിഞ്ഞിരിക്കണം. കുളിക്കുമ്പോഴോ വിസര്‍ജ്ജനം നടത്തുമ്പോഴോ, വസ്ത്രം മാറ്റുമ്പോഴോ മാത്രമേ നമ്മുടെ ശരീരത്തില്‍ നിന്നും വസ്ത്രങ്ങള്‍ മാറ്റാന്‍ പാടുള്ളൂ. നിങ്ങളോട് ആരെങ്കിലും വസ്ത്രം അഴിക്കാന്‍ പ്രേരിപ്പിക്കുമ്പോഴും മറ്റൊരാള്‍ വസ്ത്രം ഉൗരി നിങ്ങൾക്ക് മുന്നില്‍ പ്രദർശിപ്പിക്കുമ്പോഴും നിയമം തെറ്റിക്കപ്പെടുകയാണ്. ശരീരവും നഗ്നതയുമായും ബന്ധപ്പെടുത്തി ആരെങ്കിലും നിങ്ങളോട് സംസാരിക്കുന്നതും കുറ്റകരമാണ്. ചുമലില്‍ തട്ടി കൊഞ്ചിക്കുന്നവരുടെ മനോഭാവം അല്ല മാറില്‍ തട്ടി കൊഞ്ചിക്കുന്നവര്‍ക്ക് ഉള്ളതെന്ന് കുട്ടികള്‍ മനസ്സിലാക്കിയിരിക്കണം. ഇങ്ങനെ അരക്ഷിതമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ‘വേണ്ട’, ‘അരുത്’, ‘ഞാന്‍ ചെയ്യില്ല’ എന്ന് ഉറക്കെ പറയാനും ആ അവസ്ഥയില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനും ഉള്ള ധൈര്യമാണ് കുട്ടികള്‍ക്ക് ഉണ്ടാകേണ്ടത്.

ലൈംഗീകമായി തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന് കുട്ടികള്‍ക്ക് മനസിലാകണമെന്നില്ല. പക്ഷെ തങ്ങള്‍ക്ക് അസുഖകരമായി തോന്നുന്ന പെരുമാറ്റം ഒരു വ്യക്തിയില്‍ നിന്നും അനുഭവിക്കേണ്ടി വന്നുവെന്ന് തോന്നിയാല്‍ കുട്ടികള്‍ക്ക് പരാതി പറഞ്ഞു കൊണ്ട് അഞ്ചു കൂട്ടരുടെ സഹായം തേടാനുള്ള അവസരം ഉണ്ട്. അച്ഛന്‍ അമ്മ , മുത്തച്ഛന്‍ മുത്തശ്ശി, പോലിസ്, 1098 എന്ന ചൈല്‍ഡ് ഹെൽപ് ലൈന്‍ നമ്പര്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി എന്നിവയാണവ.

അപരിചിതരായവര്‍ മോശമായി പെരുമാറിയാല്‍ വീട്ടുകാരോട് പറയണം എന്നല്ല കുട്ടികളോട് പറയേണ്ടത്. ഒരുപക്ഷേ, വീട്ടിലുള്ളവരില്‍ നിന്നോ വളരെ പരിചിതരായവരില്‍ നിന്നോ ആവാം കുട്ടികള്‍ക്ക് അരക്ഷിതമായ സ്പർശനങ്ങള്‍ നേരിടേണ്ടി വന്നത്. അതുകൊണ്ട് സ്പർശനത്തിലെ വ്യത്യാസങ്ങളാണ് കുട്ടികള്‍ അറിയേണ്ടത്. നാണം മറക്കാതെ കുഞ്ഞു കുട്ടികള്‍ നടക്കുന്നത് കാണുമ്പോള്‍ കൂകി വിളിച്ചു അവരെ കളിയാക്കുക എന്നതാണ് മുതിര്‍ന്നവരുടെ ശീലം. അതൊരു നാണക്കേടായി കുട്ടികള്‍ തോന്നും. അപ്പോള്‍ നാണം മറക്കേണ്ട ഭാഗങ്ങളില്‍ ആരെങ്കിലും സ്പർശിച്ച കാര്യം അമ്മയോട് പോലും പറയാന്‍ കുട്ടികള്‍ക്ക് ഉൾഭയവും നാണവും ഉണ്ടാകും. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചനകള്‍ കുട്ടികള്‍ പറഞ്ഞാല്‍ അത് നൂറു ശതമാനവും സത്യമായിരിക്കും എന്ന് മാതാപിതാക്കള്‍ വിശ്വസിക്കണം എന്നതാണ് കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മനശാസ്ത്ര വശം.

കുട്ടികളുടെ സുരക്ഷയെക്കുറിച്ചു കുട്ടികളും മാതാപിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെ കുറിച്ചു ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്താന്‍ ഇംഗ്ലീഷ് ഭാഷ പരിശീലകയും കൂടിയായ മറിയം റൗഫ് എന്ന കോട്ടയം സ്വദേശി തയ്യാറാണ്. നിഷ്കളങ്കരായ ബാല്യത്തോട് ലൈംഗികമായ ക്രൂരതകള്‍ നടത്തുന്നവര്‍ക്കെതിരെ പ്രതികരിക്കാനുള്ള അവബോധം ഒരു കുട്ടിയിലെങ്കിലും ഉണ്ടാക്കാനായാല്‍ അതിലാണ് തന്‍റെ സംതൃപ്തിയെന്നാണ് മറിയം വിശ്വസിക്കുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്– മറിയം റൗഫ്