ആരും സ്വാഗതം ചെയ്യാനില്ലാതെ ഒരു രാജാവ് ; വിഡിയോ വൈറൽ!

"തമ്പുരാൻ മാവേലി കേരളത്തിൽ..
അബ്രല്ലാത്തോണിയിൽ തിത്തകത്തൈയ്..."

പറഞ്ഞു വരുന്നത് ഓണത്തെക്കുറിച്ചു തന്നെയാ... എന്നാലും ഈ മാവേലി എന്തിനാ അബ്രല്ലാത്തോണിയിൽ എത്തിയത് അതും നമ്മുടെ ടൈഗർ സാബുവുമൊത്ത്?... ഇത്തവണ ആരും സ്വാഗതം ചെയ്യാനില്ലാതെ മാവേലിത്തമ്പുരാൻ എത്തിയപ്പോൾ ആകെയുണ്ടായത് ഒരു പ്രജ മാത്രമായിരുന്നു.

അതേ പതിവുപോലെ മാവേലിത്തമ്പുരാൻ ഓണത്തിന് കേരളം വിസിറ്റു ചെയ്യാൻ എത്തിയിരുന്നു. ആകെ പ്രളയവും പ്രശ്നങ്ങളുമൊക്കെയായതു കൊണ്ട് നമ്മുടെ ടൈഗർ സാബുവുമൊത്താണ് മാവേലി ഇത്തവണയെത്തിയത്. പണ്ട് പണ്ട് തന്റെ നാടുമുഴുവൻ വാമനനു കൊടുത്ത തിരുമേനിക്ക് എല്ലാക്കൊല്ലവും തന്റെ നാടും നാട്ടുകാരെയും നടന്നു കാണാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ മാവേലിക്ക് തന്റെ കാല് നിലത്തു കുത്താൻ പോലുമായില്ല. കാണാനെത്തിയ നാട്ടുകാരാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പിലും.

നാടു മൊത്തം വെള്ളമാണെങ്കിലും മാവേലി തന്റെ പതിവ് മുടക്കിയില്ല. നടക്കാൻ പറ്റാത്തതുകൊണ്ട് തന്റെ ഓലക്കുട അങ്ങ് ത‌ോണിയാക്കി ടൈഗർ സാബുവുമൊത്ത് പ്രളയം ദുരിതം കാണാനിറങ്ങി. ഉടുക്കുകൊട്ടിപ്പാടി ടൈഗർ രംഗം ഉഷാറാക്കി. തന്റെ പ്രജകളുടെ കൈയ്യിലിരുപ്പു കൊണ്ടാണിതൊക്കെയെന്നും, ഇതൊരു തുടക്കം മാത്രമാണെന്നും മാവേലി ഓർമിപ്പിക്കുന്നുണ്ട്.

ത്രിഡി മാജിക് നിർമിച്ചിരികുന്ന വിഡിയോയുടെ ആശയവും സംഭാഷണവും സംവിധാനവും ഫെലിക്സ് ദേവസ്യയാണ്. വരികൾ രാജേഷ് പുതുമന, സൗണ്ട് റെക്കോഡിങ് ബെന്നി ജോൺസൻ, അനിമേഷൻ അവിനാശ് തോമസ്.