മക്കൾ വഴക്കു കൂടാറുണ്ടോ? ആരോഗ്യകരമെന്ന് ശാസ്ത്രം
ചെറുപ്പത്തിൽ നമ്മൾ ഏറ്റവും അധികം വഴക്കിട്ടുള്ളത് ആരോടായിരിക്കും? ഒന്നോർത്തു നോക്കൂ...ആ ചുവന്ന കാറിനു വേണ്ടി, ടിവിയുടെ റിമോട്ടിനു വേണ്ടി, വിഡിയോ ഗെയിമിനു വേണ്ടി....ബാല്യകാലത്തെ ഏറ്റവും വലിയ ശത്രുവും വേറെയാരുമായിരിക്കില്ല. സ്വന്തം കൂടപ്പിറപ്പ് തന്നെയായിരിക്കും. അടുത്തിരിക്കുമ്പോൾ കടിച്ചുകീറാൻ വെമ്പുകയും അകലവെയായിരിക്കുമ്പോൾ കാണാൻ കൊതിക്കുകയും ചെയ്യുന്ന ആ പ്രത്യേക മാനസികാവസ്ഥ അനുഭവിക്കാത്ത സഹോദരങ്ങളുണ്ടാകില്ല. ഇതിന് സിബ്ലിങ് റൈവൽറി എന്നാണ് മനശ്ശാസ്ത്രജ്ഞർ പറയുക. മാതാപിതാക്കളുടെ ശ്രദ്ധ നേടിയെടുക്കാനുള്ള മത്സരമാണ് പലപ്പോഴും വഴക്കുകളിൽ കലാശിക്കുക. കുട്ടികളെ തമ്മിൽ താരതമ്യപ്പെടുത്തി സംസാരിക്കുന്ന ശീലമുള്ള മാതാപിതാക്കളുടെ മക്കളിൽ ഈ തമ്മിലടി കൂടുതലായിരിക്കും. രണ്ടാമതൊരു കുട്ടിയേ കുറിച്ച് ആലോചിക്കുമ്പോഴേ പല മാതാപിതാക്കളും സിബ്ലിങ് റൈവൽറിയെ കുറിച്ചോർത്ത് ടെൻഷൻ അടിക്കാറുണ്ട്. ഇളയകുട്ടിയെ സ്വീകരിക്കാനായി മനസ്സു കൊണ്ട് മൂത്ത കുട്ടിയെ തയാറാക്കുന്നതിന്റെ പ്രാധാന്യം മനശ്ശാസ്ത്രജ്ഞരും എടുത്തു പറയാറുണ്ട്.
എന്നാൽ സിബ്ലിങ് റൈവൽറി അഥവാ കൂടപ്പിറപ്പുകളുടെ തമ്മിലടി തികച്ചും ആരോഗ്യകരമാണെന്ന് ശാസ്ത്രം പറയുന്നു. ഇത് ആളുകളെ കൂടുതൽ മികച്ച വ്യക്തികളാക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പ്രസിദ്ധമായ കേംബ്രിജ് സർവകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. കുട്ടികളായായിരിക്കുമ്പോഴുള്ള ഈ തമ്മിലടികൾ വൈകാരികമായും മാനസികമായും കൂടുതൽ മികച്ചവരാകാൻ സഹായിക്കുന്നുണ്ടത്രെ.
140 ഒാളം കുട്ടികളെ നിരീക്ഷിച്ചു നടത്തിയ ഈ പഠനം പറയുന്നത് സഹോദരങ്ങൾ തമ്മിൽ വളരെയധികം സ്വാധീനിക്കുന്നുവെന്നാണ്. തമ്മിലുണ്ടാകുന്ന വാദപ്രതിവാദങ്ങളും പ്രശ്നപരിഹാരങ്ങളും ബൗദ്ധികമായും യുക്തിപരമായുമുള്ള തലങ്ങളെ ശക്തിപ്പെടുത്തുമെന്നു ഗവേഷകർ പറയുന്നു. സത്യത്തിൽ വഴക്കാളിയും വാശിക്കാരനുമായ കൂടപ്പിറപ്പുണ്ടെങ്കിൽ നിങ്ങൾ വളരെ സ്മാർട്ട് ആകുമെന്നു ചുരുക്കം. ഭാവിയിൽ ബന്ധങ്ങളുടെ കാര്യത്തിലും ആളുകളുമായി ഇടപഴകുമ്പോഴും കൂടുതൽ ബാലൻസ്ഡ് ആയ സമീപനങ്ങൾ കൈക്കോള്ളാൻ ഇതു നിങ്ങളെ സഹായിക്കും. അതുകൊണ്ട് ഇപ്പോൾ തന്നെ നിങ്ങളുടെ സഹോദരന് /സഹോദരിക്ക് നന്ദി പറഞ്ഞുകൊള്ളൂ, നിങ്ങളെ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്.