നിങ്ങൾ മൂന്ന് മക്കളുള്ള അമ്മയാണോ? പുതിയ പഠനം ഞെട്ടിക്കും!

കൂടുതൽ കുട്ടികളുള്ള വീടുകളിലെ കോലാഹലങ്ങൾ എല്ലാവർക്കുമറിയാം. ഒരു കുട്ടിയായാലും പത്ത് കുട്ടികളായാലും കുട്ടികളെ നോക്കുക എന്നത് അത്ര നിസാരകാര്യമല്ല. ഭക്ഷണം കൊടുക്കൽ മുതൽ അവരുടെ വാശികൾ പരിഹരിക്കൽ വരെയാകുമ്പോഴേയ്ക്കും അമ്മമാർ കുഴയും. ഒന്നിൽക്കൂടുതൽ കുട്ടികളുള്ള അമ്മമാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. പണ്ട് കാലത്തൊക്കെ എട്ടും പത്തും മക്കളുള്ള അമ്മമാർ യാതൊരു കുഴപ്പവുമില്ലാതെ മക്കളെ വളർത്തിയില്ലേ എന്നാകും ചിലരുടെ സംശയം.

അമേരിക്കയില്‍ നടന്ന ഒരു പഠനമനുസരിച്ച് ഏറ്റവും കൂടുതൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്നത് മൂന്ന് മക്കളുള്ള അമ്മമാരാണ്. ഏഴായിരത്തിലധികം അമ്മമാരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഒന്നോ രണ്ടോ നാലോ അഞ്ചോ അതിൽ കൂടുതലോ മക്കളുള്ള അമ്മമാരേക്കാൾ മൂന്ന് കുട്ടികളുള്ള അമ്മമാരാണ് മാനസിക പിരിമുറുക്കം കൂടുതലായി അനുഭവിക്കുന്നത്. ഇതിനെ ഡഗ്ഗർ എഫക്ട് എന്നാണിവർ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ ഒരു ദിവസത്തെ ജോലികൾ തീർക്കാൻ സമയം തികയാറില്ലെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പറയുന്നു. വ്യത്യസ്ത പ്രായത്തിലുള്ള മൂന്ന് കുട്ടികളുടെ കാര്യം നോക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്നാണ് അമ്മമാർ അഭിപ്രായപ്പെട്ടത്. പഠനത്തിൽ കണ്ടെത്തിയ മറ്റൊരു രസകരമായ കാര്യം, അമ്മമാർ ആൺകുട്ടികളേക്കാൾ പെൺകുട്ടികളുടെ കാര്യത്തിലാണത്രേ കൂടുതൽ സ്ട്രസ് അനുഭവിക്കുന്നത്.

സൈക്കാട്രിസ്റ്റായ ഡോ ജാനറ്റ് ടെയ്​ലറുടെ അഭിപ്രായത്തിൽ മൂന്നു കുട്ടികളായിക്കഴിയുമ്പോള്‍ അമ്മമാർക്ക് അതുമായി ഇണങ്ങാനുള്ള കഴിവ്‌ ലഭിക്കുമെന്നും അവർ പതിയെ ശാന്തരാകുമെന്നുമാണ്. ആ സാഹചര്യവുമായി അവർ പതിയെ പൊരുത്തപ്പെടുന്നു. പിന്നെ നാലോ അതിൽ കൂടുതലോ കുട്ടികളായിക്കഴിഞ്ഞാലും ഇവർ പെർഫെക്ഷനിസത്തെക്കുറിച്ച് ചിന്തിക്കുക പോലുമില്ലത്രേ. കൂടുതൽ കുട്ടികളാകുന്നതരുസരിച്ച് അമ്മമാർ പേരന്റിങിൽ കൂടുതൽ ആത്മവിശ്വാസമുള്ളവരാകുന്നുവെന്നും അവർ പറയുന്നു.