'നിങ്ങളുടെ മകന് ഭ്രാന്താണ്; അവനെ കൊന്നു കളയൂ’: ഉള്ളുപൊള്ളി ഒരമ്മ
മുഖവരകളിലും വാക്കുകളിലും ഒതുങ്ങാത്ത യാതനയാണ് പലപ്പോഴും ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ ജീവിതം. അവരെ പരിരക്ഷിക്കുന്ന അമ്മമാരുടെ ജീവിതം പലപ്പോഴും വേദനകളുടെ കടലുകളും. മരണം പോലും ചിന്തിച്ചുപോകുന്ന അമ്മമാർ കുറവല്ല. ശാരീരിക പീഡനം മുതൽ ൈലംഗിക പീഡനം വരെയാണ് ഇത്തരത്തിലുളള കുഞ്ഞുങ്ങൾ നേരിടേണ്ടി വരുന്നതും. നാളെ നേരം വെളുക്കുന്നതു പോലും പേടിച്ച് ജീവിതം തളളിനീക്കുന്ന അമ്മമാർ ഒരുപാട്. ഓട്ടിസം അസുഖമാണെന്നും മാനസിക തകരാറാണെന്നും വിശ്വസിക്കുന്ന പലരെയും മസ്തിഷ്ക പ്രവർത്തനങ്ങളുടെ വ്യത്യസ്തത മൂലമുണ്ടാകുന്ന അവസ്ഥയാണിതെന്ന് പറഞ്ഞു മനസിലാക്കാൻ ഇതുവരെ വൈദ്യലോകത്തിന് തന്നെ കഴിഞ്ഞിട്ടുമില്ല.
ഓട്ടിസം ബാധിച്ച മകൾ എങ്ങും ഇറങ്ങിപ്പോകാതിരിക്കാൻ ജനലിൽ കെട്ടിയിടേണ്ടി ജോലിക്കു പോകുന്ന അമ്മമാരെ എല്ലാ നാടിനും പരിചയമുണ്ട്. പുറത്തിറങ്ങി പോകാതിരിക്കാനും അപകടങ്ങളൊന്നും സംഭവിക്കാതിരിക്കാനും തന്റെ പൊന്നുമകളെ ജനാലയുടെ കമ്പിയിൽ കെട്ടിയിട്ടു ജോലിക്കു പോകുന്ന കേരളത്തിലെ കൊടുങ്ങല്ലൂർ സ്വദേശിനി ബിന്ദുവിന്റെ കഥ രാജ്യാന്തര മാധ്യമങ്ങൾ വരെ വാർത്തയാക്കിയതുമാണ്.
ദേഷ്യം വന്നാൽ പെട്ടെന്ന് നിയന്ത്രിക്കാൻ ഇത്തരം കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് സാധിക്കാറില്ല. മുതിർന്നവരെയും പ്രായഭേദമില്ലാതെ ആരെയും അകാരണമായി തല്ലി മുറിവേൽപ്പിക്കുന്ന കുഞ്ഞുങ്ങളെയും കാണാൻ സാധിക്കും. അമ്മ തുണിയലക്കുമ്പോഴും മറ്റു ജോലികൾ ചെയ്യുമ്പോഴും ഇത്തരത്തിലുളള കുഞ്ഞുങ്ങൾ ഇറങ്ങിയോടി അപകടങ്ങളിൽപ്പെടുന്നതും തീയുടെയും അടുപ്പിനടുത്തുമൊക്കെ പോയി അപകടമുണ്ടാക്കുന്നതും നിത്യ സംഭവങ്ങളാണ്.
ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുളള അമ്മമാരുടെ കരൾ നോവുന്ന അനുഭവങ്ങൾ ഹൃദയം തന്നെ തകർക്കുന്നതാണ് എന്നുചുരുക്കം. ബ്രിട്ടനിൽ നിന്നുളള ഒരമ്മയുടെ അനുഭവമാണ് സമുഹമാധ്യമങ്ങളിൽ കണ്ണീർ പടർത്തുന്നത്. ലണ്ടനിലെ ഡോൺകാസ്റ്ററിൽ ജീവിക്കുന്ന ലോറൻ ലക്കി എന്ന മുപ്പതുകാരിയുടെ അനുഭവമാണ് മനസാക്ഷിയെ നടുക്കുന്നത്.
ഓട്ടിസം ബാധിച്ച അഞ്ചുവയസുകാരനോട് അയൽവാസികൾക്കുളള മനോഭാവമാണ് ആ അമ്മയെ വേദനിപ്പിക്കുന്നത്. അയൽവാസികളിലൊരാൾ തന്റെ മകനെ മണിക്കൂറുകളോളം ക്രൂരമായി അപഹസിക്കുകയും അവനെതിരെ അശ്ലീല പ്രയോഗം നടത്തുകയും ചെയ്യുന്നതായി ലോറൻ പറയുന്നു. നിന്റെ കുഞ്ഞിന് ഭ്രാന്താണ്, എന്തിനു നീ ഞങ്ങളുടെ സ്വൈര്യം കളയുന്നു. അവനെ കൊന്നു കളയൂ. ലൂക്കാസ് മിലൻ എന്ന തന്റെ അഞ്ചുവയസ് മാത്രം പ്രായമുളള മകൻ ഓട്ടിസം ബാധിതനാണെന്നും പഠന വൈകല്യം ഉളള കുഞ്ഞാണെന്നും ലക്കി പറയുന്നു. പേര് വെളിപ്പെടുത്താത്ത അയൽവാസി ശകാരവർഷത്തിനൊപ്പം ലൂക്കായെ അധിക്ഷേപിക്കുന്ന ഓഡിയോ മണിക്കൂറുകളോളം പ്ലേ ചെയ്യുന്നതായും ലക്കി പരാതി പറയുന്നു. അയൽവാസിയുടെ ക്രൂരപ്രവൃത്തി ലക്കി തന്നെയാണ് റെക്കോർഡ് ചെയ്ത് ലോകത്തെ അറിയിച്ചത്.
നവംബർ 23 ാം തീയതി ഈ അശ്ലീല പ്രയോഗത്തിനു മുൻപ് അയൽക്കാരനുമായി താനും ഭർത്താവും തമ്മിൽ നല്ല ബന്ധമായിരുന്നുവെന്നും ഇവർ അവകാശപ്പെടുന്നു. സമൂഹമാധ്യമങ്ങളിലും മറ്റുമായി ഫണ്ട് ശേഖരണത്തിനായി താൻ ശ്രമിക്കുകയാണെന്നും കുറച്ചു പണം കിട്ടിയാൽ ഡോൺകാസ്റ്ററിൽ നിന്ന് തനിക്കും കുടുംബത്തിനും മാറി താമസിക്കാമെന്നും മറ്റൊരു സ്ഥലവും വീട് വാങ്ങാനുളള സാമ്പത്തിക സ്ഥിതി തത്കാലം തങ്ങൾക്കില്ലെന്നും ഇവർ പറയുന്നു.
നിങ്ങളുടെ മകന് ഭ്രാന്താണ്. അവനെ കൊണ്ട് ഒന്നിനും ഉപയോഗമില്ല, അവനെ കൊന്നു കളയൂ. നിങ്ങൾക്ക് മനസിലാകുന്നുണ്ടോ? അവൻ മരിക്കുന്നതാണ് നിങ്ങൾക്കും എനിക്കും നല്ലത്. ദയവായി എനിക്കു വേണ്ടി അത് ചെയ്യൂ. അയാൾ ആക്രോശിച്ചു. മറ്റൊരു റെക്കോർഡിൽ പറയുന്നത് ഇങ്ങനെ: നിങ്ങൾ ഭ്രാന്തൻമാരാണ് നിങ്ങളെ കൊണ്ട് ഒന്നിനും സാധിക്കില്ല. ചില്ലിക്കാശിന് വിലയില്ലാത്തവരാണ് നിങ്ങൾ. നിങ്ങളുടെ മകന് ഭ്രാന്താണ്. ഭ്രാന്ത് ഉത്പാദിപ്പിക്കുന്നവരാണ് നിങ്ങൾ. അവനെ കൊന്നു കളയൂ.. നിങ്ങളും മരിക്കൂ. അയാൾ ആക്രോശിച്ചു.
എന്റെ മകൻ ഓട്ടിസം ബാധിതനാണ്. അവൻ ഏത് നേരത്ത് എങ്ങനെ പെരുമാറുമെന്ന് എനിക്ക് ഒരിക്കലും മുൻകൂട്ടി കാണുവാൻ സാധിക്കില്ല. ഞാൻ ഭയചകിതയായിരിക്കുന്നു. അയാൾ എന്നെയും കുടുംബത്തെയും കൊല്ലും– ലക്കി പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് താങ്ങാകുന്നതിലും അപ്പുറമാണിത്. ലൂക്കായുടെ ബലഹീനതകളെ കുറിച്ചാണ് അയാൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. പൊലീസിലും മറ്റും പരാതി പറഞ്ഞ് ഞാൻ മടുത്തു. അയാളുടെ വീട്ടിൽ നിന്ന് അയാൾ ഉച്ചത്തിൽ സംസാരിക്കുന്നതിന് നപടികൾ എടുക്കാൻ നിർവാഹമില്ലെന്നാണ് അവർ പറയുന്നത്. ശബ്ദമലീനകരണത്തിനാണ് ആകെക്കൂടി ഒരു കേസെടുത്തത്– കണ്ണീരോടെ ലക്കി പറയുന്നു.
എന്റെ മകനെതിരെ അസഭ്യപ്രയോഗം നടത്തുന്നതിനെക്കാൾ എന്നെ വേദനിപ്പിക്കുന്നത് ഈ കാര്യങ്ങൾ റെക്കോർഡ് ചെയ്യാൻ അയാൾ സമയം കണ്ടെത്തുന്നുെവന്നതാണ്. എന്റെ മകൻ ഇതു വരെ ആരെയും മുറിപ്പെടുത്തിയിട്ടില്ല. ആരെയും നോവിക്കാൻ അവന് ഒരിക്കലും സാധിക്കില്ല. എതെങ്കിലും എടുത്തു തരാൻ ഞാൻ ആവശ്യപ്പെട്ടാൽ അത് പോലും ചെയ്യാൻ അവനും സാധിക്കില്ല. ഞാൻ പറയുന്ന പല കാര്യങ്ങളും മനസിലാക്കാൻ അവന് സാധിക്കുന്നുമില്ല. ഇത്രമാത്രം ഒരു പിഞ്ചുകുഞ്ഞിനെ വെറുക്കാൻ മാത്രം എങ്ങനെ ഒരാൾക്കു കഴിയുമെന്ന് ഞാൻ അത്ഭുതപ്പെടുന്നു. കുഞ്ഞുങ്ങളെ കുറിച്ച് ഇത്തരം കാര്യങ്ങൾ പറയുന്നത് അംഗീകരിക്കാൻ കഴിയുന്നില്ല.
ഓരോ നിമിഷവും മരണത്തിനും ജീവിതത്തിനും ഇടയിലുടെയാണ് ഒരോ ഓട്ടിസം ബാധിതരുടെ മാതാപിതാക്കളും കടന്നു പോകുന്നതെന്ന് ലോകത്തിനു മുന്നിൽ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് താൻ തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുന്നതെന്നും അവർ പറഞ്ഞു. ലക്കിയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയെന്നും യോർക്ക്ഷെയർ പോലീസ് അറിയിച്ചു.