ഈ 13 കാര്യങ്ങൾ പെണ്‍മക്കളോട് പറയാൻ മടിക്കല്ലേ
പെൺകുട്ടികളുള്ള അമ്മമാർ ഭാഗ്യവതികളെന്നാണ് പറയാറ്. കാരണം ഒരു മകൾ എന്നതിലുപരി ഒരു ബെസ്റ്റ് ഫ്രെണ്ടിനെക്കൂടെയാണിവർക്കു കിട്ടിയിരിക്കുന്നത്.
തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരിയാകുകയെന്നാൽ അതത്ര എളുപ്പ പണിയൊന്നുമല്ല കേട്ടോ.. വളരെ ചെറുപ്പം മുതൽ തന്നെ അതിനായി ശ്രമിക്കണമെന്നുമാത്രം. അമ്മമാർ തന്നെയാവണം അവരുടെ ആദ്യത്തേയും ഏറ്റവും അടുത്തതുമായ കൂട്ടുകാരി. അതിനായി അവളെ ഒരുക്കിയെടുക്കേണ്ടതും അമ്മമാർതന്നെയാണ്. ഈ യാത്രയിൽ മകളോട് ചില കാര്യങ്ങൾ അമ്മമാർ പറയുക തന്നെ വേണം. അതൊക്കെ എന്താണെന്ന് നോക്കാം.
നീ സുന്ദരിയാണ്
ഓരോ അമ്മമാരും തന്റെ മകളോട് പറയേണ്ട ആദ്യത്തെ കാര്യമാണിത്. അതേ അവൾ സുന്ദരി തന്നെയാണ്. സൗന്ദര്യമെന്നാൽ അത് ബാഹ്യമായത് മാത്രമല്ലെന്നും അവളുടെ കഴിവുകളും നേട്ടങ്ങളും എന്തിന് ഒരു നല്ല പ്രവർത്തി പോലും സൗന്ദര്യമാണെന്ന് അവളെ പറഞ്ഞ് മനസിലാക്കാം.
സത്യസന്ധയായിരിക്കുക
ജീവിതം എങ്ങനെയൊക്കെയാണെങ്കിലും തന്നോടും മറ്റുള്ളവരോടും എപ്പോഴും സത്യസന്ധയായിരിക്കുക.
നോ പറയേണ്ടിടത്ത് പറയുക
മറ്റുള്ളവരെ വിഷമിപ്പിക്കാനുള്ള മടി മൂലം പെൺകുട്ടികൾ പൊതുവെ പല കാര്യങ്ങളും എതിർത്ത് പറയാൻ മടികാണിക്കാറുണ്ട്. എന്നാൽ നോ പറയേണ്ടിടത്ത് അത് പറയുക തന്നെ വേണമെന്ന് പറയാം.
വായന അത്യാവശ്യം
അവർക്കിഷ്ടമുള്ള നോവലോ കഥകളോ മാത്രമല്ല, അറിവ് തരുന്നതെന്തും വായിക്കാൻ അവരോട് പറയാം. കാരണം വായന ആരെയും തളർത്തില്ല വളർത്തുക മാത്രമേ ചെയ്യൂ.
കരുണയുള്ളവളാകാം
അതേ നമ്മുടെ ഒരു ചെറിയ നല്ല പ്രവർത്തി ചിലപ്പോൾ ഒരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.
പാചകം നന്നായി ചെയ്യാം
അതേ ഈ പെൺകുട്ടികൾ പാചകം പഠിക്കണമെന്ന് പറയുന്നത് പോലയല്ല. നന്നായി പാചകം ചെയ്യുക എന്നത് ഒരു കലായാണ്. ആ കല സ്വായത്തമാക്കുക ഉത്തമം തന്നെയാണ്.
സഹായം ചോദിക്കാൻ മടിക്കേണ്ട
മുടി ചീകാനായാലും ഹോംവർക്ക് ചെയ്യാനാണെങ്കിലും മറ്റുള്ളവരോട് സഹായം ചോദിക്കാൻ അവരെ പഠിപ്പിക്കാം. സാമൂഹിക ജീവിയായ മനുഷ്യന് മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നും അവളെ പഠിപ്പിക്കാം.
കരച്ചിൽ തടഞ്ഞു നിർത്തേണ്ട
സങ്കടങ്ങളും പ്രശ്നങ്ങളും അവളെ കരയിച്ചേക്കാം, എന്നാൽ അവളെ കരയാൻ അനുവദിക്കുക. കാരണം അത്തരം വികാരങ്ങൾ പ്രകടിപ്പിച്ച് തീർക്കുക തന്നെ വേണം.
ആത്മവിശ്വാസം അത്യാവശ്യം
നിന്നെ ഒന്നിനും കൊള്ളില്ല, നിന്നെക്കൊണ്ടത് ചെയ്യാൻ പറ്റില്ല എന്നൊന്നും ഒരിക്കലും അവളോട് പറയല്ലേ. അവളുെട ആത്മവിശ്വാസം വാനോളം ഉയർന്നതാവട്ടെ
സന്തോഷം കണ്ടെത്താം
ചെറിയകാര്യങ്ങളിൽപ്പോലും സന്തോഷം കണ്ടെത്താം. അവളുടെ ആഘോഷങ്ങൾക്ക് നിങ്ങളുടെ പൂർണ പിൻതുണയുണ്ടാകണം.
കാര്യങ്ങൾ മാറിമറിയാം
ജീവിതം ഓരോ നിമിഷവും മാറിമറിയാം, കൂട്ടുകാരിൽ നിന്നും ചിലപ്പോൾ അകലാം, സാഹചര്യങ്ങൾ മാറാം, അതാണ് ജീവിതം എന്നവളെ പറഞ്ഞ് പഠിപ്പിക്കാം.
നന്ദി എന്താണെന്നറിയാം.
അവൾക്ക് നല്ലൊരും ഉടുപ്പ് വാങ്ങാൻ നിങ്ങൾ എത്ര കഷ്ടപ്പെട്ടുവെന്ന് അവൾ അറിഞ്ഞിരിക്കണം. ലഭിക്കുന്ന ഓരോ നന്മയ്ക്കും നന്ദിയുള്ളവളായി അവൾ വളരട്ടെ.
സ്നേഹം അവൾ അറിയട്ടെ
എത്രമാത്രം അവളെ സ്നേഹിക്കുന്നുവെന്ന് അവൾ അറിയുക തന്നെ വേണം, അതവളെ കൂടുതൽ സുരക്ഷിതത്വമുള്ളവളും ആത്മവിശ്വാസമുള്ളവളുമാക്കും.