കുട്ടികൾ മിടുക്കരാകും, നിസ്സാരമായ ഈ കാര്യങ്ങൾ ചെയ്ത് നോക്കൂ

'കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുക്കുക, ഇല്ലെങ്കിൽ നമുക്ക് ഫ്യൂച്ചറുണ്ടാകില്ല, നമ്മുടെ കുട്ടിക്ക് ഫ്യൂച്ചറുണ്ടാകില്ല.' സമൂഹമാധ്യമത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു വിഡിയോയിലെ വാക്കുകളാണിത്. മാതാപിതാക്കൾക്കു ക്ലാസെടുക്കുന്ന ഒരു ഡോക്ടറുടെ ആ വാക്കുകൾ ലോകത്തിലെ എല്ലാ മാതാപിതാക്കൾക്കും വേണ്ടിയുള്ളതാണ്. നമ്മുടെ ജോലിത്തിരക്കൊക്കെ കഴിഞ്ഞ് കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയല്ല വേണ്ടത്. കുഞ്ഞുങ്ങൾ നമ്മളോട് സംസാരിക്കാനെത്തുമ്പോൾ പലപ്പോഴും നാം മറ്റ് ജോലികൾക്കിടയിൽ അവരെ വേണ്ടത്ര ശ്രദ്ധിക്കാറില്ല. എന്നാൽ അവർ നമ്മളോട് സംസാരിക്കാൻ വരുമ്പോൾ മറ്റെല്ലാത്തിരക്കുകളും മാറ്റിവച്ച് അവരെ കേൾക്കുകതന്നെ വേണമെന്നാണ് ഈ വിഡിയോയിൽ പറയുന്നത്.

മിക്ക വീടുകളിലും കുട്ടികൾ കുട്ടികൾ കളിച്ചു തളർന്ന് സെറ്റിയിലോ മറ്റോ കിടന്നുറങ്ങും പിന്നെ അവരെ വാരിയെടുത്ത് കൊണ്ടുകിടത്തലാകും പതിവ്. എന്നാൽ കുട്ടികൾ ഉറങ്ങാൻ നേരം അവർക്ക് കഥകൾ പറഞ്ഞുകൊടുത്ത് അവർക്കരികിൽ നിങ്ങളും ഒന്നു കിടന്നുനോക്കൂ. വീട്ടിലെ പാത്രം കഴുകലൊക്കെ അതുകഴിഞ്ഞാവാം എന്നാണ് ഈ ഡോക്ടർ പറയുന്നത്. കുട്ടികൾ അന്നന്നു ചെയ്ത തെറ്റുകളിൽ കുറ്റബോധം തോന്നുന്നത് രാത്രിയാകുമ്പോഴായിരിക്കും. ഈ അവസരം മുതലാക്കി കഥകൾ പറ‍ഞ്ഞുകൊടുക്കുന്നതിന്റെ കൂട്ടത്തിൽ കുട്ടികൾക്ക് നല്ല നല്ല കാര്യങ്ങൾകൂടി പറഞ്ഞുകൊടുക്കാം.

കുട്ടികളെ ഒരിക്കലും ഉപാധികൾ വച്ചു ഒരിക്കലും സ്നേഹിക്കരുത്. നല്ല മാർക്കു വാങ്ങിയാൽ സൈക്കിൾ വാങ്ങിത്തരാമെന്നൊക്കെ മിക്ക മാതാപിതാക്കളും പറയാറുണ്ട്, എന്നാൽ തോറ്റാൽ എന്തെങ്കിലും വാങ്ങി കൊടുക്കാമെന്ന് നിങ്ങളിൽ ആരെങ്കിലും പറയാറുണ്ടോ? കുട്ടികളെ വേദനിപ്പിക്കാതെ എങ്ങനെ പോസിറ്റീവായി അവരോട് കാര്യങ്ങൾ പറഞ്ഞുകൊടുക്കാമെന്നു ഈ ഡോക്ടർ മനോഹരമായി പറഞ്ഞു തരുന്നു.

കുട്ടികൾക്ക് മൊബൈൽ ഫോൺ കളിക്കാൻ കൊടുക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ചും ഇവർ പറയുന്നു. ക്രീയേറ്റിവിറ്റി നശിപ്പിക്കുന്ന ഇവ കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നും ഇവർ പറയുന്നു. ചെറിയ കുട്ടികളെയാണ് സാധാരണ മാതാപിതാക്കൾ കൊഞ്ചിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയുമൊക്കെ ചെയ്യാറ്. കുട്ടി വളരുന്തോറും മാതാപിതാക്കളുെട ഭാഗത്തുന്നിന്നുള്ള ഇത്തരം സ്നേഹപ്രകടനങ്ങൾ കുറഞ്ഞു വരാറാണ് പതിവ്. എന്നാൽ കുട്ടികൾ എത്ര വളർന്നാലും സ്നേഹപ്രകടനങ്ങള്‍ മാതാപിതാക്കൾ ഒഴിവാക്കരുത്. അങ്ങനെ ഒഴിവാക്കുമ്പോഴാണ് കുട്ടികൾ സ്നേഹവും കരുതലും തേടി മറ്റിടങ്ങളിലേയ്ക്ക് പോകുന്നത്.

മാതാപിതാക്കളും കുട്ടികളും ദിവസവും അല്പ സമയം ചെലവഴിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അന്നന്നു നടന്ന കാര്യങ്ങൾ കുട്ടികൾക്ക് നിങ്ങളോട് പങ്കുവയ്ക്കാൻ അവസരം ഉണ്ടാക്കികൊടുക്കുകതന്നെ വേണം. സോഷ്യൽ മീഡിയയിൽ ഈ ടീച്ചറുടെ വിഡിയോയ്ക്ക് ആരാധകരേറെയാണ്.