ഇവളുടെ ബെസ്റ്റ് ഫ്രണ്ട് കടുവ; അമ്പരപ്പിക്കും സൗഹൃദം; വിഡിയോ
താലോലിച്ചും കൊഞ്ചിച്ചും വളർത്താൻ കുഞ്ഞുങ്ങൾക്ക് നായയെയും പൂച്ചയെയും പക്ഷികളെയും ഉൾപ്പെടെ വാങ്ങി നൽകാറുണ്ട് മാതാപിതാക്കൾ. എന്നാൽ സോഷ്യൽ ലോകത്ത് വിസ്മയം തീർക്കുന്നത് ചൈനയിൽ നിന്നുള്ള ഈ ഒൻപതുവയസുകാരിയാണ്. സുൻ സിയോജിങ് എന്ന ഒൻപതുകാരിയുടെ പ്രിയ ചങ്ങാതി ഒരു കടുവക്കുട്ടിയാണ്.
കുട്ടികൾ ചെറുപ്രായത്തിലേ ഇത്തരത്തിൽ മൃഗങ്ങളുമായി ഇടപഴകി വളരുന്നത്, ഭാവിയിൽ വ്യക്തിത്വ രൂപീകരണത്തെ വരെ സ്വാധീനിക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. എങ്കിലും വന്യമൃഗങ്ങളെ കളിക്കൂട്ടായി കൂട്ടുന്നത് അപൂർവമാണ്.
സുന്നിന്റെ അച്ഛൻ ദക്ഷിണ ചൈനയിലെ ഒരു മൃഗശാലയിലെ ജീവനക്കാരനാണ്. മൃഗശാലയ്ക്കടുത്താണ് ഇവരുടെ വീടും. മൂന്ന് മാസം മുൻപ് കടുവക്കുട്ടി ജനിച്ചത് മുതൽ സുൻ അവളുടെ സമയം കൂടുതലും ചിലവഴിക്കുന്നത് കടുവയ്ക്കൊപ്പമാണ്. ആ അടുപ്പം ഇവർക്കിടയിൽ വലിയ സൗഹൃദമായി.
കടുവയ്ക്ക് ഒപ്പം കളിക്കുക മാത്രമല്ല, അതിന് ഭക്ഷണം കൊടുക്കുന്നതും, പാലുകൊടുക്കുന്നതും, എന്തിന് കുളിപ്പിക്കുന്നതടക്കം ചെയ്യുന്നത് ഈ പെൺകുട്ടിയാണ്. കടുവക്കുട്ടിക്ക് ഹുനിയു എന്നാണ് ഇവൾ പേരിട്ടത്. കടുവയുടെ കഴുത്തിലൊരു ബെൽറ്റും കെട്ടി ഇരുവരും ഒന്നിച്ച് സവാരിയും പോകാറുണ്ട്. ഹുനിയ്ക്ക് മുൻപേ പിറന്ന രണ്ട് കുട്ടികളെ അമ്മ കടുവ ചവിട്ടിക്കൊന്നിരുന്നു. ഈ സാഹചര്യത്തിൽ മൃഗശാല അധികൃതർ ഹുനിയയെ മാറ്റിയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവർ തമ്മിലുള്ള സൗഹൃകാഴ്ച സോഷ്യൽ ലോകത്തും വൈറലായിരിക്കുകയാണ്.