കൈപ്പത്തിയില്ല, ലോകത്തെ ഏറ്റവും നല്ല കൈയ്യക്ഷരത്തിനുടമ!

എഴുതാൻ കൈപ്പത്തി കൂടിയേ തീരു എന്നുണ്ടോ? എന്നാൽ കൈപ്പത്തിയില്ലാതെ വിസ്മയങ്ങൾ വിരിയിക്കുന്ന ഒരു മിടുക്കിയുണ്ട്. ഒരു കുറവുമില്ലാത്ത, എന്നാല്‍ ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും പരാതിയും പരിഭവവുമായിക്കഴിയുന്ന ഓരോർത്തർക്കുമുള്ള ഉത്തരമാണീ കുട്ടി. കൈപ്പത്തിയില്ലെങ്കിലും ഏറ്റവും നല്ല കൈയ്യക്ഷരത്തിനുള്ള സമ്മാനം ഈ ഒൻപത് വയസ്സുകാരിക്ക് സ്വന്തമാണ്. വിർജീനിയയിൽ നിന്നുള്ള അനായ എന്ന മിടുക്കിയുടെ ഈ ഒൻപത് വർഷത്തെ ജീവിതം പോലും മറ്റുള്ളവർക്ക് വളരെ പ്രചോദനമാണ്.

ജന്മനാ അനായയ്ക്ക് കൈപ്പത്തിയുണ്ടായിരുന്നില്ല. എന്നാൽ അവൾക്കതൊരു കുറവായി തോന്നിയിട്ടേയില്ല. സ്വന്തമായിത്തന്നെയാണ് കൈപ്പത്തികളില്ലാത്ത ആ കൈകളുപയോഗിച്ച് എഴുതാൻ അവൾ പരിശീലിച്ചത്. നല്ല മനോഹരമായ വടിവൊത്ത കൈയ്യക്ഷരമാണ് ഈ കൊച്ചു മിടുക്കിയുടേത്. നിരന്തരമായ പരിശീലനത്തിലൂടെയാണ് അനായ കൈകൾ കൊണ്ട് എഴുതാൻ പഠിച്ചത്. പരിശീലനത്തിലൂടെ നേടാനാവത്തതൊന്നുമില്ലെന്ന് അനായ പറയുന്നു.

ക്ളാസിലെ മറ്റുകുട്ടികൾ ചെയ്യുന്നതെന്തും അനായയ്ക്കും ചെയ്യാനാകും. കൈപ്പത്തിയില്ലെന്ന കാരണം പറഞ്ഞ് അവൾ ഒന്നിൽ നിന്നും വിട്ടുനിൽക്കില്ലെന്നും ചിലപ്പോൾ മറ്റ് കുട്ടികളേക്കാളും ഭംഗയായിത്തന്നെ ഹോം വർക്കും മറ്റ് പ്രവർത്തികളും അനായ ചെയ്യാറുണ്ടെന്നും അധ്യാപിക പറയുന്നു. മൂന്ന് വർഷം മുൻപ് നാഷണൽ അവാർഡ് ഫോർ പെൻമാൻഷിപ്പും അനായ സ്വന്തമാക്കിയിരുന്നു.

ഏറ്റവും നല്ല കൈയ്യക്ഷരത്തിനുള്ള ദേശീയ പുരസ്ക്കാം ഈ കൊച്ചുമിടുക്കിയെ തേടിയത്തിയത് ഈയിടെയാണ്. എഴുതാൻ മത്രമല്ല മനോഹരമായി ചിത്രങ്ങൾ വരയ്ക്കാനും ഈ മിടുക്കിക്കാവും. പൂക്കളേയും മനുഷ്യരേയും വരയ്ക്കാനാണ് അനായയ്ക്ക് കൂടുതലിഷ്ടം.