നിങ്ങൾ‌ നല്ല മാതാപിതാക്കളോ? ഉത്തരം ഈ 7 ചോദ്യങ്ങൾ പറയും!

നിങ്ങൾ നല്ല മാതാപിതാക്കളാണോ? കുട്ടികളോടുള്ള നിങ്ങളുടെ പെരുമാറ്റം മാത്രമാണോ നല്ല മാതാപിതാക്കൾക്കുള്ള മാനദണ്ഡം. കുട്ടികളെ നല്ലവരായി വളർത്തിയെടുക്കാൻ എല്ലാ മാതാപിതാക്കളും ഒരുപാട് ത്യാഗങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നുണ്ട്. അതുപോലെ കുട്ടിയുടെ വളർച്ചയുടെ ഓരോഘട്ടത്തിലുമുള്ള പ്രവർത്തിയിൽ അവന്റെ മാതാപിതാക്കളും വിലയിരുത്തപ്പെടുന്നു. താഴെപ്പറയുന്ന ഏഴ് കാര്യങ്ങൾ പറയും നിങ്ങൾ നല്ല മാതാപിതാക്കളാണോയെന്ന്.

1. നിങ്ങളുടെ കുട്ടി അവന്റെ എല്ലാ വികാര വിചാരങ്ങളും നിങ്ങളോട് പങ്കുവയ്ക്കാറുണ്ടോ? അവരുടെ സങ്കടങ്ങളും പേടിയും ദേഷ്യവും ഒക്കെ നിങ്ങളോട് കാണിക്കാറുണ്ടോ? ഉണ്ടെങ്കിൽ അത് വളെര നല്ലൊരു കാര്യം തന്നെയാണ്. കാരണം അവർ നിങ്ങളുടെയൊപ്പം ഇമോഷണലി സെയ്ഫാണ് എന്നാണ് ഈ പങ്കുവയ്ക്കൽ പറയുന്നത്. കുട്ടി ഇത്തരം വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവരെ ഒരിക്കലും അവഗണിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുത്.

2. കുട്ടി എന്തെങ്കിലും പ്രശ്നത്തിൽ അകപ്പെടുമ്പോൾ ആദ്യം നിങ്ങളെത്തേടിയാണോ എത്തുന്നത്? അങ്ങനെയെങ്കിൽ അവർക്ക് നിങ്ങളുടെയടുത്ത് അത്ര സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്നാണ് മനസിലാക്കേണ്ടത്. എന്തു പ്രശ്നവും നിങ്ങളോട് തുറന്നു പറയാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കാം.

3. നിങ്ങളുടെ പ്രതികരണത്തെ ഭയക്കാതെ കുട്ടി അവന്റെ ചിന്തകളും ആശയങ്ങളും നിങ്ങളുമായി പങ്കുവയ്ക്കാറുണ്ടോ? കുട്ടികളുടെ ആശയങ്ങളെ നിസാരമെന്ന് തള്ളിക്കളയാതെ പോസിറ്റിവായി സ്വീകരിക്കുന്നവരാണോ നിങ്ങൾ. അതവരുടെ ചിന്തകളെ ചിറകുവിരിയിക്കും.

4. കുട്ടി എന്ത് ചെയ്താലും വിമർശിക്കുക മാത്രമാണോ നിങ്ങൾ ചെയ്യുന്നത്? നല്ല മാതാപിതാക്കൾ മോശമായ വിമർശനങ്ങൾ കൊണ്ട് അവരെ വിഷമിപ്പിക്കാറില്ല. വിമര്‍ശിക്കേണ്ടി വന്നാൽ കാര്യകാരണസഹിതം സ്നേഹപൂർവം മാത്രം പറയുക. വഴക്കാളി, അലമ്പൻ, തുടങ്ങിയ ലേബലുകൾ കുട്ടിയുടെ മേൽ പരസ്യമായി ചാർത്താതിരിക്കുക.

5. കുട്ടിയുടെ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടോ? അവരുടെ താല്പര്യങ്ങൾക്ക് മുന്‍തൂക്കം നൽകാറുണ്ടോ? അത് നേടിയെടുക്കാൻ അവരെ സഹായിക്കുകയും പ്രാപ്തരാക്കുയും ചെയ്യുകയാണ് നല്ല മാതാപിതാക്കളുടെ ലക്ഷണം.

6. കുട്ടിയുടെ നന്മക്കായി അതിരുകളും നിയമങ്ങളും വയ്ക്കാറുണ്ടോ? മിതമായ നിയന്ത്രണങ്ങളും ആവശ്യം തന്നെയാണ്. മോശം വാക്കുകൾ ഉപയോഗിക്കാതിരിക്കുക, മുതിർന്നവരെ ബഹുമാനിക്കുക, ലഹരിപദാർഥങ്ങൾ അകറ്റി നിർത്തുക തുടങ്ങിയ നിയന്ത്രണങ്ങൾ ആവശ്യംതന്നെയാണ്.

7. നിങ്ങള്‍ തെറ്റു ചെയ്താൽ കുട്ടിയോട് ക്ഷമ ചോദിക്കാറുണ്ടോ? അനാവശ്യമായി കുട്ടിയെ വഴക്കുപറഞ്ഞാൽ അവരോട് ക്ഷമചോദിക്കാം. നല്ലൊരു മാതൃകയാണ് നിങ്ങൾ അതിലുടെ കാണിച്ചുകൊടുക്കുന്നത്.

കുട്ടിയ്ക്ക് നല്ല ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നതിനൊപ്പം ജീവിതവിജയത്തിനാവശ്യമായ മൂല്യങ്ങളും നമ്മകളും കൂടെ പകർന്നുനല്‍കാം, അങ്ങനെ നല്ല മാതാപിതാക്കളാകാം.