മാതാപിതാക്കളേ ഈ അബദ്ധങ്ങൾ നിങ്ങൾ ചെയ്യാറുണ്ടോ?
കുട്ടികൾക്ക് ദോഷം വരുന്നതെന്തെങ്കിലും ചെയ്യാൻ നല്ല മാതാപിതാക്കൾ ശ്രമിക്കുമോ? ഇല്ലെന്നു തന്നെയാണുത്തരം. ചിലപ്പോൾ അവരുടെ നല്ലതിനു വേണ്ടി ചെയ്യുന്ന പലതും ദോഷമായി മാറിയേക്കാം. ഇതാ അങ്ങനെ അറിയാതെ ചെയ്യുന്ന ചില അബദ്ധങ്ങൾ. അവ എങ്ങനെ ഒഴിവാക്കാമെന്നും പരിഹരിക്കാമെന്നും നമുക്ക് നോക്കാം.
അമിത പരിരക്ഷ
രണ്ട് മുതൽ ഏഴ് വയസുവരെയുള്ള പ്രായത്തിലാണ് കുഞ്ഞുങ്ങൾ പലതും പഠിക്കുന്നത്. അവരെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും അനുവദിക്കണം. അല്ലാതെ നിരീക്ഷണങ്ങളും കൊച്ചു കൊച്ചു പരീക്ഷണങ്ങളും നടത്തുന്നതിൽ നിന്നും അവരെ പിൻതിരിപ്പിക്കരുത്. അമിത പരിരക്ഷ കുട്ടികളെ അന്തർമുഖരാക്കും,
ദുശ്ശാഠ്യം അനുവദിച്ചു കൊടുക്കണ്ട
ചെറിയ കുഞ്ഞുങ്ങൾ വിശന്നാലും മറ്റ് ആവശ്യങ്ങളും കരഞ്ഞാണ് സാധിക്കാറ്. എന്നാൽ അല്പം മുതിർന്നു കഴിയുമ്പോഴും കാര്യസാധ്യത്തിന് ഈ കരച്ചിൽ അനുവദിക്കരുത്. ഇത് സ്വയം നിയന്ത്രിക്കാനുള്ള അവരുടെ കഴിവ് നശിപ്പിക്കും.
അനാവശ്യ വിമർശനം
കാര്യങ്ങൾ ചെയ്യാൻ കുട്ടികൾക്ക് സമയവും ക്ഷമയും ആവശ്യമാണ്. ശാസനയും അനാവശ്യ വിമർശനവും അവരുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തും. അതുകൊണ്ട് അനാവശ്യ വിമർശനം അരുതേ.
ചോദ്യങ്ങൾ അവഗണിക്കുക
മിക്ക കുട്ടികളും ജിജ്ഞാസുക്കളും നിരവധി സംശങ്ങളുള്ളവരുമായിരിക്കും. അവരുടെ ചോദ്യങ്ങളെ നിസാരമെന്നു കരുതി പല മാതാപിതാക്കളും അവഗണിക്കുകയോ, എന്തെങ്കിലും തട്ടിക്കൂട്ട് ഉത്തരം നൽകുകയാണ് പതിവ്. ഇത് അവരുടെ ആശയവിനിമയത്തെ ബാധിക്കുകയും മാതാപിതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും. നിങ്ങൾക്ക് അവരുടെ ചോദ്യത്തിന് ഉത്തരമറിയില്ലെങ്കിൽ, അത് നോക്കിയിട്ട് പിന്നെ പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. സെക്സിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അവരുടെ പ്രായത്തിനനുസരിച്ചുള്ള മറുപടി നൽകാൻ ശ്രദ്ധിക്കുക.
കള്ളം പറയുക
മാതാപിതാക്കൾ കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണിത്. പ്രത്യകിച്ച് ശരീര അവയവങ്ങളെയും സെക്സിനെയു കുറിച്ചൊക്കെ അവരോട് നുണ പറയാതെ അവർക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കാം.
ആക്രാശിക്കുക
കുട്ടികളോടും കുട്ടികളുടെ മുന്നിൽ വച്ച് മറ്റുള്ളവരോടും ആക്രാശിക്കുകയോ ശപിക്കുകയോ ചൂടായി സംസാരിക്കുകയോ ചെയ്യരുത്. അത് അതേപടി അവർ അനുകരിക്കുക തന്നെ ചെയ്യും.