മക്കളെ പരാജയപ്പെടുത്തുന്ന മാതാപിതാക്കളുടെ 7 സ്വഭാവങ്ങൾ! 

മഞ്ജു പി.എം. 

കുട്ടികൾ ചെയ്യുന്ന ദോഷങ്ങൾക്കൊക്കെ ‘വളർത്തുദോഷം’ എന്ന കുറ്റപ്പെടുത്തലാണ് മുതിർന്നവരിൽ നിന്നും മിക്ക മാതാപിതാക്കൾക്കും കേൾക്കേണ്ടി വരുന്നത്. കുട്ടികൾക്ക് നൽകുന്ന അമിത സ്വാതന്ത്ര്യവും അമിതസ്നേഹവും അവരെ ദോഷകരമായേ ബാധിക്കൂ. അമിതമായ സ്നേഹ പരിചരണം (caring) നൽകുന്നത് നല്ലൊരു നേതൃത്വപാടവമുള്ളവരായി വളരാൻ കുട്ടികൾക്ക് തടസ്സമാവുകയാണ് ചെയ്യുന്നത്. ഇന്നത്തെ കുട്ടികളെ ഭാവിയിലെ നല്ല നേതാക്കന്മാരായി എങ്ങനെ വളർത്തിയെടുക്കാം എന്ന വിഷയത്തെ സംബന്ധിച്ച് ഗവേഷണം നടത്തുകയും 25 ലധികം ബുക്കുകൾ എഴുതുകയും ചെയ്ത ഡോ. ടിം എൽമോർ മക്കളെ പരാജയപ്പെടുത്തുന്ന മാതാപിതാക്കളുടെ സ്വഭാവത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ച് പറയാം.

ലോകത്ത് സ്വന്തമായി ഒരു നേതൃസ്ഥാനം സ്വന്തമാക്കാൻ അവസരം നൽകാതെ മക്കളെ പിന്നോട്ടു നയിക്കുന്നത് പാരന്റ്സിന്റെ 7 സ്വഭാവദൂഷ്യങ്ങളാണെന്നാണ് ഡോ. ടിം എൽമോറിന്റെ അഭിപ്രായം.

1. അപകടങ്ങളെ അഭിമുഖീകരിക്കാൻ അനുവദിക്കുന്നില്ല
ഏതൊരു മൂലയിലും അപകടം പതിയിരിക്കുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. അതുകൊണ്ട് മക്കൾ സ്വന്തമായി ചെയ്യേണ്ട കാര്യങ്ങൾ പോലും പാരന്റ്സ് ചെയ്തു കൊടുക്കുന്നു. അത് മാതാപിതാക്കളുടെ കടമയാണ് എന്നത് ശരിതന്നെ. എന്നാൽ ആരോഗ്യകരമായ റിസ്ക് പോലും ഏറ്റെടുക്കാനനുവദിക്കാതെ മക്കളെ വളർത്തുന്നത് ദോഷഫലമാണ് ഉണ്ടാക്കുക. വീടിനു പുറത്തുപോയി കളിക്കാൻ മക്കളെ അനുവദിക്കാതെ വളർത്തുന്നത്, ഭാവിയിൽ സ്വന്തം കാലിൽ നിൽക്കാൻ അവരെ അപ്രാപ്യരാക്കുകയും അപരിചിതരെ ഭയത്തോടെ കാണാൻ ഇടയാക്കുകയും ചെയ്യുമെന്നാണ് കുട്ടികളുടെ മനഃശാസ്ത്രജ്ഞർ പറയുന്നത്. കളിച്ചു തുടങ്ങുന്ന പ്രായത്തിൽ വീഴ്ചകൾ സാധാരണമാണ്. അവർ വീണു വീണു വീഴാതെ നടക്കാൻ പഠിക്കട്ടെ. എതിർലിംഗത്തിൽപ്പെട്ട കുട്ടികളുമായി കളിക്കുന്നതും അവരിൽ നിന്നും അഭിനന്ദനങ്ങളും ആശ്വാസവാക്കുകളും ലഭിക്കുന്നതും കുട്ടികളിൽ നല്ല സൗഹൃദം വളരാൻ സഹായിക്കും.

2. പെട്ടെന്ന് നൽകുന്ന പരിചരണം
ഇന്നത്തെ തലമുറ മുപ്പതു വയസ്സാകുമ്പോഴേക്കും മാതാപിതാക്കള്‍ ആയിട്ടുണ്ടാകും. അവർ അവരുടെ മാതാപിതാക്കളുടെ ലാളനയിൽ നിന്നും മോചിതരാകാത്ത പ്രായത്തിലാണ് സ്വന്തമായി കുഞ്ഞുങ്ങളെ വളർത്തുന്നത്. അതുകൊണ്ട് തന്നെ സ്വന്തം മക്കളുടെ ആവശ്യങ്ങൾ പെട്ടെന്ന് നിറവേറ്റി കൊടുക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ പെട്ടെന്ന് തന്നെ നൽകുകയും ചെയ്യുന്നു. സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും മക്കളെകൊണ്ട് ചെയ്യിപ്പിക്കാതെ, പറയുന്ന വസ്തുക്കൾ ഉടനെ വാങ്ങിക്കൊടുത്ത്, അനാവശ്യ ആഗ്രഹങ്ങളെ അടക്കിവെക്കാൻ പഠിപ്പിക്കാതെ, ഒന്നു വീണാൽ ഒന്നു കരയാൻ പോലും ഇടനൽകാതെ ഓമനിച്ച് ലാളിച്ച്, സാഹചര്യങ്ങളോട് പ്രതികൂലിച്ച് ജീവിക്കാൻ കഴിവില്ലാത്തവരായി മക്കളെ വളർത്തുകയാണ് ന്യൂജെൻ പാരന്റ്സ് ചെയ്യുന്നതെന്നാണ് മനഃശാസ്ത്രപരമായ വീക്ഷണം.

3. അമിതമായ പുകഴ്ത്തൽ
കുട്ടികൾ എപ്പോഴും അഭിനന്ദനങ്ങളും അംഗീകാരങ്ങളും ഇഷ്ടപ്പെടുന്നവരാണ്. സ്കൂളിൽ പങ്കെടുത്ത ഏതെങ്കിലും ഗ്രൂപ്പ് ഐറ്റത്തിന്, വിജയിക്കുന്ന ടീമിലെ ഓരോ കുട്ടിക്കും സമ്മാനങ്ങൾ നൽകി അദ്ധ്യാപകർ അവരെ ഒരേപോലെ വിലയിരുത്തുമ്പോൾ, മാതാപിതാക്കൾ ‘എന്റെ കുട്ടിക്ക് ട്രോഫി കിട്ടി’ എന്ന് മറ്റുള്ളവരുടെ മുന്നിൽ മേനി പറയുകയാണ് ചെയ്യുന്നത്. ചെറിയ വിജയങ്ങളെ വല്ലാതെ പുകഴ്ത്തുമ്പോൾ, വലിയ വിജയങ്ങൾ നേടേണ്ട സമയം വരുമ്പോൾ കുട്ടികൾ സ്വന്തം കഴിവിൽ അഹങ്കാരമുള്ളവരായി മാറിയിട്ടുണ്ടാകും. ഒപ്പം മത്സരിച്ച കുട്ടികളുടെ പോരായ്മകൾ മക്കളുടെ മുന്നിൽ വച്ച് പറയുന്നതും മാതാപിതാക്കള്‍ ഒഴിവാക്കണം.

4. നന്നായി മുന്നോട്ട് നയിച്ചില്ലെന്ന കുറ്റപ്പെടുത്തൽ
ഓരോ മിനിട്ടിലും മക്കൾ നിങ്ങളെ സ്നേഹിച്ചു കൊണ്ടേയിരിക്കും എന്ന ധാരണയൊന്നും വേണ്ട. അവർക്ക് കിട്ടേണ്ടിയിരുന്ന പല അവസരങ്ങളും മാതാപിതാക്കളായിട്ട് പാഴാക്കിക്കളഞ്ഞുവല്ലോയെന്ന കാര്യത്തിൽ കുട്ടികൾക്ക് തീർച്ചയായും നിരാശയുണ്ടാകും. കൂടുതൽ മക്കളുള്ളപ്പോൾ മുതിർന്ന കുട്ടികളെ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചും പറഞ്ഞും പരിശീലിപ്പിക്കുക. അതിൽ അഭിമാനിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഓരോരുത്തരുടേയും കഴിവിൽ അവരെ അഭിനന്ദിക്കുക, മറ്റു മക്കളെ കഴിവുകെട്ടവരായി കുറ്റപ്പെടുത്താതിരിക്കുക. ചെറിയ സമ്മാനങ്ങൾ നൽകി കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുമ്പോൾ വീണ്ടും നേട്ടങ്ങൾ ഉണ്ടാക്കാൻ മുതിർന്ന കുട്ടികൾക്ക് അത് പ്രോത്സാഹനമാവുകയും താഴെയുള്ളവർക്ക് പ്രചോദനമാകുകയും ചെയ്യും. വലിയ സമ്മാനങ്ങൾ ഓഫർ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.

5. നിങ്ങളുടെ പൂർവ്വകാല തെറ്റുകൾ പങ്കുവയ്ക്കാതിരിക്കുക
കൗമാരക്കാർ പറന്നുയരാൻ ആഗ്രഹിക്കുന്നവരാണ്. സ്വന്തമായി പലതും ചെയ്യാനുള്ള ത്വര അവരിൽ എപ്പോഴുമുണ്ടാകും. ചെറുപ്പത്തിൽ മദ്യപിക്കുകയും പുകവലിക്കുകയുമൊക്കെ ഒരു രസത്തിനുവേണ്ടി ചെയ്തിരുന്നു എന്നൊക്കെ പാരന്റ്സ് നേരമ്പോക്കുകൾ പറയുമ്പോൾ അത് തനിക്കും ആകാമല്ലോ എന്ന തോന്നലായിരിക്കും കുട്ടികളിൽ ഉണ്ടാവുക. മാതാപിതാക്കൾ പണ്ട് ചെയ്ത കുസൃതികളൊക്കെ ഞങ്ങൾ ഇപ്പോ ചെയ്താൽ എന്താ കുഴപ്പം, പാരന്റ്സ് ചോദ്യം ചെയ്യില്ലല്ലോ എന്ന തോന്നലും ഉണ്ടാകും. നിങ്ങളുടെ നല്ല ശീലങ്ങളെ പർവ്വതീകരിച്ച് പറഞ്ഞാലും കുഴപ്പമില്ല, ചീത്തശീലങ്ങളെ വലിയ ഗമയ്ക്കായി പറഞ്ഞ്, സ്വയം കുരുക്കുണ്ടാക്കാതിരിക്കാൻ ശ്രമിക്കുക.

6. ബുദ്ധി സാമർത്ഥ്യമാണ് ‘പക്വത’ എന്ന അബദ്ധധാരണ കുട്ടികള്‍ പക്വതയുള്ളവരാണോ എന്നളക്കുന്നത് മിക്കവാറും അവരുടെ ബുദ്ധിസാമർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ്. തൽഫലമായി മാതാപിതാക്കളും ചിന്തിക്കുന്നത് ലോകത്തിലെ എന്തും നേരിടാൻ തന്റെ മക്കൾ തയ്യാറാണല്ലോ എന്നായിരിക്കും. ഓർമ്മശക്തിയുടെയോ ബുദ്ധിവൈഭവത്തിന്റെയോ മഹത്വത്തിലല്ല കായികതാരങ്ങളും സിനിമാതാരങ്ങളുമൊക്കെ ഉണ്ടായിട്ടുള്ളത്. പഠിക്കുന്നത് മുഴുവൻ ഓർത്തുവച്ച് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്നവരിൽ പക്വത ഉണ്ടായിരിക്കണമെന്നില്ല. അവസരോചിതമായി കാര്യങ്ങൾ ചെയ്യാൻ സമപ്രായത്തിലുള്ള കുട്ടികളെപ്പോലെ തങ്ങളുടെ മക്കൾക്ക് കഴിയുന്നുണ്ടോയെന്നാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്.

7. പ്രബോധനം നടത്തേണ്ട കാര്യമില്ല
കുട്ടികൾ മാതാപിതാക്കളെ അനുകരിച്ചാണ് വളരുന്നത്. മക്കൾ ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യരുത് എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങൾ മാത്രം അവർക്ക് നൽകിയിട്ടോ അനാവശ്യമായ ചിട്ടകളുടെ അടിച്ചേൽപിക്കൽ നടത്തിയിട്ടോ ഫലമുണ്ടാകില്ല. നിങ്ങളിലെ ചീത്തശീലങ്ങൾ അവർ അനുകരിക്കും. നിങ്ങൾ പറയുന്ന അസഭ്യവാക്കുകൾ അവർ തിരിച്ചു പറയും. വഴികാട്ടിയാകേണ്ടവർ വഴിപിഴപ്പിക്കരുത് എന്നാണ് ടിം മാതാപിതാക്കള്‍ക്ക് നൽകുന്ന ഉപദേശം.