സ്മാർട് പേരന്റിങ്: കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ
കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് അടിത്തറ പാകുന്ന പ്രായമാണ് മൂന്നു വയസ്സിനും ഏഴു വയസ്സിനും ഇടയിലുള്ള കാലം. ഈ പ്രായത്തിൽ നാം എങ്ങനെ കുട്ടിയെ കൈകാര്യം ചെയ്യുന്നു എന്നതനുസരിച്ചാണ് കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുന്നത്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന കുറച്ച് ടിപ്സ് പങ്കുവയ്ക്കുകയാണ് സൈക്കളോജിക്കൽ കൗണ്‍സിലറും പഴ്സനാലിറ്റി ഡെവലപ്മെന്റ് സ്കിൽ ട്രെയിനറുമായ ശാരിക സന്ദീപ്. ഇതിനാവശ്യമായ ചില സ്മാർട്ട് പേരന്റിങ് ടിപ്സുകളാണ് ശാരിക ഈ വിഡിയോയിൽ പറയുന്നത്.
ആദ്യമായി കുട്ടികൾക്ക് നാം പകർന്നു നൽകേണ്ടത് ചില മോറല്‍സ് ആന്‍ഡ് വാല്യൂസ് ആണ്. ഇവ കുട്ടിയുടെ വളർച്ചയുടെ ഓരോഘട്ടത്തിലും വളരെ പ്രയോജനം ചെയ്യും. എന്താണു ശരി, എന്താണു തെറ്റ് എന്ന് കുട്ടിക്കു മനസ്സിലാക്കിക്കൊടുക്കാം.
അടുത്തതായി നെഗറ്റീവ് ലേബലിങ് ആണ്. സാധാരണയായി മാതാപിതാക്കൾ ചെയ്യുന്ന ഒരു കാര്യമാണ് കുട്ടിയുടെ മോശം സ്വഭാവത്തെ എടുത്തു കാണിക്കുന്നത്. അവൻ മടിയനാണ്, പിരുപിരുപ്പാണ്, അലസനാണ്.. എന്നിങ്ങനെയൊക്ക കുട്ടിയെ ലേബൽ ചെയ്യുമ്പോൾ അത് കുട്ടിയുടെ മനസ്സിൽ പതിയുകയും അവന്റെ വ്യക്തിത്വ വികസനത്തെ നെഗറ്റീവായി ബാധിക്കുകയും ചെയ്യും. ഒരിക്കലും മാതാപിതാക്കൾ ചെയ്യാൻ പാടില്ലാത്തതാണ് ഈ നെഗറ്റീവ് ലേബലിങ്.
തെറ്റാണെന്നറിയാമെങ്കിലും മാതാപിതാക്കൾ സ്ഥിരമായി ചെയ്യുന്ന മറ്റൊരു കാര്യമാണ് മറ്റു കുട്ടികളുമായുള്ള താരതമ്യം. കുട്ടിയുടെ വ്യക്തിത്വത്തെ ഏറ്റവും മോശമായി ബാധിക്കുന്ന ഒരു കാര്യമാണത്. അതുകൊണ്ട് താരതമ്യം ഒഴിവാക്കി കുട്ടിയുടെ പോസിറ്റീവ് ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
കുട്ടികളുടെ ആത്മവിശ്വാസം ബിൽഡ് െചയ്യുക എന്നതാണ് അടുത്ത കാര്യം. ഓരോ ചെറിയ നല്ല കാര്യം ചെയ്യുമ്പോഴും അവരെ പ്രോത്സാഹിപ്പിക്കുക. ആത്മവിശ്വാസം വ്യക്തിത്വ വികസനത്തിന്റെ ഒരു പ്രധാന ഘടകമാണെന്നോർക്കുക.
കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് നിരവധി കാര്യങ്ങളുണ്ട്. അവയിൽ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ശാരിക ഈ വിഡിയോയിൽ പറയുന്നത്.