`ഈ പുഞ്ചിരികളും ലോകം കാണട്ടെ; ഡൗൺ സിൻഡ്രോം ബാധിച്ച കുരുന്നുകളുടെ ഫോട്ടോഷൂട്ട്
ലൈം ലൈറ്റിന്റെ വെള്ളിവെളിച്ചം അവർക്ക് അന്യമായിരുന്നു. മോണകാട്ടിയുള്ള അവരുടെ കുഞ്ഞിളം ചിരിക്കു പിന്നാലെ ഒരു ക്യാമറ ക്ലിക്കുകളും കടന്നു ചെല്ലില്ലായിരുന്നു. കാരണം വിധി അവർക്ക് സമ്മാനിച്ച വേദന എല്ലാ സന്തോഷങ്ങളില്‍ നിന്നും അവരെ മാറ്റി നിർത്തപ്പെട്ടു. അവരുടെ സന്തോഷങ്ങൾ നാലുതിൽക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങിപ്പോയി. ഡൗൺ സിൻഡ്രോം എന്ന ജനിതക രോഗം ആ കുരുന്നുകൾക്കു നൽകിയ വേദന പറഞ്ഞറിയിക്കുക പ്രയാസം.
പക്ഷേ ഒരു ക്യാമറ ക്ലിക്കുകളും ഒപ്പിയെടുക്കാത്ത അവരുടെ ചിരി കാണാൻ ഒരാളുണ്ടായി. വേദനകൾക്കുള്ളിലും സന്തോഷം കണ്ടെത്തുന്ന അവരുടെ നിഷ്ക്കളങ്കമായ പുഞ്ചിരി അവർ ലോകത്തിനു കാട്ടിക്കൊടുത്തു.
ബെദനി ചെയ്സ് എന്ന വനിതാ ഫോട്ടോ ഗ്രാഫർ ഇന്ന് തന്റെ ക്യാമറയുമായി സെലിബ്രിറ്റികളുടെ പിന്നാലെ പോകാറില്ല. മറിച്ച് ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക രോഗം ബാധിച്ച് കളിചിരികള്‍ നഷ്ടപ്പെടുന്ന ബാല്യങ്ങള്‍ക്കായി തന്‍റെ ക്യാമറയ്ക്കുളളിലൂടെ പ്രചാരണം നടത്തുകയാണ്. ലോകത്തെ ചിന്തിപ്പിച്ച അവരുടെ തീരുമാനത്തിന് പിന്നിൽ വേദനിപ്പിക്കുന്ന ഒരു കഥ ഒളിഞ്ഞു കിടപ്പുണ്ട്.
ഡൗണ്‍ സിന്‍ഡ്രോം നൽകിയ വേദനയും മാനസിക വൈഷമ്യങ്ങളും പേറി ജീവിക്കുന്ന തന്റെ സഹോദരന്റെ ജീവിതമാണ് ലോകത്തിന്റെ കണ്ണു തുറപ്പിച്ച പ്രചാരണത്തിലേക്ക് അവരെ കൊണ്ടു ചെന്നെത്തിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് നടന്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബെദനി ഇപ്പോഴാണ് ലോകത്തോടായി പങ്കുവച്ചത്. അതിനായി ബെദനി തെരഞ്ഞെടുത്തതാകട്ടെ പത്ത് മാതാപിതാക്കളുടെ പത്ത് കുട്ടികളെയാണ്.
ബെദനിയുടെ വിപ്ലവകരമായ ആ തീരുമാനത്തെയും പ്രചാരണത്തെയും പിന്നാലെ ഏറ്റെടുത്തത് ലക്ഷക്കണക്കിനു പേരായിരുന്നു. സ്വാർത്ഥ താത്പര്യങ്ങൾക്കു പിന്നാലെ പോകാത്ത ബെദനിയുടെ ശ്രമത്തെ ലോകമാധ്യമങ്ങൾ വാഴ്ത്തി. ഒരു ഫൊട്ടോഗ്രാഫറും കാണാത്ത ആ കുരുന്ന് ചിരികൾ ലോകത്തിനു മുന്നിൽ മോണകാട്ടി ചിരിക്കുകയാണ്, ബെദനിയുടെ ക്ലിക്കിലൂടെ.