കുട്ടികളെ കാർട്ടൂൺ കാണാൻ അനുവദിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക  Positive, Negative, Effects, Cartoons, Children Children

കുട്ടികളെ കാർട്ടൂൺ കാണാൻ അനുവദിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

'എന്റെ കുഞ്ഞിനെ കൊണ്ട് ആർക്കും ഒരു ശല്യവുമില്ല. കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞാൽ പിന്നെ ഏതെങ്കിലും കാർട്ടൂൺ വച്ച് കൊടുത്താൽ മതി. അതും കണ്ടിരുന്നുകൊള്ളും' ഏറെ ആവേശത്തോടും അഭിമാനത്തോടും കൂടി ഇത്തരത്തിൽ കാർട്ടൂൺ കാണലിനെ മഹത്വവത്‌കരിക്കുന്ന മാതാപിതാക്കളിൽ ഒരാളാണോ നിങ്ങൾ? എന്നാൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം. മിന്നുന്നതെല്ലാം പൊന്നല്ല എന്നപോലെ, കാർട്ടൂണുകളെല്ലാം കുട്ടികൾക്ക് ഗുണം മാത്രമേ ചെയ്യൂ എന്ന ചിന്ത തെറ്റാണ്. കുട്ടികളുടെ പഠനവൈകല്യവും ക്രിയാത്മകതയും ചേർത്ത് കേംബ്രിഡ്ജ് സർവകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നത് കാർട്ടൂൺ ഭ്രമം കുട്ടികളുടെ പഠനത്തിലും പെരുമാറ്റത്തിലും നെഗറ്റിവ് ആയ ചില മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നാണ്. കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്വഭാവം കുട്ടികളുടെ സ്വഭാവത്തെയും സ്വാധീനിക്കുന്നു.

വീട്ടിൽ വളരെ വിനയത്തോടെ പെരുമാറുന്ന കുട്ടി, സ്‌കൂളിൽ എത്തിയാൽ ആകെ പ്രശ്നക്കാരനായി മാറുന്നു. മറ്റുള്ളവരെ ഉപദ്രവിക്കലും ഇടിക്കലും ഒക്കെയാണ് കക്ഷിയുടെ പ്രധാന ഹോബി. കാരണം തിരക്കി ചെന്നപ്പോഴാണ് മറ്റൊരു വസ്തുത ബോധ്യപ്പെട്ടത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു കാർട്ടൂൺ സീരീസിലെ പ്രധാന കഥാപാത്രത്തെ ഭാവനയിൽ കണ്ടുകൊണ്ടാണ് കക്ഷി സ്‌കൂളിൽ അക്രമം അഴിച്ചുവിടുന്നത്. ഇത് ഒരു നിസ്സാര കാര്യമായോ ഒറ്റപ്പെട്ട സംഭവമായോ കാണരുത്. കാർട്ടൂൺ കാണൽ ഒരു കുഞ്ഞിന്റെ സ്വഭാവ രുപീകരണത്തെ ബാധിക്കുന്ന രീതിയാണിത്.

കുഞ്ഞുങ്ങളെ കാർട്ടൂൺ കാണാൻ അനുവദിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
1. കാർട്ടൂർ കഥാപാത്രങ്ങളുടെ സ്വഭാവവും കണ്ടന്റും വളരെ പ്രധാനപ്പെട്ടതാണ്. ആക്രമണ സ്വഭാവമുള്ള കാർട്ടൂണുകളിൽ നിന്നും കുഞ്ഞുങ്ങളെ അകറ്റി നിർത്തുക.

2. ഭാഷാപ്രാവീണ്യം നേടിയെടുക്കുന്നതിന് സഹായിക്കുന്ന രീതിയിലുള്ള കാർട്ടൂണുകൾ കാണിക്കുക

3. പ്രായത്തിൽ കവിഞ്ഞ കാര്യങ്ങൾ പ്രതിപാദിക്കുന്ന കാർട്ടൂണുകൾ ഒഴിവാക്കുക

4. കാർട്ടൂൺ കാണാനെന്നു പറഞ്ഞ് ടിവിക്ക് മുന്നിൽ ചെലവഴിക്കുന്ന സമയത്തിൽ ഒരു ശ്രദ്ധ അനിവാര്യമാണ്. മണിക്കൂറുകൾ ഒരേ ഇരിപ്പിരിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കും

5. അനാരോഗ്യകരമായ രീതിയിൽ കാർട്ടൂൺ കഥാപാത്രങ്ങൾ കുഞ്ഞുങ്ങളെ സ്വാധീനിക്കാൻ അനുവദിക്കരുത്

6. കാർട്ടൂൺ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുക, കിടക്കാൻ പോയാലും കാർട്ടൂൺ ചാനൽ ഓൺ ആക്കി വക്കുക തുടങ്ങിയ കാര്യങ്ങൾ നന്നല്ല. സ്ക്രീനിലെ കൃത്രിമ വെളിച്ചത്തിലേക്കു മണിക്കൂറുകളോളം നോക്കിയിരുന്നാല്‍ കണ്ണിനു പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാവും. കുഞ്ഞുപ്രായത്തില്‍ത്തന്നെ കുട്ടികള്‍ കണ്ണാടി വയ്‌ക്കേണ്ടിവരുന്നതിനു പിന്നിലുള്ള ഒരു കാരണം ഇതാണ്.

7. ഒട്ടുമിക്ക കാർട്ടൂണുകളിലേയും സിനിമകളിലേയും ആകര്‍ഷണീയത അതിസാഹസികതയാണ്. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ ഈ സാഹസികത അനുകരിക്കാന്‍ ശ്രമിക്കുന്നതു വലിയ അപകടങ്ങള്‍ക്കു കാരണമാകും. അതിനാൽ ഇക്കാര്യത്തിൽ ഒരു ശ്രദ്ധ അനിവാര്യമാണ്

8. കാർട്ടൂൺ കാണുന്നത് അത്ര മോശമായ കാര്യമാണെന്നല്ല പറയുന്നത്. കുട്ടികളുടെ ഭാവന വളര്‍ത്താന്‍ പര്യാപ്തമായ ധാരാളം തീമുകള്‍ കാര്‍ട്ടൂണുകളിലുണ്ട്. കുഞ്ഞുങ്ങള്‍ക്കു വളരെ നല്ല ഭാവനകള്‍ ഉണ്ടാക്കിയെടുക്കാനും ഭാവനാപരമായി കാര്യങ്ങള്‍ മനസിലാക്കാനും അതിലൂടെ ക്രിയേറ്റിവിറ്റി വളര്‍ത്തിയെടുക്കാനും ഇത് സഹായിക്കും