കുഞ്ഞുങ്ങൾ

കുഞ്ഞുങ്ങൾ ദൂരെ പോയാൽ അലാറം ശബ്ദിക്കും, ട്രാക്കിങ് ഉപകരണം; കുറിപ്പ്

കാണാതാകുന്ന കുഞ്ഞങ്ങൾ ഇന്ന് തുടർക്കഥയാകുകയാണ്. കുഞ്ഞുങ്ങൾ ഉള്ളവരോട് സാധാരണയായി പറയുന്ന ഒന്നാണ് മക്കളുടെ മേൽ ഒരു കണ്ണ് എപ്പോഴുമുണ്ടാകണമെന്ന്. എന്നാൽ എത്രയൊക്കെ ശ്രദ്ധിച്ചാലും വീണ്ടും ഇതേ കാണാതാകൽ എന്തുകൊണ്ടു സംഭവിക്കുന്നു? നമുക്കിതിനെതിരെ എന്തൊക്കെ ചെയ്യാനാകും? കുട്ടികളുടെ സംരക്ഷണത്തിനായി അത്രയൊന്നും ചിലവില്ലാത്ത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൂടേ എന്ന് ചോദിക്കുകയാണ് പ്രസാദ് പോള്‍ എന്ന വ്യക്തി. ദേവനന്ദ നൽകുന്ന പാഠം എന്ന ആമുഖത്തോടെ എഴുതിയിരിക്കുന്ന കുറിപ്പ് ഒരോ രക്ഷിതാക്കൾക്കുമുള്ളതാണ്

പ്രസാദ് പോളിന്റെ കുറിപ്പ് വായിക്കാം;
'ദേവനന്ദ' നൽകുന്ന പാഠം

എനിക്ക് പ്രായം നൽകിയ പക്വതയില്ലായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം ഞാൻ ഒരു സ്ത്രീയുടെ പല്ല് തല്ലിക്കൊഴിക്കുമായിരുന്നു.

വൈകിട്ട് ഏതാണ്ട് ആറുമണിയോടെ; ചൂടൽപ്പം ശമിച്ചതിനുശേഷം ഞാനും ഭാര്യയും നടക്കാനിറങ്ങിയതായിരുന്നു. ഒരു വീടിന്റെ മുന്നിലെത്തിയപ്പോൾ വിശാലമായി തുറന്നിട്ട ഗേറ്റിനു മുന്നിൽ, നിരന്തരം വാഹനങ്ങൾ പറക്കുന്ന റോഡിന്നരിൽ, ഞങ്ങളെ നോക്കി ഒരു കുഞ്ഞിന് മാത്രം നൽകാവുന്ന ഏറ്റവും നിഷ്ക്കളങ്കമായ ചിരിയോടൊരു പെൺകുഞ്ഞു നിൽക്കുന്നു. ഏകദേശം മൂന്നു - നാല് വയസ്സ് കണ്ടേക്കാം. അവളുടെ ചിരിയുടെ മാസ്മരികതയിൽ ഒരു നിമിഷം നിന്നുപോയ ഞാൻ അവളോട് പേരു ചോദിച്ചു, അവൾ പറഞ്ഞില്ല, പകരം വീണ്ടുമതേ ചിരിമാത്രം.

അവിടെ ആരെയും കാണാഞ്ഞതിനാൽ പെട്ടെന്ന് അപകടം മണത്ത ഞാൻ കുഞ്ഞിനോട് മോൾ അകത്തേയ്ക്കു പൊയ്‌ക്കോ അങ്കിൾ ഗേറ്റടയ്ക്കട്ടെ എന്ന് പറഞ്ഞശേഷം സാവകാശം ഗേറ്റിന്റെ ഒരു പാളി അടച്ചശേഷം രണ്ടാമത്തെ പാളിയിൽ പിടിച്ചപ്പോഴേക്കും വീടിനുള്ളിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങിവന്നു(കുട്ടിയുടെ അമ്മ??? ആയിരിക്കണം).

കടുത്ത ദേഷ്യത്തോടെ ചോദിച്ചു,

ആരാ?, നിങ്ങളെന്താ ഗേറ്റടയ്ക്കുന്നത് ?

എന്റെ ഭാര്യ ചോദിച്ചു, ഈ റോഡിന്നരികിൽ കുഞ്ഞു തനിയെ നിൽക്കുന്നത് കണ്ടതുകൊണ്ടാണ് അടച്ചത് എത്ര വണ്ടികളാണ് ഇതിലെ ചീറിപ്പാഞ്ഞു പറക്കുന്നത്? കുട്ടിയെ ഇങ്ങനെ ശ്രദ്ധിക്കാതെ വിടുന്നത് ശരിയാണോ?

അമ്മ(???) യുടെ മറുപടിയുടൻ വന്നു, എന്റെ കുഞ്ഞിന്റെ കാര്യം നോക്കാൻ എനിക്കറിയാം, നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ കാര്യം നോക്കിയാൽ മതി.

എന്റെ രക്തം തിളച്ചുമറിയാൻ ആരംഭിക്കുന്നതും, മുഖം ചുവക്കുന്നതും കൈതരിക്കാൻ തുടങ്ങിയതുമെല്ലാം നന്നായി മനസ്സിലാക്കിയ ഭാര്യ എന്നോട് പറഞ്ഞു, വാ നമുക്ക് പോകാം. പോകുന്നതിനുമുന്നെ ഞാൻ അവരോടു പറഞ്ഞു, "നാളെ കേൾക്കാൻ തീരെയിഷ്ടമില്ലാത്തൊരു വാർത്തകേൾക്കാനുള്ള മനസ്സില്ലായ്മ കൊണ്ടാണ് ഞാൻ ഗേറ്റടച്ചത്. കുഞ്ഞുങ്ങളെ ശ്രദ്ധിച്ചു വളർത്താനാവില്ലെങ്കിൽ എന്തിനാണ് ഇതിനെയൊക്കെ സൃഷ്ടിക്കുന്നത്?"

അവർ എന്തെങ്കിലും തിരിച്ചു പറയുന്നതിനുമുന്നെ ഭാര്യ എന്റെ കൈപിടിച്ചുവലിച്ചുകൊണ്ടു വേഗം നടന്നു. അവിടുന്ന് അധികദൂരം നടക്കുന്നതിനുമുന്നെ എതിരെ വന്നൊരാൾ ഞങ്ങളോട് പറഞ്ഞു, ഇവിടെ ഒരു പേപ്പട്ടി ഇറങ്ങിയിട്ടുണ്ട്, പത്തുപേരെ കടിച്ചു, എങ്ങോട്ടാണ് ഓടിയതെന്നറിയില്ല, തിരിച്ചു വീട്ടിലേക്ക് പോകുന്നതാണ് നല്ലത് (ആ പേപ്പട്ടി അനേകം പേരെ കടിക്കുകയും, ഒടുവിൽ ആരോ അതിനെ കൊല്ലുകയും ചെയ്തു). ഞങ്ങൾ അന്നത്തെ നടപ്പു നിർത്തി വീട്ടിലേക്ക് മടങ്ങി.

ആ സംഭവത്തിനുശേഷം പിന്നീടാവഴിയുള്ള നടപ്പ് വേണ്ടെന്നു വയ്ക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷമാണ് നാടിനെ അത്യന്തം ദുഃഖത്തിലാക്കിയ 'ദേവനന്ദയുടെ' തിരോധാനം നടന്നത്. എന്തെന്നില്ലാത്ത ദുഃഖം മനസ്സിൽ തളംകെട്ടി നിന്ന ആ സമയത്തു ഞങ്ങൾ ആലോചിച്ചത് എന്തുകൊണ്ടാണ് അമ്മമാർ സ്വന്തം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിൽ ഇത്ര മാത്രം അലംഭാവം കാട്ടുന്നതെന്നായിരുന്നു. ഇതുപോലുള്ള എത്ര സംഭവങ്ങൾ കേട്ടിട്ടും എന്താണ് ഇവരൊക്ക ഒന്നും പഠിക്കാത്തത്?

ഇന്ന് അമ്പതു ലക്ഷം രൂപയുടെ വീട് പണിത്, അതിനു മുന്നിൽ അഞ്ചുലക്ഷം രൂപയുടെ ഗേറ്റും സ്ഥാപിക്കുന്നവർ എന്തുകൊണ്ടാണ് രണ്ടായിരത്തിനും, അയ്യായിരത്തിനുമിടയിൽ രൂപയ്ക്ക് ആമസോണിൽപ്പോലും ലഭ്യമായ child GPS tracking ഡിവൈസുകൾ(വാച്ചു രൂപത്തിലും, ലോക്കറ്റ് രൂപത്തിലുമൊക്കെ കിട്ടും) ഒരു ട്രാക്കിങ് ഉപകരണം വാങ്ങി സ്വന്തം കുഞ്ഞുങ്ങളുടെ കയ്യിലോ, കഴുത്തിലോ അണിയിക്കാത്തത്? ഇങ്ങനെയുള്ള ഉപകരണങ്ങളിൽ വിവിധ ദൂരത്തിലുള്ള സോണുകൾ സെറ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ഉദാഹരണത്തിന്, കുഞ്ഞു വീട്ടിൽനിന്നു പുറത്തിറങ്ങിയാൽ, വീടിനുചുറ്റും നാം സെറ്റ് ചെയ്തിട്ടുള്ള ദൂരത്തിനു വെളിയിൽ പോയാൽ ഒക്കെ അമ്മക്കോ, വീട്ടിലുള്ളവർക്കോ 'അലാം' നൽകാനും, ഫീഡ് ചെയ്തിട്ടുള്ള ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കാനുള്ള ഏർപ്പാടുമുണ്ട്. മാത്രമല്ല, കുഞ്ഞിന്റെ സഞ്ചാരപഥം ലൈവ് മാപ്പിൽ ട്രാക്ക് ചെയ്യാനുമാവും.

അനാവശ്യമായ കാര്യങ്ങൾക്ക് എന്തുമാത്രം പണമാണ് നാം ചിലവാക്കുന്നത്? എന്തുമാത്രം GB ഡേറ്റയാണ് വെറും ചവറുകളായ കാര്യങ്ങൾ കാണാനായി ഉപയോഗിക്കുന്നത്? എന്നിട്ടെന്തേ സ്വന്തം കുഞ്ഞുങ്ങളുടെ സുരക്ഷക്കായി ഏതാനും ആയിരം രൂപ മുടക്കാൻ തയ്യാറാകാത്തത്?

ഒരു മാസം പോത്തും, പന്നിയും, കോഴിയും വാങ്ങുന്ന പണമേ വീടിനു ചുറ്റും ചെറിയൊരു CCTV സിസ്റ്റം സഥാപിക്കുന്നതിന് ആവശ്യമുള്ളൂ എന്നിരിക്കേ, എന്താണ് നാമതിനെക്കുറിച്ചാലോചിക്കാത്തത്?

എന്താ നാട്ടിൽ കുഞ്ഞുങ്ങൾക്ക് ഒരു വിലയുമില്ലെന്നായോ ?

ഇവിടെ ചാനലുകളിലെ സീരിയലുകളുടെ മുന്നിലോ, സമൂഹമാധ്യമങ്ങൾ, വാട്സ്ആപ്പ് തുടങ്ങിയവയുടെ മുന്നിലോ കുത്തിയിരുന്നു സർവ്വതും മറക്കുന്ന അമ്മമാരെ വിളിച്ചിറക്കി ചാട്ടക്ക് അടിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. കാലം മാറിയതും കുഞ്ഞുങ്ങൾ പലതരത്തിലുള്ള ചൂഷണങ്ങൾക്കും ഇരകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന കാര്യം അമ്പതോ, നൂറോ ചാട്ടയടികൾ കൊണ്ട് മാത്രമേ ചില അമ്മമാരെ പഠിപ്പിക്കാനാവുകയുള്ളൂ എന്നാണെന്റെ ശക്തമായ അഭിപ്രായം.

ഓരോ കുഞ്ഞിന്റെയും സുരക്ഷയ്ക്ക് സമൂഹത്തിനും വലിയൊരുത്തരവാദിത്വമുണ്ട്. സ്വന്തം അയൽപക്കത്തുള്ളതോ, പോകുന്ന വഴിയിൽ കാണുന്നതോ ആയിട്ടുള്ള കുഞ്ഞുങ്ങളുടെ മേൽ ഒരു കണ്ണ് വയ്ക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്, അതാരുടെ കുഞ്ഞായാലും.

അതിനെയാണ് മാനുഷിക മൂല്യം, സംസ്ക്കാരമെന്നൊക്ക പറയുന്നത്. അതില്ലാതെ നിങ്ങളെത്രമാത്രം ദൈവത്തെ വിളിച്ചിട്ടും ഒരു പ്രയോജനവുമില്ല. മുൻതലമുറകൾക്ക് അതുണ്ടായിരുന്നത് കൊണ്ടാണ് ഞാനും, നിങ്ങളുമൊക്കെ ഇന്നിവിടെ ജീവിച്ചിരിക്കുന്നത്, അല്ലാതെ നമ്മുടെയൊക്കെ അച്ഛനമ്മമാരുടെ മാത്രം മിടുക്കുകൊണ്ടൊന്നുമല്ലെന്നോർക്കണം.

ദേവനന്ദയെക്കുറിച്ചുള്ള, ഞാൻ കണ്ട പോസ്റ്റുകളിൽ ഏതാണ്ട് നൂറു ശതമാനവും ഇങ്ങനെയായിരുന്നു,

"പ്രാർത്ഥനകൾ വിഫലമായി ദേവനന്ദ വിടപറഞ്ഞു"

കാൽക്കാശിനു പ്രയോജനമില്ലാത്ത, പ്രാർത്ഥനകളല്ല, പകരം നമ്മുടെയൊക്കെ ഓരോ കണ്ണ് ചുറ്റുവട്ടത്തെ കുഞ്ഞുങ്ങളിൽ വയ്ക്കുകയാണ് വേണ്ടത്. ദൈവങ്ങൾക്ക് അവരുടെ നിലനിൽപ്പു തന്നെ സംരക്ഷിക്കാനാവാത്ത കാലത്ത്‌ അവരൊന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനായുണ്ടാവില്ലെന്ന സത്യം ദേവനന്ദയുടെ അനുഭവം തെളിയിക്കുന്നുണ്ട്.

കുഞ്ഞുങ്ങളുള്ളവർ അവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾത്തന്നെ ഒരു നല്ല GPS tracker നെറ്റിൽ നോക്കി ഓർഡർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. പറ്റുമെങ്കിൽ ഒരാഴ്ച പട്ടിണി കിടന്നിട്ടായാലും ഒരു ചെറിയ CCTV സിസ്റ്റവും വീട്ടിൽ സ്ഥാപിക്കണമെന്നും കൂടി അപേക്ഷിക്കുന്നു. ഇനിയുമൊരു കുഞ്ഞിന്റെ വേദന സഹിക്കാൻ പ്രയാസമാണ്.

ഒരു തലമുറയുടെ ഏറ്റവും വിലപ്പെട്ട സമ്പാദ്യം കുഞ്ഞുങ്ങളാണ്