കുഞ്ഞ് രാജകുമാരന് പേരിട്ടു

മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു വില്യം രാജകുമാരനും ഭാര്യയും. അങ്ങനെ ഏപ്രിൽ 23 ന് ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിക്കും ഒരു കുഞ്ഞനുജൻ പിറന്നു. നാടും രാജകുടുംബവും ഒന്നാകെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. പാടിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിൽ ആയിരുന്നു കേറ്റ് മൂന്നാമത്തെ മകന് ജന്മം നൽകിയത്. ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് വില്യമും കേറ്റും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.

കുഞ്ഞുമായി ആശുപത്രിക്ക് പുറത്തെത്തിയ വില്യമും കേറ്റും കുഞ്ഞന്റെ പേര് ഉടൻ പുറത്തുവിടുമെന്ന് പറഞ്ഞിരുന്നു. രാജകുമാരന്റെ പേരിനെ ചൊല്ലി നിരവധി അളുകൾ പല നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്നു. എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ആ പേര് കൊട്ടാരം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നു. എല്ലാ അഭ്യൂഹങ്ങളേയും തെറ്റിക്കുന്നതായിരുന്നു അത്. പ്രിന്‍സ് ലൂയിസ് ആർതർ ചാൾസ് എന്നാണ് ആ കുഞ്ഞുരാജകുമാരന്റെ ഔദ്യോഗിക നാമം. അധികാര ശ്രേണിയിൽ കുഞ്ഞ് ലൂയിസിന് അഞ്ചാം സ്ഥാനമാണുള്ളത്.

വില്യം ആർതർ ഫിലിപ് ലൂയിസ് എന്നാണ് വില്യമിന്റെ മുഴവൻ പേര്, അതിൽ നിന്നാണ് കുഞ്ഞുരാജകുമാരന് പേര് കണ്ടെത്തിയിരിക്കുന്നത്. ജർമൻ പേരായ ലുഡ്​വിങ് എന്നതിന്റെ ഇംഗ്ളീഷ്, ഫ്രഞ്ച് പരിഭാഷയാണ് ലൂയിസ്. 'കീർത്തിമാനായ യുദ്ധവീരൻ' എന്നാണ് ഈ പേരിന്റെ അർഥം.

ബ്രിട്ടീഷ് രാജകുടുബത്തിൽ ലോഡ് മൗണ്ട്ബാറ്റണിന്റെ മുഴവൻ പേര് ലൂയിസ് ഫ്രാൻസിസ് വിക്ടർ നിക്കോളാസ് മൗണ്ട്ബാറ്റണെന്നാണ്. ഇതിൽ നിന്നാകാം ലൂയീസ് എന്ന പേര് ലഭിച്ചത്. ബ്രിട്ടീഷ് രാജകുടുബത്തേക്കാൾ ലൂയിസ് എന്ന പേര് ഫ്രഞ്ച് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫ്രഞ്ച് രാജവംശത്തിൽ ഈ പേരുള്ള 18 രാജാക്കൻമാർ ഉണ്ടായിട്ടുണ്ട്.

സാധാരണ രാജകുടുംബത്തിൽ കുഞ്ഞ് ജനിച്ച് രണ്ടോ മൂന്നോ മാസത്തിനകം മാമോദീസാ ചടങ്ങ് നടത്താറാണ് പതിവ്. ആറ് ഗോഡ് പേരന്റ്സ് ആണ് ഇവർക്കുണ്ടാകുക. ജോർദാൻ നദിയിലെ വിശുദ്ധ ജലമാണ് മാമോദീസാ കർമത്തിന് ഉപയോഗിക്കുന്നത്. കുഞ്ഞ് ലൂയൂസിന്റെ മാമോദീസയ്ക്കായി കാത്തിരിക്കുകയാണ് രാജകുടുബവും നാട്ടുകാരും.