ഡയാന, നിങ്ങളവർക്ക് കരുതലിന്റെ മഹാറാണിയായിരുന്നു!

‘എന്റെ ആദ്യ പരിഗണന കുട്ടികളാണ്. എനിക്കു നൽകാവുന്ന പരമാവധി സ്നേഹവും കരുതലും ശ്രദ്ധയും ഞാൻ അവർക്കു കൊടുക്കും’ - ഇത് ഡയാന രാജകുമാരിയുടെ വാക്കുകളാണ്. രാജകുടുംബത്തിന്റെ ചില ചട്ടക്കൂടുകളെ തകർത്തെറിഞ്ഞെങ്കിലും ചാൾസ് രാജകുമാരനുമൊത്തുള്ള വിവാഹ ബന്ധം വിജയകരമായിരുന്നില്ലെങ്കിലും മക്കളുടെ കാര്യത്തിൽ ഡയാന യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. 21 വർഷം മുൻപ് പാരിസിൽ വച്ച് ഒരു കാർ അപകടത്തിൽ അവർ കൊല്ലപ്പെട്ടെങ്കിലും ഇന്നും അവരുടെ ഓർമകൾ ദീപ്തമാണ്.

1997 സെപ്റ്റംബർ ആറിന് അമ്മയുടെ ശവമഞ്ചത്തിനരികെ വേദനയോടെ നിൽക്കുന്ന ആ കുഞ്ഞു രാജകുമാരൻമാരുടെ ചിത്രം ലോകത്തെയാകെ സങ്കടത്തിലാക്കി. എപ്പോഴൊക്കെ അമ്മയെക്കുറിച്ചു സംസാരിക്കേണ്ടി വന്നിട്ടുണ്ടോ, അപ്പോഴൊക്കെ ആ രാജകുമാരൻമാരുടെ ശബ്ദത്തിൽ അഭിമാനമുണ്ടായിരുന്നു. രാജകുടുംബത്തിലെ ഡയാനയുടെ ജീവിതം അത്ര രസകരമല്ലായിരുന്നെങ്കിലും മക്കളെ അവർ കരുതലോടെ വളർത്തി. അവർക്ക് എല്ലാത്തിലും വലുത് വില്യമും ഹാരിയുമായിരുന്നു.

പലപ്പോഴും വില്യം തന്റെ കുട്ടികളുമൊത്തു പോകുമ്പോൾ അവരുടെ കൈകൾ ചേർത്തു പിടിച്ച്, അവരിലൊരാളായി മാറുന്നതു കാണാം. അതുപോലെ കുട്ടികളുമായി സംസാരിക്കുമ്പോഴും കുനിഞ്ഞോ മുട്ടിൽനിന്നോ അവർക്കഭിമുഖമായി നിൽക്കും. കുട്ടികളുമായോ അസുഖ ബാധിതരുമായോ സംസാരിക്കുമ്പോൾ ഡയാനയും ഇങ്ങനെയായിരുന്നു. വലിയ പരിപാടികളിൽ പങ്കെടുക്കുമ്പോൾ കുട്ടികൾ ഒറ്റപ്പെട്ടു പോകുന്നതായി തോന്നാതിരിക്കാനും അവരെയും പരിഗണിക്കുന്നു എന്നറിയിക്കാനുമായിരുന്നു ഡയാന ഇങ്ങനെ പെരുമാറിയിരുന്നത്. വില്യമിനെയും ഹാരിയെയും എന്നും ചേർത്തു നിർത്താനും അവർ ശ്രദ്ധിച്ചിരുന്നു. രാജകുടുംബത്തിൽ ആരും അതുവരെ അങ്ങനെയൊരു കരുതൽ കുട്ടികളോടു കാട്ടിയിരുന്നില്ല.

തങ്ങളുടെ അമ്മയുടെ പേരന്റിങ് രീതികളെക്കുറിച്ച് വില്യമും ഹാരിയും അഭിമാനത്തോടെ മാത്രമേ സംസാരിക്കാറുള്ളൂ. ഡയാനയുടെ ഈ രീതികളാണ് വില്യം പിൻതുടരുന്നത്. ഒരു കുടുബ ചിത്രമെടുക്കുന്നതിനിടെ മകനോടു കുനിഞ്ഞുനിന്നു സംസാരിച്ചതിന് വില്യമിന് എലിസബത്ത് രാജ്ഞിയിൽനിന്നു വഴക്കുപോലും കിട്ടിയിട്ടുണ്ട്. മറ്റു രാജകുടുബാംഗങ്ങളിൽനിന്നു വ്യത്യസ്തമായി അമ്മ ഒരു സാധാരണക്കാരിയും തമാശകളും സന്തോഷങ്ങളും ഇഷ്ടപ്പെട്ടിരുന്ന ആളുമായിരുന്നെന്ന് വില്യം പറയുന്നു. രാജകൊട്ടാരത്തിന്റെ മതിലുകൾക്കപ്പുറത്ത് ഒരു ലോകമുണ്ടെന്നു തങ്ങളെ പഠിപ്പിച്ചത് അമ്മയാണെന്നും വില്യം ഓർക്കുന്നു.

രാജകുടുബത്തിലെ ചിട്ടകൾക്കു വിപരീതമായി കുട്ടികളെ യാത്രകൾക്കും പാർക്കുകളിലുമൊക്കെ കൊണ്ടുപോയിരുന്നു ഡയാന. കുട്ടികളുമൊത്ത്, അവരേക്കാൾ ചെറിയ കുട്ടിയായി പാർക്കിലെ റൈഡുകൾ ആസ്വദിക്കുന്ന ഡയാന രാജകുമാരിയുടെ ചിത്രങ്ങൾ പ്രശസ്തമാണ്. സന്നദ്ധ പ്രവർത്തനങ്ങളും ജീവകാരുണ്യ പദ്ധതികളുമായി, ആ അമ്മ പകർന്നു കൊടുത്ത നന്മകൾ ഇന്നും കെടാതെ സൂക്ഷിക്കുന്നുണ്ട് ആ രാജകുമാരൻമാർ.