"ഇവൻ എനിക്ക് ഇനി മകനെ പോലെ"; രജനി

അവൻ മടക്കി നൽകിയത് അൻപതിനായിരം രൂപ മാത്രമല്ല, ലോകത്തിനു മാതൃകയാക്കാവുന്ന സത്യസന്ധതയുടെ ഗുണപാഠമാണ്. മുഹമ്മദ് യാസിൻ എന്ന ഏഴുവയസുകാരനെ തേടി സാക്ഷാൽ രജനീകാന്ത് വരെ എത്തി. അഭിനന്ദനം കൊണ്ട് മൂടിയ രജനി അവനെ ചേർത്ത് നിർത്തി പറഞ്ഞു. ഇവൻ എനിക്ക് ഇനി മകനെ പോലയാണ്. ഇവനെ ഞാൻ പഠിപ്പിക്കും. ഇവന്റെ വിദ്യാഭ്യാസത്തിന്റെ പൂർണചെലവും ഞാൻ വഹിക്കും. എന്തു പഠിക്കണമെന്ന് അവൻ തീരുമാനിക്കട്ടെ. രജനിയുടെ വാക്കുകൾ.

പട്ടിണിയുടെയും ദാരിദ്രത്തിന്റെയും പടുകുഴിയിൽ ജീവിക്കുകയാണ് മുഹമ്മദ് യാസിൻ എന്ന ബാലൻ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഈ രണ്ടാംക്ലാസ് വിദ്യാർഥിക്ക് പണമടങ്ങിയൊരു ബാഗ് കിട്ടിയത്. വീട്ടിലെ പട്ടിണിയും കഷ്ടപ്പാടുമൊന്നും അവന്റെ ഒാർമയിൽ വന്നില്ല. ഇത് തനിക്ക് അവകാശപ്പെട്ടതല്ല. നഷ്ടപ്പെട്ട പണത്തെ ഒാർത്ത് എവിടെയോ യഥാർഥ അവകാശി വിഷമിക്കുന്നുണ്ടാകും.

ആ ചിന്തയാണ് യാസിന്റെ മനസിലൂടെ കടന്നുപോയത്. അവൻ പണമടങ്ങിയ ബാഗ് തന്റെ ക്ലാസ് ടീച്ചറെ ഏൽപ്പിച്ചു. അൻപതിനായിരം രൂപ ആ ബാഗിലുണ്ടായിരുന്നു. പിന്നീട് അധ്യാപകർ തന്നെ യാസിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി.