'ഉള്ളിലെ സ്നേഹം തിരിച്ചറിഞ്ഞത് അവൾ കാരണം' റാണി
"എന്റയുള്ളിലെ സ്നേഹം തിരിച്ചറിയാൻ കഴിഞ്ഞത് അവളുണ്ടായതിന് ശേഷമാണ്. അമ്മമാർക്ക് ജന്മം നൾകുന്നത് മക്കളാണ്. അവളാണ് എന്നിലെ അമ്മയ്ക്ക് ജന്മം നൾകിയത്" റാണി മുഖർജിയുടെ ഈ വാക്കുകളിൽ തന്നെയുണ്ട് മകൾ ആദിറ എത്രമാത്രം ആ അമ്മയെ സ്വാധീനിക്കുന്നുണ്ടെന്ന്. റാണി മകളെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും പറയുന്ന വാക്കുകൾ ഓരോ അമ്മമാരും മനസിൽ പലവുരു പറഞ്ഞതു തന്നെയാണ്.
'മാതൃത്വം ഒരാളിൽ വളരെ പോസിറ്റീവായ മാറ്റങ്ങൾ വരുത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ പോസിറ്റീവായ ഒരു മാറ്റം തന്നെയായിരുന്നു. എന്റെ ഉള്ളിൽ ഇത്രമാത്രം സ്നേഹമുണ്ടെന്ന് ഞാൻ മനസിലാക്കിയതിന് കാരണം അവളാണ്. തന്നെക്കാൾ അധികമായി മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമെന്ന് മനസിലായത് ആദിറ ജനിച്ചതിന് ശേഷമാണ്. ആദിറയ്ക്കൊപ്പമുള്ള ഓരോ ദിവസവും പുതിയ കാര്യങ്ങൾ ഞാൻ പഠിക്കുകയാണ് ' റാണി പറയുന്നു.
ആദിറയുടെ ഏറ്റവും വലിയ സവിശേഷത എന്നത്, തനിക്ക് വേണ്ടതെന്താണെന്ന് അവൾക്ക് നന്നായിട്ട് അറിയാം, മകളിൽ നിന്ന് പഠിക്കുന്ന പാഠവും അതുതന്നെയാണെന്ന് റാണി പറയുന്നു. ഒരു കുഞ്ഞിന് ജന്മം നൽകുകയെന്നത് ഒരു വിസ്‌മയം തന്നെയാണ്, എല്ലാ അമ്മമാരും തന്നെപ്പോലെ തന്നെയാവും ചിന്തിക്കുക.
കല്ല്യാണവും കുഞ്ഞിന്റെ ജനനവുമൊക്കെയായി സിനിമയിൽ നിന്നും അല്പം വിട്ടു നിന്നെങ്കിലും തന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങുകയാണ് റാണി മുഖർജി. എന്നാൽ സിനിമാ ഷൂട്ടിങ്ങിനിടെ മകള്‍ക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാതിരുന്നതിൽ അതീവ ദു:ഖിതയാണവർ.
മകളെ വീട്ടിലാക്കി പോരുമ്പോൾ തീർച്ചയായും തനിക്ക് ആശങ്കയുണ്ടെന്നു പറയുന്നു റാണി. പക്ഷേ അമ്മയായെന്നു കരുതി പ്രഫഷനോടു ഗുഡ്ബൈ പറയാൻ താരം ഒരുക്കമല്ല. ഭർത്താവിന്റെയും കുടുംബത്തിന്റെയും ഒപ്പം താൻ ജോലി ചെയ്യുന്ന ചുറ്റുപാടിൽ നിന്നുള്ള പിന്തുണയുമൊക്കെ ജോലിക്കാരിയായ അമ്മ എന്ന നിലയിൽ തന്നെ ഏറെ സഹായിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നു റാണി.
''ആദിറയെ തനിച്ചാക്കി പോരുമ്പോൾ തീർച്ചയായും ഉള്ളിലൊരു വിഷമമുണ്ട്, കാരണം ഇതവൾക്കൊരു പുതിയ അന്തരീക്ഷമാകും. ചിലപ്പോഴൊക്കെ അവൾക്കെന്നെ കാണാനും കഴിയില്ല, ജോലിക്കാരായ എല്ലാ അമ്മമാരും നേരിടുന്ന ധര്‍മ്മ സങ്കടമാണ് ഇത്''
2015 ഡിസംബർ 9 നാണ് ആദിറ ജനിച്ചത്. അന്ന് തൊട്ട് അവളെ മാധ്യമങ്ങളിൽ നിന്നും അകറ്റി നിർത്താൻ റാണിയും ഭർത്താവ് ആദിത്യ ചോപ്രയും ശ്രമിച്ചിരുന്നു. സാധാരണ കുട്ടികളെപ്പോലെ തന്നെ ആദിറയും വളരണം എന്ന തീരുമാനമാണ് അതിനു പിന്നിലെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു.