കൊച്ചുകുട്ടികൾക്ക് അപകടം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
വിവരങ്ങൾക്കു കടപ്പാട്: ഡോ. പി.വീണ, ശിശുരോഗ വിദഗ്ധ
∙ കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കരുത്. അപകടകരമല്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ മാത്രം കുട്ടികളെ കളിക്കാൻ അനുവദിക്കുക. കളിക്കുമ്പോൾ മുതിർന്ന ഒരാളുടെ മേൽനോട്ടം വേണം
∙ കുളിമുറിയിൽ വെള്ളം നിറച്ച ബക്കറ്റിനരുകിൽ കുഞ്ഞിനെ നിർത്തരുത്.
∙ ചെറിയ മുത്തുകൾ, കല്ലുകൾ, ബട്ടൺസ്, വിത്തുകൾ ഇവ സൂക്ഷിക്കണം
∙ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിഴുങ്ങാനോ വീഴാനോ സാധ്യതയുള്ള കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് നൽകരുത്. ലോഹനിർമിതമായവ ഒഴിവാക്കണം. ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കളിപ്പാട്ടങ്ങൾ നൽകരുത്.
∙ ടിവി, റേഡിയോ ടേബിൾഫാൻ ഭാരമുള്ള വസ്തുക്കൾ തുടങ്ങിയ കുട്ടികളുടെ കയ്യെത്തും ഉയരത്തിൽ സൂക്ഷിക്കരുത്. മേശവിരിയിൽ പിടിച്ച് ഇത്തരം വസ്തുക്കൾ താഴെയിടാതിരിക്കാനുള്ള മുൻകരുതലെടുക്കണം.
∙ അടുപ്പിന്റെ അരികിൽ നിന്നു മാറ്റിനിർത്തണം. ചൂടു വസ്തുക്കൾ പാത്രങ്ങളിലേക്ക് പകർത്തുമ്പോഴും പകർത്തി സൂക്ഷിക്കുമ്പോഴും സൂക്ഷിക്കണം
∙ റോഡിലോ റോഡിനു സമീപത്തോ ടെറസിലോ കളിക്കാൻ അനുവദിക്കരുത്
∙ വീടിനു സമീപമുള്ള കുളങ്ങൾക്കും കിണറുകൾക്കും ഉയരമുള്ള സംരക്ഷണ ഭിത്തി കെട്ടുക. കിണറുകൾ ഇരുമ്പുവല കൊണ്ട് മൂടുന്നതാണ് നല്ലത്.
∙ മൂർച്ചയുള്ള ആയുധങ്ങൾ, ചുറ്റിക, ആണി, പിൻ തുടങ്ങിയ സാധനങ്ങൾ കുട്ടികളുടെ കളിയിടങ്ങളിലോ സമീപത്തോ ഇല്ലെന്ന് ഉറപ്പുവരുത്തണം. കത്തി, ബ്ലേഡ് പോലുള്ളവ കുട്ടികൾക്ക് കളിക്കാൻ നൽകരുത്.
∙ സ്വിച്ച് ബോർഡുകളും പ്ലഗ് ബോർഡുകളും കുട്ടികൾക്ക് കൈ എത്തിപ്പിടിക്കാൻ കഴിയുന്നതാവരുത്. ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളിൽ തൊടാതിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾക്ക് വൈദ്യുതാഘാതമേൽക്കാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തണം.
∙ തോടുകളും പുഴകളും വീടിന്റെ തൊട്ടടുത്തുണ്ടെങ്കിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം
∙ ടേബിളിനു മുകളിൽ കൊച്ചു കുഞ്ഞുങ്ങളെ തനിയെ ഇരുത്തരുത്.
∙ കുട്ടികളുള്ള വീട്ടിൽ സൂചി, സേഫ്ടി പിൻ മുതലായവ അലക്ഷ്യമായി ഉപേക്ഷിക്കരുത്.
∙ ഗുളികകൾ, മരുന്നുകൾ, തീപ്പെട്ടി, ലൈറ്റർ, മണ്ണെണ്ണ തുടങ്ങിയവയും കൈ എത്താത്ത തരത്തിൽ സൂക്ഷിക്കണം. കീടനാശിനികളോ അവയുടെ കവറോ എടുക്കാൻ ഇടയുള്ളിടത്ത് വയ്ക്കരുത്.