അവധിക്കാലയാത്ര അത്ര നിസാരമല്ല!,  Vacation trips, Parents, Effets on Children, Effets on Children, Manorama Online

അവധിക്കാലയാത്ര അത്ര നിസാരമല്ല!

അവധിക്ക് സ്കൂൾ പൂട്ടിയാലുടൻ അടുത്ത ചർച്ച അവധിക്കാലയാത്ര എങ്ങോട്ടുവേണമെന്നാണ്. യഥാർഥത്തിൽ വെറും നേരംപോക്കിനപ്പുറം ഇത്തരം യാത്രകൾക്ക് എന്തെങ്കിലും കാര്യമുണ്ടോ? ഉണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അവധിക്കാല യാത്രകൾ കുട്ടികളെ സ്ന്തോഷിപ്പിക്കുക മാത്രമല്ല മിടുക്കരാക്കുകയും ചെയ്യുന്നുണ്ടത്രെ. തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും അവധിയാത്രകൾ സഹായകമാണ്. കാരണം തലച്ചോറിലെ ലിംബിക് ഏരിയയിലുള്ള രണ്ട് ഭാഗങ്ങളെ കളിയുടെയും അന്വേഷണത്തിന്റെയും ഭാഗങ്ങളെ, ഇത്തരം ഉല്ലാസയാത്രകൾ ഉത്തേജിപ്പിക്കുന്നുണ്ട്.

മണലിലൂടെ ഒാടിതിമിർക്കുമ്പോഴും ഇക്കിളിയിട്ടു ചിരിപ്പിക്കുമ്പോഴും ഒാടിച്ചാടി നടക്കുമ്പോഴുമെല്ലാം കളിയുടെ ഭാഗം (പ്ലേ സിസ്റ്റം) ഉത്തേജിക്കപ്പെടുന്നു. സാഹസികരെപ്പോലെ ട്രെക്കിങ് നടത്തുമ്പോഴും ബീച്ചുകളിലും ഉല്ലാസകേന്ദ്രങ്ങളിലും കാഴ്ചകൾ കണ്ടു നടക്കുമ്പോഴും അവനിലെ അന്വേഷകൻ (സീക്കിങ് സിസ്റ്റം) ഉണർത്തപ്പെടുന്നു. വാഷിങ്ടൺ സ്േറ്ററ്റ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സയന്റിസ്റ്റായ ജാക്ക് പാൻസ്കേപ്പ് ആണ് കുട്ടികളുടെ തലച്ചോറിലെ ഈ രണ്ട് ഭാഗങ്ങളേക്കുറിച്ച് കണ്ടെത്തിയത്. ഈ കേന്ദ്രങ്ങൾ ഉത്തേജിക്കപ്പെടുന്നതോടെ ഒാക്സിടോസിനുകളും ഡോപമിനുകളും പോലുള്ള രാസത്വരകങ്ങളും ഉൽപാദിപ്പിക്കപ്പെടും. അവ മനസ്സിനെ സംഘർഷമുക്തമാക്കും. മനസ്സിനെ തികച്ചും ഊഷ്മളമാക്കും. ഈ രണ്ടു ഭാഗങ്ങളും പേശികളെ പോലെയാണ്. എത്രയധികം നമ്മളവയെ ഉത്തേജിപ്പിക്കുന്നുവോ അത്രയധികം തീവ്രമായി അവ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാകും.

പ്രകൃതിയിൽ വെറും 20 മിനിറ്റ് ചെലവഴിക്കുന്നതു പോലും കുട്ടികളുടെ ശ്രദ്ധ വർധിപ്പിക്കും. ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കുകയും പിരിമുറുക്കം അയയ്ക്കുകയും നിരീക്ഷണബുദ്ധിയും പ്ലാനിങും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് ഒരർഥത്തിൽ കുട്ടികളുടെ ഐക്യു കൂടി മെച്ചപ്പെടാൻ ഇടയാക്കും. ഇനി കുട്ടികളെയും കൊണ്ട് യാത്ര പോകുമ്പോൾ ഒാർക്കുക. ഉല്ലാസയാത്രകൾ വെറും പാഴ്ചിലവല്ല. നിങ്ങളുടെ കുട്ടിയുടെ ഭാവിയെ കൂടുതൽ തെളിച്ചമുള്ളതാക്കാനും വിജയകരമാക്കാനും സഹായിക്കുന്ന ഇന്ധനമാണ്.

Summary : Vacation trips, Parents, Effets on Children